വയനാട് പഞ്ചാരക്കൊല്ലിയിലെ ജനവാസമേഖലയില്‍ വീണ്ടും കടുവയെ കണ്ടു. നൗഫല്‍ എന്നയാളുടെ വീടിനു സമീപത്താണ് കടുവയെ കണ്ടത്. ഇന്നലെ ആക്രമണമുണ്ടായ സ്ഥലത്തിനുസമീപമാണ് കടുവയെ കണ്ടത് . സ്ഥലത്ത് എ.എസ്.പിയുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് വിന്യാസം. തേയിലത്തോട്ടത്തില്‍ തിരച്ചില്‍ തുടരുന്നു. പ്രദേശത്തെ ആളുകളെ ഒഴിപ്പിച്ചു. നാട്ടുകാര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കി.
Read Also: നരഭോജിക്കടുവയെ കൊല്ലണമെന്ന് നാട്ടുകാര്‍; ചര്‍ച്ചയ്ക്കു കലക്ടര്‍ എത്തിയില്ല; പ്രതിഷേധം
നേരത്തെ വനം വകുപ്പിനെതിരെ ശക്തമായ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയിരുന്നു. രാധയെ കൊന്ന കടുവയെ വെടിവച്ചു കൊല്ലണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. അതെ സമയം കടുവയെ ആദ്യം പിടികൂടട്ടെ എന്ന നിലപാടിലാണ് വനം വകുപ്പ്.
രാവിലെ 11.15 ഓടെ രാധയുടെ സംസ്കാരം കഴിഞ്ഞയുടനെയാണ് വനം വകുപ്പിന്റെ ബേസ് ക്യാമ്പിലേക്ക് നാട്ടുകാർ പ്രതിഷേധവുമായി എത്തിയത്. കടുവയെ മയക്കുവെടി വച്ച് പിടികൂടുകയല്ല, കൊല്ലുകയാണ് വേണ്ടതെന്നായിരുന്നു നാട്ടുകാരുടെ നിലപാട്. സി സി എഫ് കെ എസ് ദീപയെയും ഡി എഫ് ഒ മാർട്ടിൻ ലോവലിനെയും നാട്ടുകാർ ഉപരോധിച്ചു
ഉച്ചയോടെ സമവായ ചർച്ചകൾക്ക് ജില്ല കളക്ടർ എത്തുമെന്ന ഉറപ്പിൽ പ്രതിഷേധം ശമിച്ചു. മൂന്ന് മണിക്ക് ജില്ല കലക്ടർ ഡി ആർ മേഖ ശ്രീ എത്തുമെന്ന് പറഞ്ഞിട്ട് എത്താത്തതിനാൽ നാല് മണിയോടെ വീണ്ടും നാട്ടുകാരുടെ പ്രതിഷേധം.
ഒടുവിൽ ചർച്ചയ്ക്കായി എ ഡി എം കെ ദേവകി എത്തിയതോടെ പ്രതിഷേധം അവസാനിച്ചു. അതിനിടെ വെറ്ററിനറി സർജൻ അരുൺ സക്കറിയ പഞ്ചാരക്കൊല്ലിയിൽ എത്തി കടുവ സാന്നിധ്യമുള്ള ഇടങ്ങൾ സന്ദർശിച്ചു. രാധയെ കൊന്ന പഞ്ചാര കൊല്ലിയിലെ കാട്ടിലുണ്ട് കടുവ. ക്യാമറയിൽ ചിത്രങ്ങൾ വ്യക്തം. കൂടുതൽ പരിശോധന നടത്തിയാൽ കടുവ സഞ്ചരിക്കുകയും പിടി കൂടുന്നത് ദുഷ്കരമാകുമെന്നുമാണ് വനം വകുപ്പിന്റെ കണക്കു കൂട്ടൽ. അതു കൊണ്ടു കൂട്ടിലാക്കാനാണ് ആദ്യ ശ്രമം.
പ്രതിഷേധം കനക്കുന്നതിനിടെ വനം മന്ത്രി എ കെ ശശീന്ദ്രൻ നാളെ വയനാട്ടിലെത്തും. പതിനൊന്ന് മണിക്ക് കലക്ട്രേറ്റിൽ ഉന്നതതല യോഗ ചേർന്ന് കടുവ ദൗത്യത്തിന്റെ പുരോഗതി വിലയിരുത്തും.