കോഴിക്കോട് തിക്കോടിയില്‍ ബീച്ചിലിറങ്ങിയ രണ്ടുസ്ത്രീകളടക്കം നാലുപേര്‍ തിരയില്‍പെട്ട് മരിച്ചു. കൽപ്പറ്റയില്‍ എത്തിയ വിനോദസഞ്ചാര സംഘത്തില്‍പെട്ട ആറുപേരാണ് അപകടത്തില്‍പെട്ടത് . രണ്ടുപേരെ നാട്ടുകാര്‍ രക്ഷിച്ചു.
കല്‍പറ്റ സ്വദേശികളായ അനീസ, ബീനിഷ്, വാണി, ഫൈസല്‍ എന്നിവരാണ് മരിച്ചത്. ബോഡി ഷേപ്പ് ഫിറ്റ്നസ് ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്ന 25 അംഗസംഘം രാവിലെയാണ് കോഴിക്കോട് എത്തിയത്. അകലാപ്പുഴയില്‍ ബോട്ടിങ് നടത്തിയ ശേഷമാണ് മൂന്നുമണിയോടെ തിക്കോടി ഡ്രൈവിങ് ബീച്ചിൽ എത്തുന്നത്. ബാക്കിയുള്ളവര്‍ വണ്ടിയില്‍ തന്നെ ഇരുന്നപ്പോള്‍ അനീസയടക്കം ആറുപേര്‍ ബീച്ചിലിറങ്ങി. ഇതിനിടയിലാണ് തിരയില്‍പെട്ടത് .
വേലിയിറക്ക സമയത്ത് കടൽ ഉൾവലിഞ്ഞപ്പോള്‍ മുന്നോട്ട് നീങ്ങിയ ഇവരെ തിരയെടുക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് രണ്ടുപേരെ രക്ഷപെടുത്തിയത്. മറ്റുള്ളവരെയും പിന്നീട് കരയ്ക്കെത്തിച്ചെങ്കിലും ആശുപത്രിയിലെത്തും മുമ്പെ മരിച്ചു. ബീച്ചിൽ കൃത്യമായ സുരക്ഷാസംവിധാനങ്ങൾ ഇല്ലായിരുന്നുവെന്ന ആക്ഷേപവും ഉയരുന്നുണ്ട്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹങ്ങള്‍ പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം കല്‍പറ്റയിലേക്ക് കൊണ്ടുപോകും.
എല്ലാവരും കൈ കോര്‍ത്താണ് കടലില്‍ ഇറങ്ങിയതെന്നു തിരയില്‍നിന്ന് രക്ഷപെട്ട ജിന്‍സി മനോരമ ന്യൂസിനോട് പറഞ്ഞു. വെയിലായതിനാല്‍ സംഘത്തിലെ മറ്റുള്ളവര്‍ ബീച്ചില്‍ ഇറങ്ങിയില്ല. ബീച്ചില്‍ ഇറങ്ങിയപ്പോള്‍ കടല്‍ ഉള്‍വലിഞ്ഞു. പിന്നാലെ തിര ആഞ്ഞടിക്കുകയായിരുന്നെന്നും ജിന്‍സി ഓര്‍ത്തെടുത്തു.