മണാലിയില്‍ മകള്‍ക്കൊപ്പം വിനോദയാത്രക്ക് പോയ കോഴിക്കോട് കുറ്റ്യടി സ്വദേശിനി നഫീസുമയെ അധിക്ഷേപിച്ച കാന്തപുരം വിഭാഗം നേതാവ് ഇബ്രാഹിം സഖാഫി പുഴക്കാട്ടിരിയ്ക്ക് മറുപടിയുമായി മകള്‍. ഭര്‍ത്താവ് മരിച്ച സ്ത്രീക്ക് ലോകം കാണാന്‍ അവകാശമില്ലേ എന്നാണ് ചോദ്യം. വിധവയ്ക്ക് ലോകം കാണാന്‍ വിലക്കുള്ളതായി അറിയില്ല. പണ്ഡിതന്‍ തകര്‍ത്തത് ഒരു കുടുംബത്തിന്റെ സമാധാനമാണ്. ഉമ്മാന്‍റെ കണ്ണുനീരിന് പണ്ഡിതന്‍ സമാധാനം പറയേണ്ടി വരുമെന്നും മകള്‍ ജിഫ്ന മനോരമ ന്യൂസിനോട് പറഞ്ഞു.
25 വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ച വല്യുമ്മ പ്രാര്‍ഥനയുമായി മുറിയില്‍ കഴിയേണ്ടതിന് പകരം അന്യദേശത്ത് മഞ്ഞുവാരികളിക്കാന്‍ പോയെന്നായിരുന്നു പുരോഹിതന്‍റെ വിമര്‍ശനം. പ്രസ്താവനയ്ക്കെതിരെ സമൂഹ മാധ്യമങ്ങളിലും വിമര്‍ശനം രൂക്ഷമാണ്.
‘ഭര്‍ത്താവ് മരിച്ച വല്യുമ്മ ഏതെങ്കിലും മൂലയിലിരുന്ന് സ്വലാത്തും ദിഖ്‌റും ചൊല്ലുന്നതിനു പകരം ഏതോ അന്യസംസ്ഥാനത്തേക്ക് മഞ്ഞില്‍ കളിക്കാന്‍ പോയി' എന്നതായിരുന്നു പ്രഭാഷണത്തില്‍ പണ്ഡിതന്‍ വിമര്‍ശിച്ചത്. ഈ വിഡിയോ അതിവേഗം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. പിന്നാലെ നഫീസുമ്മക്ക് സമൂഹത്തിന്‍റെ നാനാതുറകളില്‍ നിന്നുമുള്ളവര്‍ പിന്തുണയുമായി എത്തി.ഒരു പ്രമുഖ പണ്ഡിതൻ ഒരു പ്രഭാഷണത്തിലൂടെ തകർത്തത് ഒരു കുടുംബത്തിന്റെ സമാധാനമാണ്. എന്തിന് വേണ്ടിയാണോ ആർക്ക് വേണ്ടിയാണോ ആ ഉസ്താദ് അത് ചെയ്തതെന്ന് എനിക്കറിയില്ല. അത് മൂലം എന്റെ ഉമ്മാന്റെ കണ്ണിൽ നിന്ന് ഒരുതുള്ളി കണ്ണുനീർ വീണിട്ടുണ്ടെങ്കിൽ തീർച്ചയായും നിങ്ങളതിന് സമാധാനം പറഞ്ഞേ തീരൂ എന്നും മകള്‍ പറയുന്നു.
മണാലിയിൽ മകൾക്കൊപ്പം ടൂറ് പോയ നഫീസുമ്മയുടെ യാത്രയും റീലും ആഴ്ചകൾക്ക് മുമ്പ് വൈറലായിരുന്നു. ‘ഞമ്മളെ ഫ്രണ്ട്സ് ഹാജറ, ഷഫിയ,നസീമ, സക്കീന നിങ്ങളൊക്കെ വീട്ടിൽ ഇരുന്നോ മക്കളെ.. എന്താ രസം ഇതാ ഇച്ചൂന്റെ കൂടെ വന്നിട്ട് അടിപൊളി അല്ലേ, വന്നോളിം മക്കളെ എന്ന് മണാലിയിലെ മഞ്ഞ് മലയിൽ ഇരുന്ന് നഫീസുമ്മ വിളിച്ച് പറയുന്നതായിരുന്നു റീൽ. മണാലിയിൽ പോയ മഞ്ഞ് കണ്ട നഫീസുമ്മയുടെ സന്തോഷം നിറഞ്ഞു നിന്ന ആ വിഡിയോ അഞ്ച് മില്യണിലധികം ആളുകളാണ് ഇൻസ്റ്റഗ്രാമിൽ മാത്രം ആ വിഡിയോ ആളുകൾ കണ്ടത്.