കേരളം നടുങ്ങിയ ഷാരോൺ രാജ് വധക്കേസിൽ ശിക്ഷാ വിധി ഇന്ന്.ഒന്നാം പ്രതി ഗ്രീഷ്മ , മൂന്നാം പ്രതി ഗ്രീഷ്മയുടെ അമ്മാവൻ നിർമലകുമാരൻ നായർ എന്നിവർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി വെറുതെ വിട്ടിരുന്നു. പ്രതികൾക്ക് പറയാനുള്ളതും കൂടി കേട്ട ശേഷമായിരിക്കും നെയ്യാറ്റിൻകര അഡീഷനൽ സെഷൻസ് കോടതി ശിക്ഷാവിധി പ്രഖ്യാപിക്കുക. ഗ്രീഷ്മയ്‌ക്കെതിരെ കൊലപാതകം, വിഷം കൊടുത്തു, പൊലീസിനെ തെറ്റിദ്ധരിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളെല്ലാം തെളിഞ്ഞു. അമ്മാവൻ നിർമല കുമാരൻ നായർക്കെതിരെ തെളിവു നശിപ്പിച്ചതിനാണ് കുറ്റക്കാരനെന്നുള്ള കോടതി വിധി. 2022 ഒക്ടോബർ 14-ന് ഷാരോൺ രാജിനെ ഗ്രീഷ്മ വിഷം കലർത്തിയ കഷായം നൽകി കൊലപ്പെടുത്തിയെന്നാണ് കേസ്. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഒക്ടോബർ 25-നാണ് ഷാരോൺരാജ് മരിച്ചത്.
കേരള മനസാക്ഷിയെ ഞെട്ടിച്ച ഷാരോൺരാജ് വധക്കേസ് സമാനതകളില്ലാത്തതാണ്. ഷാരോണിനെ ജീവിതത്തിൽ നിന്ന് ഒഴിവാക്കാൻ കാമുകി ഗ്രീഷ്മ നടത്തിയ ക്രൂര കൊലപാതകതകം ഞെട്ടലോടെയാണ് കേരളം കേട്ടത്.2022 ഒക്ടോബർ 25. തിരുവന്തപുരം മെഡിക്കൽ കോളജിലെ ഐസിയുവിൽ ഷാരോൺ രാജ് മരണത്തിന് കീഴങ്ങി. പതിനൊന്ന് ദിവസം മുൻപ് ഒക്ടോബർ 14-നാണ് അവശനിലയിൽ ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്നേദിവസം ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി നൽകുകയായിരുന്നു.
ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്മ ശ്രമിച്ചിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ആദ്യം ജ്യൂസിൽ പാരസെറ്റാമോൾ കലർത്തി നൽകി. ജ്യൂസ് ചലഞ്ച് എന്ന് പറഞ്ഞായിരുന്നു മരുന്നു കലർത്തി നൽകിയത്. എന്നാൽ, അന്ന് ഷാരോൺ രക്ഷപ്പെട്ടു.രണ്ടാമത്തെ ശ്രമത്തിൽ ഗ്രീഷ്മ വിജയിച്ചു. മജിസ്ട്രേറ്റിന് നൽകിയ മരണമൊഴിയിൽ പോലും ഷാരോൺ ഗ്രീഷ്മയെക്കുറിച്ച് ഒന്നും പറഞ്ഞില്ല. പക്ഷേ, അച്ഛനോടും സുഹൃത്തിനോടും ഗ്രീഷ്മ ചതിച്ചെന്ന് വെളിപ്പെടുത്തി.
ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമ്മൽ കുമാർ എന്നിവരുടെ സഹായത്തോടെ ഗ്രീഷ്മ ഷാരോണിനെ കൊലപ്പെടുത്തി എന്നാണ് കേസ്. ആദ്യം പാറശാല പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. 2022 ഒക്ടോബർ 30-ന് ഗ്രീഷ്മയേയും ബന്ധുക്കളേയും അന്വേഷണ സംഘം ചോദ്യം ചെയ്തു. ആറുമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ഗ്രീഷമയുടെ കുറ്റസമ്മതം. ഒക്ടോബർ 31-ന് അറസ്റ്റ് രേഖപ്പെടുത്തി.