മാനന്തവാടി പ്രിയദര്‍ശിനി എസ്റ്റേറ്റിന് സമീപം കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ആദിവാസി സ്ത്രീ രാധ ക്രിക്കറ്റ് താരം മിന്നുമണിയുടെ ബന്ധു. പഞ്ചാരക്കൊല്ലി സ്വദേശി രാധയാണ് കൊല്ലപ്പെട്ടത്. മിന്നുവിന്‍റെ അമ്മാവന്‍ അച്ചപ്പന്‍റെ ഭാര്യയാണ് രാധ. രാധയുടെ വേര്‍പാടില്‍ നടുക്കവും വേദനയുമെന്ന് മിന്നു ഫെയ്സ്ബുക്കില്‍ കുറിച്ചു. ആക്രമകാരിയായ കടുവയെ എത്രയും വേഗം പിടികൂടി പ്രദേശത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു

Read Also: കടുവയെ കൊല്ലും; രാധയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നല്‍കും; മന്ത്രി
 

തണ്ടര്‍ ബോള്‍ട്ട് സംഘമാണ്  തല വേര്‍പ്പെട്ട നിലയില്‍ രാധയുടെ മൃതദേഹം കണ്ടത്. വനംവകുപ്പ് വാച്ചറുടെ ഭാര്യയാണ് രാധ. തോട്ടത്തില്‍ കാപ്പിക്കുരു പറിക്കാന്‍ പോയപ്പോഴായിരുന്നു കടുവയുടെ ആക്രമണം. ആക്രമിച്ച കടുവ കാട് കയറിയോ എന്ന് വ്യക്തമല്ലാത്തതിനാല്‍ ജാഗ്രത വേണമെന്ന് വനംവകുപ്പ് അറിയിച്ചു. അതേസമയം കടുവയെ വെടിവയ്ക്കാന്‍ ഉത്തരവിറങ്ങി.  മയക്കുവെടിവച്ച് പടികൂടാനാണ് ആദ്യശ്രമം. ഇല്ലെങ്കില്‍ വെടിവച്ച് കൊല്ലും.  വിവിധ ജില്ലകളിലെ വെറ്ററിനറി ഡോക്ടര്‍മാരോട് വയനാട്ടിലെത്താന്‍ നിര്‍ദേശം നല്‍കി.  സ്ഥലത്ത് നാട്ടുകാരുടെ വന്‍ പ്രതിഷേധമാണ് അരങ്ങേറിയത്. സ്ഥലത്തെത്തിയ മന്ത്രി ഒ.ആര്‍.കേളുവിനെ നാട്ടുകാര്‍ തടഞ്ഞു.  നാളെ ഞങ്ങളേയും കൊല്ലില്ലേ എന്ന് തൊഴിലാളികള്‍ മന്ത്രിയോട് ചോദിച്ചു.  

കടുവയെ നരഭോജിഗണത്തില്‍പ്പെടുത്തി  വെടിവച്ചുകൊല്ലുമെന്ന ഉറപ്പിന് പിന്നാലെയാണ്  മന്ത്രി ഒ.ആര്‍.കേളുവിനെതിരായ പ്രതിഷേധം നാട്ടുകാര്‍ അവസാനിപ്പിച്ചത്. തൊഴിലാളികള്‍ക്ക് നാളെമുതല്‍ ആര്‍.ആര്‍.ടി സംഘത്തിന്‍റെ സംരക്ഷണം നല്‍കും. കൊല്ലപ്പെട്ട രാധയുടെ കുടുംബത്തിന് പതിനൊന്നുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും. ഇതില്‍  ഇന്നുതന്നെ അഞ്ചുലക്ഷം നല്‍കുമെന്നും മന്ത്രി പറഞ്ഞു

പഞ്ചാരക്കൊല്ലിയിലെ ആക്രമണം അപ്രതീക്ഷിതമെന്ന് ഡി.എഫ്.ഒ മനോരമ ന്യൂസിനോട് പ്രതികരിച്ചു. മേഖലയില്‍ കടുവയുള്ളതായി സ്ഥിരീകരിച്ച് ഒരു ഘട്ടത്തില്‍ കൂട് സ്ഥാപിച്ചതാണെന്നും ഡി.എഫ്.ഒ പറഞ്ഞു. രാധയുടെ മരണത്തില്‍ പ്രിയങ്ക ഗാന്ധി ദുഃഖം രേഖപ്പെടുത്തി. വന്യജീവി പ്രശ്നത്തിന് ശാശ്വത പരിഹാരം വേണമെന്നു പ്രിയങ്ക ആവശ്യപ്പെട്ടു. 

ENGLISH SUMMARY:

Cricketer Minnu Mani's relative killed in tiger attack