കൊല്ലപ്പെട്ട ടി.പി.ചന്ദ്രശേഖരന്‍റെയും കെ.കെ.രമ എംഎല്‍എയുടേയും മകന്‍ അഭിനന്ദിന് ഇന്ന് വിവാഹം. സിപിഎം സംസ്ഥാന സെക്രട്ടറി അടക്കമുള്ള നേതാക്കളെയും മന്ത്രിമാരെയും കെ.കെ. രമ വിവാഹത്തിന് ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ ആരൊക്കെ പങ്കെടുക്കുമെന്ന് വ്യക്തമല്ല.
അഭിനന്ദിന്‍റെ കൈ പിടിക്കാന്‍ ഇനി റിയ ഹരീന്ദ്രന്‍. ചാത്തമംഗലം സ്വദേശിയാണ് വധു. കാരണവരായി ഒഞ്ചിയത്തെ ടിപി വീട്ടില്‍ കെ.കെ. രമ എംഎല്‍എയുണ്ട്. അതിഥികളെ സ്വീകരിക്കുന്ന തിരക്കിലാണവര്‍.
ടിപി ചന്ദ്രശേഖരന്‍ ഉണ്ടായിരുന്നുവെങ്കില്‍ എത്രത്തോളം മനോഹരനിമിഷമാകുമായിരുന്നു ഇതെന്ന് കെകെ രമ അടുത്ത സുഹൃത്തുക്കളോട് പറയുന്നുണ്ട്. കണ്‍കോണില്‍ കണ്ണീരിന്‍റെ നനവ് ഒളിപ്പിച്ച് അവര്‍ ചിരിക്കാന്‍ ശ്രമിക്കുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ അടക്കമുള്ള നേതാക്കളെ നേരിട്ടുകണ്ട് ക്ഷണിച്ചതാണ്. ടിപിയോട് ഏറെ അടുപ്പം ഉണ്ടായിരുന്ന മുഴുവന്‍ നേതാക്കളെയും സഖാക്കളെയും ക്ഷണിച്ചുവെങ്കിലും ചിലരെ മനപൂര്‍വം ഒഴിവാക്കിയിട്ടുണ്ടെന്നും കെ.കെ. രമ പറയുന്നു. മുഖ്യമന്ത്രിയുടെ ഓഫിസിലും കെ.കെ. രമ കത്ത് നല്‍കിയിട്ടുണ്ട്. എന്നും ചേര്‍ത്ത് നിര്‍ത്തിയിട്ടുള്ള വി.എസ്. അച്യുതാനന്ദന്‍ അനാരോഗ്യം കാരണം വിവാഹത്തിനെത്തില്ലെന്ന വിഷമം ഇവരുടെ മനസിലുണ്ട്. 2012 മെയ് നാലിന് ടിപി കൊല്ലപ്പെടുമ്പോള്‍ അഭിനന്ദിന് പ്രായം വെറും 17. അതിന് ശേഷം ഇന്നോളം നിയമ, രാഷ്ട്രീയ പോരാട്ട വഴിയിലായിരുന്നു കെ.കെ. രമയും മകനും.