വയനാട് പഞ്ചാരക്കൊല്ലിയിലെ ജനങ്ങളുടെ പ്രതിഷേധത്തെ എതിര്‍ത്തിട്ടില്ലെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍ . രാഷ്ട്രീയപ്രേരിതം എന്നു പറഞ്ഞത് പ്രതിപക്ഷനേതാവിന്റെ യാത്രയെക്കുറിച്ചാണ്. കടുവയെ കൊല്ലാനുള്ള ഉത്തരവിനു ശേഷമാണ് പഞ്ചാരക്കൊല്ലിയില്‍ എത്തിയത്. ജനങ്ങള്‍ക്ക് ഒപ്പമുണ്ടാകുമെന്ന് ഉറപ്പുനല്‍കുന്നു. കോടതിയില്‍ എന്തെങ്കിലും വന്നാല്‍ അപ്പോള്‍ നോക്കാം. ഇന്നത്തെ പ്രതിഷേധങ്ങളില്‍ നാട്ടുകാര്‍ക്കെതിരെ കേസെടുക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മന്ത്രിയുടെ ഉറപ്പില്‍ പ്രതിഷേധം അവസാനിപ്പിക്കാന്‍ നാട്ടുകാര്‍ തീരുമാനിച്ചു.
Read Also: വയനാട്ടില്‍ മന്ത്രിയ്ക്കു നേരെ ജനരോഷം; ഗോ ബാക്ക് മുദ്രാവാക്യവും കൂക്കുവിളിയും
നേരത്തെ സ്ഥലത്തെത്തിയ മന്ത്രിയ്ക്കു നേരെ നാട്ടുകാര്‍ വന്‍പ്രതിഷേധം അരങ്ങേറിയിരുന്നു. മരിച്ച രാധയുടെ വീട്ടിലേക്ക് തിരിച്ച വനംമന്ത്രിയെ നാട്ടുകാര്‍ തടഞ്ഞു. പൊലീസ് സുരക്ഷയില്‍ വീട്ടിലെത്തിയ ശശീന്ദ്രന്‍ വനം വകുപ്പിൽ രാധയുടെ മകന് താൽക്കാലിക നിയമന ഉത്തരവ് നല്‍കി. കലക്ടറേറ്റിലെ അവലോകന യോഗത്തിനു ശേഷമാണ് മന്ത്രി ശശീന്ദ്രൻ പഞ്ചാരക്കൊല്ലിയിലേക്ക് പുറപ്പെട്ടത്. രാധയുടെ വീടിനു സമീപം പ്രദേശവാസികൾ മന്ത്രിയെ തടഞ്ഞു
നൂറുകണക്കിനാളുകൾ റോഡിൽ തമ്പടിച്ചു. മന്ത്രിയെ ഗോ ബാക്ക് വിളിച്ചും കൂകി വിളിച്ചും ജനരോഷം. രാധ ആക്രമിക്കപ്പെട്ടത് കാട്ടിൽ ആണെന്ന പ്രസ്താവന പിൻവലിച്ചു മന്ത്രി മാപ്പു പറയണമെന്നും കടുവയെ വെടിവെച്ചു കൊല്ലാനുള്ള ഉത്തരവ് ഇന്നു തന്നെ നൽകണമെന്നുമായിരുന്നു നാട്ടുകാരുടെ ആവശ്യം
പ്രദേശത്ത് വൻ പൊലീസ് സന്നാഹം ഏർപ്പെടുത്തിയിരുന്നെങ്കിലും ജനങ്ങളെ പിന്തിരിപ്പിക്കാനായില്ല. മണിക്കൂറോളം മന്ത്രി പ്രതിഷേധച്ചൂടറിഞ്ഞു. ശേഷം രാധയുടെ വീട്ടിലെത്തി.
രാധയുടെ മൂത്ത മകന് വനം വകുപ്പിൽ താൽകാലിക നിയമനം നൽകി, ഉത്തരവ് കുടുംബത്തിനു കൈമാറി. സന്ദർശനത്തിൽ ആശ്വാസമെന്ന് കുടുംബം മനോരമ ന്യൂസിനോട് പ്രതികരിച്ചു
സന്ദർശന ശേഷവും മന്ത്രിയെ തടയാനായിരുന്നു നാട്ടുകാരുടെ ശ്രമം. എന്നാൽ ചർച്ചയാകാം, പരിഹാരമാകാം എന്ന ഉറപ്പിൽ മന്ത്രിയെ പോകാനനുവദിച്ചു. ഗസ്റ്റ് ഹൗസിലെ ചർച്ചക്കൊടുവിൽ നാട്ടുകാരുടെ ആവശ്യങ്ങൾ അംഗീകരിച്ചു. കടുവയെ വെടിവെച്ചു കൊല്ലാൻ ഉത്തരവ് നൽകിയെന്നും രാഷ്ട്രീയ പ്രേരിതമെന്ന് താൻ പറഞ്ഞത് വിഡി സതീശന്റെ യാത്രയെപ്പറ്റിയാണെന്നും മന്ത്രി വിശദീകരിച്ചു
മന്ത്രിയുടെ ഉറപ്പിൽ നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചു. പിരിഞ്ഞു പോയി. കടുവയെ ഉടൻ പിടികൂടിയില്ലെങ്കിൽ പ്രതിഷേധം കടുപ്പിക്കുമെന്നാണ് നാട്ടുകാരുടെ മുന്നറിയിപ്പ്..