TOPICS COVERED

ഒരുതുള്ളി ഭൂഗർഭജലം പോലും പാലക്കാട് എലപ്പുള്ളിയിലെ മദ്യനിർമാണ ശാലയ്ക്കായി എടുക്കില്ലെന്ന് മന്ത്രി എം.ബി.രാജേഷ്.  ആവശ്യമായ വെള്ളം മലമ്പുഴയിൽ നിന്നും മഴവെള്ള സംഭരണിയിൽ നിന്നുമായിരിക്കും ശേഖരിക്കുക. ആയിരങ്ങൾക്ക് തൊഴിൽ കിട്ടുന്ന സംരംഭം മുടക്കാൻ ശ്രമിക്കരുതെന്നും കർണാടകയിലെ സ്പിരിറ്റ് ലോബിക്ക് വേണ്ടിയാണ് പ്രതിപക്ഷം ഇല്ലാക്കഥകൾ മെനയുന്നതെന്നും എം.ബി.രാജേഷ് പാലക്കാട് പറഞ്ഞു. 

എത്ര സമ്മർദമുണ്ടായാലും പദ്ധതിയിൽ നിന്നും സർക്കാർ പിന്നോട്ടില്ലെന്ന നിലപാടിലായിരുന്നു മന്ത്രി. കേരളത്തിലേക്ക് സ്പിരിറ്റ് എത്തിക്കുന്ന കർണാടകയിലെ വനിതാ മന്ത്രിയുടെ ഉടമസ്ഥതതയിലുള്ള കമ്പനിക്ക് വേണ്ടിയാണ് പ്രതിപക്ഷം സംസാരിക്കുന്നത്. ബി.ജെ.പി നേതാവിൻ്റെ കീഴിലുള്ള കമ്പനിയും കേരളത്തിലേക്ക് സ്പിരിറ്റ് എത്തിക്കുന്നുണ്ട്.

മലബാർ ഡിസ്ലലീറിസിനെ വികസിപ്പിക്കാൻ ശ്രമിക്കുന്നില്ലെന്ന ആരോപണം തെറ്റാണെന്നും രണ്ടിനെയും വ്യത്യസ്ത പദ്ധതികളായി കാണണമെന്നും രാജേഷ്. കഴിഞ്ഞ ഫെബ്രുവരിയിൽ തന്നെ പദ്ധതിയെക്കുറിച്ച് എലപ്പുള്ളി പഞ്ചായത്തിനെ അറിയിച്ചിരുന്നതാണെന്നു എക്സൈസ് മന്ത്രി പറഞ്ഞു. കിൻഫ്രയ്ക്ക് വ്യവസായ ആവശ്യത്തിനായി കൊടുക്കാൻ ധാരണയായ പത്ത് ദശലക്ഷം വെള്ളമല്ലാതെ ഒയാസിസ് കമ്പനിക്ക് നേരിട്ട് വെള്ളം നൽകാനാവില്ലെന്നും കിൻഫ്രയ്ക്ക് മലമ്പുഴയിൽ നിന്നും വെള്ളം കൊടുത്താൽ കുടിവെള്ള പദ്ധതിയെ ബാധിക്കില്ലെന്നും ജല അതോറിറ്റി അറിയിച്ചു.

ENGLISH SUMMARY:

Groundwater Will Not Be Extracted for Distillery, Says Minister M.B. Rajesh