മലയാള സിനിമാസംഘടനകൾക്കിടയിൽ തുറന്ന യുദ്ധം. ഇതര സിനിമാ സംഘടനകളുടെ പിന്തുണയിൽ നിർമാതാക്കൾ ആഹ്വാനം ചെയ്ത സിനിമാസമരത്തെ താരസംഘടനയായ അമ്മ പരസ്യമായി തള്ളിക്കളഞ്ഞു. നിർമാതാവ് ജി.സുരേഷ് കുമാറിനെതിരായ ഫെയ്സ്ബുക്ക് പോസ്റ്റിൽ ആന്റണി പെരുമ്പാവൂർ കാരണം കാണിക്കണമെന്നും സിനിമയിൽ ഒരു താരവും അവിഭാജ്യഘടകമല്ലെന്ന് മോഹൻലാലിനെ പരോക്ഷമായി വിമർശിച്ച് ഫിലിം ചേംബർ നിലപാടെടുത്തതിന് പിന്നാലെയാണ് അമ്മയുടെ വാർത്താക്കുറിപ്പ് പുറത്തിറങ്ങിയത്.
സിനിമാ വ്യവസായം കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്നത്. സമരം ചിലരുടെ പിടിവാശി കാരണമാണ്. സിനിമയെ ആശ്രയിച്ചുകഴിയുന്ന തൊഴിലാളികളെ ഇത് പ്രതിസന്ധിയിലാക്കും. താരങ്ങളുടെ പ്രതിഫലം അമ്മ ജനറല്‍ബോഡിക്ക് ശേഷം മാത്രമേ തീരുമാനിക്കാന്‍ കഴിയൂ. ഏതുസംഘടനകളുമായും ചര്‍ച്ചയ്ക്ക് തയാറെന്നും ‘അമ്മ’ വ്യക്തമാക്കി. നിര്‍മാതാക്കള്‍ വക്കീല്‍ നോട്ടീസ് അയച്ച ജയന്‍ ചേര്‍ത്തലയ്ക്ക് നിയമസഹായം നല്‍കും. ഇന്ന് കൊച്ചിയിൽ എത്തിച്ചേരാൻ കഴിഞ്ഞ നടീനടന്മാരെ ഉൾപ്പെടുത്തിയാണ് രാവിലെ അമ്മ പ്രത്യേക യോഗം ചേർന്നത്.
അതിനിടെ ആന്റണി പെരുമ്പാവൂരിന് ഫിലിം ചേംബറിന്റെ കാരണം കാണിക്കല്‍ നോട്ടിസ്. സുരേഷ് കുമാറിനെതിരായ എഫ്ബി പോസ്റ്റ് പിന്‍വലിക്കണമെന്നാണ് ആവശ്യം. ഏഴുദിവസത്തിനകം മറുപടി നല്‍കിയില്ലെങ്കില്‍ നടപടിയെന്ന് മുന്നറിയിപ്പ്.