ഷാരോൺ കേസില്‍ പ്രതി ഗ്രീഷ്മക്ക് ലഭിച്ച വധശിക്ഷ മേല്‍ക്കോടതിയില്‍ നിലനില്‍ക്കാന്‍ സാധ്യത കുറവാണെന്ന അഭിപ്രായവുമായി അഭിഭാഷകര്‍. ഇത് അധിക ശിക്ഷയാണെന്നും ഗ്രീഷ്മയെ ആത്മഹത്യയിലേക്ക് തള്ളി വിടുന്ന സമ്മര്‍ദം ഷാരോണ്‍ ഒരുക്കിയത് കോടതി പരിഗണിക്കേണ്ടിയിരുന്നെന്നും  ഹൈക്കോടതി റിട്ട ജസ്റ്റിസ് കെമാല്‍ പാഷ അഭിപ്രായപ്പെട്ടു.  ഷാരോൺ കേസിലെ വിധിയിലൂടെ ഏറ്റവും ഗുണം ലഭിക്കാൻ പോകുന്നത് പ്രതി ഗ്രീഷ്മക്ക് തന്നെയാണെന്ന് സുപ്രീംകോടതി അഭിഭാഷകന്‍ ശ്രീജിത്ത് പെരുമനയും അഭിപ്രായപ്പെട്ടു.  

ഷാരോൺ കേസിലെ പ്രതിക്ക് വധശിക്ഷ വിധിച്ചെങ്കിലും ഗ്രീഷ്മയെ തൂക്കി കൊല്ലാൻ സാധിക്കില്ലെന്നാണ് ശ്രീജിത്ത് പെരുമന ഫെയ്സ്ബുക്കില്‍ കുറിച്ചു. വിചാരണകോടതി വിധി ആദ്യത്തെ അപ്പീൽ കോടതിയിൽത്തന്നെ ദുർബലപ്പെടുമെന്ന് ഉറപ്പാണ്. വിഷം നൽകിയുള്ള  കൊലപാതകം സ്നേഹത്തിന്‍റെ പേരിലാണ് എന്നതുകൊണ്ടോ, ആന്തരികവയവങ്ങൾ നശിച്ചു എന്നതുകൊണ്ടോ  അപൂർവ്വങ്ങളിൽ അപൂർവ്വമാകുന്നില്ല.  അക്ഷരാർഥത്തിൽ ഈ വധശിക്ഷ വിധിയിലൂടെ ഏറ്റവും ഗുണം ലഭിക്കാൻ പോകുന്നത് പ്രതി ഗ്രീഷ്മക്കാണ്. ഹൈകോടതി ആദ്യ പരിഗണനയിൽത്തന്നെ വധശിക്ഷ സ്റ്റേ ചെയ്യും പിന്നീട് ജീവപര്യന്തം എന്നതിലേക്ക് വന്നാലും സുപ്രീംകോടതിയിലെത്തുമ്പോള്‍ കുടുതല്‍ ഇളവുകള്‍ ലഭിക്കാനും  സാധ്യതയുണ്ട്. സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാണോ വിചാരണക്കോടതി വിധിയെന്നതില്‍ സംശയമുണ്ടെന്നും ശ്രീജിത്ത് പെരുമന പറയുന്നു.

ഈ പെണ്‍കുട്ടിക്ക് 24 വയസേ ഉള്ളൂ. പക്വതക്കുറവുണ്ട്. പാകതക്കുറവുള്ളതുകൊണ്ടാണ് ഇത്തരത്തിലൊരു ബന്ധത്തില്‍പ്പെട്ടുപോയതെന്നും ഹൈക്കോടതി റട്ടയേര്‍ഡ് ജസ്റ്റീസ് കെമാല്‍പാഷ പ്രതികരിച്ചു. ബന്ധത്തില്‍ നിന്ന് ഒഴിവാകാന്‍ മറ്റ് മാര്‍ഗമില്ലാത്തതുകൊണ്ടാണ്  ഇത്തരത്തിലൊരു കൃത്യം ചെയ്തത്. 

പയ്യന്‍റെ കയ്യില്‍ ഗ്രീഷ്മയുടെ ചിത്രങ്ങളും ദൃശ്യങ്ങളുമെല്ലാമുണ്ട്. അതുകാട്ടി ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും മൊഴിയുണ്ട്. കസ്റ്റഡിയിലിരിക്കെ  ഈ കുട്ടി  ലൈസോള്‍ എടുത്ത് കുടിച്ച് ആശുപത്രിയിലായിട്ടുണ്ട്. ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ട്. ഗ്രീഷ്മ മരിച്ചുപോയാലോ എന്ന് കരുതി മജിസ്ട്രേറ്റ് ചെന്നിട്ട് അന്ന് മൊഴി രേഖപ്പെടുത്തിയതാണെന്നും കെമാല്‍ പാഷ പ്രതികരിച്ചു.  ഇത് അധിക ശിക്ഷയാണെന്ന വാദമാണ് അദ്ദേഹവും ഉന്നയിക്കുന്നത്. 

പ്രതി നടത്തിയത് ആസൂത്രിത കുറ്റകൃത്യമാണെന്നും പ്രായം കുറവാണെന്നതോ ക്രിമിനല്‍ പശ്ചാത്തലമില്ലെന്നതോ കണക്കിലെടുക്കാന്‍ കഴിയില്ലെന്നും വ്യക്തമാക്കിയാണ് ജഡ്ജി എ.എം ബഷീര്‍ വധശിക്ഷ വിധിച്ചത്. ഗ്രീഷ്മയ്ക്ക് തൂക്കുകയറിന് പുറമെ തട്ടിക്കൊണ്ട് പോകലിന് 10 വര്‍ഷവും അന്വേഷണം വഴി തെറ്റിച്ചുവിടാന്‍ ശ്രമിച്ചതിന് അഞ്ച് വര്‍ഷവും കോടതി ശിക്ഷ വിധിച്ചു. തെളിവുനശിപ്പിച്ച ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മലകുമാരന്‍ നായര്‍ക്ക് മൂന്നുവര്‍ഷം തടവാണ് ശിക്ഷ.

ENGLISH SUMMARY:

Lawyers oppose the judgment in the Sharon murder case. Supreme Court lawyer Sreejith Perumana criticized the court verdict awarding death sentence to first accused Greeshma in the Sharon murder case in Parassala. He opined that she cannot be hanged and that the Sharon case is not the rarest of the rare.