കണ്ണൂര്‍ ആറളം ഫാം പതിമൂന്നാം ബ്ലോക്കില്‍ ആദിവാസി ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നു. ഫാമില്‍ കശുവണ്ടി ശേഖരിക്കാന്‍പോയ വെള്ളി, ഭാര്യ ലീല എന്നിവരാണ് കൊല്ലപ്പെട്ടത്. ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ആക്രമണം. മൃതദേഹം ചവിട്ടിമെതിച്ചനിലയിലായിരുന്നു. പൊലീസെത്തി മൃതദേഹങ്ങള്‍ ആംബുലന്‍സില്‍ കയറ്റിയെങ്കിലും നാട്ടുകാര്‍ തടഞ്ഞു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്താത്തതില്‍ പ്രതിഷേധിച്ച നാട്ടുകാര്‍ ജില്ലാ കലക്ടര്‍ എത്താതെ ആംബുലന്‍സ് എടുക്കാന്‍ അനുവദിക്കില്ലെന്ന് നിലപാടെടുത്തു. 

സ്ഥലത്തെത്തിയ സണ്ണി ജോസഫ് എംഎല്‍എയോട് നാട്ടുകാര്‍ രോഷാകുലരായി. കലക്ടര്‍ സ്ഥലത്തില്ലാത്തതിനാല്‍ സബ്കലക്ടറുടെ അധ്യക്ഷതയില്‍ ജനപ്രതിനിധികളുമായി ചര്‍ച്ചനടത്തി. വനംമന്ത്രി ഇന്നുതന്നെ ആറളത്ത് എത്തണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ സബ്കലക്ടറുടെ വാഹനം തടഞ്ഞു.  പ്രശ്നം വിശദമായി ചര്‍ച്ചചെയ്യാന്‍  നാളെ സര്‍വകക്ഷിയോഗം ചേരും. വനംമന്ത്രി എ.കെ.ശശീന്ദ്രന്‍ നാളെ ഉച്ചയ്ക്കുശേഷം ആറളം ഫാം സന്ദര്‍ശിക്കും. കാട്ടാനയാക്രമണത്തില്‍ പ്രതിഷേധിച്ച് ആറളം പഞ്ചായത്തില്‍ നാളെ ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.

ഏതുവകുപ്പിനാണ് വീഴ്ചപറ്റിയതെന്ന് പരിശോധിക്കുന്നെന്ന് വനംമന്ത്രി മനോരമ ന്യൂസിനോട് പറഞ്ഞു. ആനകള്‍ ഫാമില്‍ തുടരുന്നത് അടിക്കാട് വെട്ടാത്തതിനാലാണ്. അടിക്കാട് വെട്ടാന്‍ തോട്ടമുടമകള്‍ സഹകരിക്കുന്നില്ലെന്നും ശശീന്ദ്രന്‍ പറഞ്ഞു. 

അതേസമയം, വിഷയയത്തില്‍ സര്‍ക്കാര്‍ നിസംഗരായി നില്‍ക്കുന്നെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചു. സര്‍ക്കാര്‍ മലയോര ജനതയെ വിധിക്ക് വിട്ടുകൊടുത്തിരിക്കുകയാണ്. ആധുനിക, പരമ്പരാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. 

ENGLISH SUMMARY:

Couple trampled to death by wild elephant in Kannur