ബാലരാമപുരത്ത് ദേവേന്ദു എന്ന രണ്ടുവയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്നത് അമ്മാവന്‍ ഹരികുമാറാണെന്ന് പൊലീസ് ഉറപ്പിച്ചു. അമ്മാവനെ കൂടാതെ മറ്റാര്‍ക്കെങ്കിലും പങ്കോ അറിവോ ഉണ്ടോയെന്ന അന്വേഷണത്തിലേക്കാണ് പൊലീസ് കടന്നിരിക്കുന്നത്. ദേവേന്ദുവിന്‍റെ അമ്മയും തന്‍റെ സഹോദരിയുമായ ശ്രീതുവിനോടുള്ള വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് മൊഴി. അതിനാല്‍ ഇവര്‍ തമ്മിലുള്ള വൈരാഗ്യത്തിന്‍റെ യഥാര്‍ത്ഥ കാരണം ചികയുകയാണ് പൊലീസ്. അതില്‍ പ്രധാനമാകുന്നത് ഇരുവരും തമ്മിലുള്ള വാട്സാപ് ചാറ്റുകളാണ്.
ശ്രീതുവും രണ്ട് മക്കളും അമ്മയും അച്ഛനും കഴിയുന്ന വീട്ടില്‍ തന്നെയാണ് സഹോദരന്‍ ഹരിയും കഴിഞ്ഞിരുന്നത്. പല ദിവസങ്ങളിലും ജോലിക്കൊന്നും പോകാറുണ്ടായിരുന്നില്ല. പുറത്ത് അധികം ആരോടും സംസാരിക്കാത്ത പ്രകൃതമായിരുന്നു. കൂടുതല്‍ സമയവും വീട്ടില്‍ തന്നെ കഴിയും. ഒരേ വീട്ടില്‍ കഴിയുന്ന ശ്രീതുവും ഹരിയും തമ്മില്‍ ദിവസവും ഒട്ടേറെ വാട്സാപ് ചാറ്റുകള്‍ നടത്തി.
ഇരുവരും തമ്മിലുള്ള വാട്സാപ് ചാറ്റുകളില്‍ പലതും വോയിസ് മെസേജുകളാണ്. പകലും രാത്രിയുമെല്ലാം മെസേജുകള്‍ അയച്ചിട്ടുണ്ട്. ഭൂരിഭാഗവും ഡിലീറ്റ് ചെയ്ത അവസ്ഥയിലാണ്. കൊലപാതകത്തിന് ശേഷം ഡിലീറ്റ് ചെയ്തവയല്ല. ഓരോ മെസേജും അയച്ച് കഴിഞ്ഞ് അധികം വൈകാതെ ഡിലീറ്റ് ചെയ്യും. ഹരിയ്ക്ക് എഴുതാനും വായിക്കാനും അറിവില്ല എന്നതാകാം വോയിസ് മെസേജുകള്‍ അയക്കാന്‍ കാരണമെന്നും പൊലീസ് വ്യക്തമാക്കുന്നു.
അയക്കുന്ന മെസേജുകള്‍ എന്തിനാണ് വേഗം ഡിലീറ്റ് ചെയ്യുന്നത് എന്നതിലാണ് പൊലീസിന് സംശയം. അതുകൊണ്ട് അവ മുഴുവന്‍ വീണ്ടെടുക്കാനുള്ള നടപടി തുടങ്ങി. അവ ലഭിക്കുന്നതോടെ ഇവര്‍ തമ്മിലുള്ള വൈരാഗ്യത്തിന്‍റെ കാരണം വ്യക്തമാകുമെന്ന് പൊലീസ് കരുതുന്നു.