കണ്ണൂർ പരിയാരം മെഡിക്കൽ കോളജിൽ ചികിത്സാ പിഴവ് നടന്നെന്ന് പരാതി. കണ്ണൂർ പെരിങ്ങോത്തെ ശ്രീജു - രേവതി ദമ്പതികളുടെ 25 ദിവസം പ്രായമുള്ള കുഞ്ഞിന്റെ തുടയിൽ ചികിത്സാ പിഴവ് മൂലം സൂചി കുടുങ്ങിയെന്നാണ് പരാതി. രക്ഷിതാവിന്റെ പരാതിയിൽ കുട്ടിയെ പരിശോധിച്ച ഡോക്ടർക്കും നഴ്സിംഗ് സ്റ്റാഫിനുമെതിരെ പൊലീസ് കേസെടുത്തു
2024 ഡിസംബർ 24 ന് ജനിച്ച പെൺകുട്ടിക്ക് വാക്സിനേഷൻ നൽകുന്നതിനിടെ സൂചി തുടയിൽ കുടുങ്ങിയെന്നാണ് പരാതി. സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്കിടെയാണ് 25 ദിവസത്തിന് ശേഷം 3.7 സെന്റീ മീറ്റർ നീളമുള്ള സൂചി കണ്ടെത്തിയത്. ഇതിനിടെ രണ്ട് തവണ മെഡിക്കൽ കോളജിൽ എത്തിയെങ്കിലും കുഞ്ഞിനെ ആവശ്യമായ രീതിയിൽ പരിശോധിച്ചില്ലെന്നും പരാതിയുണ്ട്. നിയമ നടപടിയുമായി മുന്നോട്ടുപോകാനാണ് കുടുംബത്തിന്റെ തീരുമാനം.
കുഞ്ഞിനെ പരിശോധിച്ച ഡോക്ടർ,നഴ്സിങ് സ്റ്റാഫ് എന്നിവർക്കെതിരെ ഭാരതീയ ന്യായ സംഹിത 125 എ പ്രകാരമാണ് പരിയാരം പൊലീസ് കേസെടുത്തത്. ആരോഗ്യ വകുപ്പിന്റെ നിർദേശപ്രകാരം രൂപീകരിച്ച നാലംഗ സമിതിയുടെ അന്വേഷണവും സമാന്തരമായി നടക്കുന്നുണ്ട്. അന്വേഷണം പൂർത്തിയാകാതെ വീഴ്ച സംഭവിച്ചോ എന്ന് പറയാനാകില്ലെന്നാണ് മെഡിക്കൽ കോളജ് അധികൃതരുടെ നിലപാട്