തന്റെ മകന് നീതി ലഭിക്കണമെന്നും  പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും താമരശേരിയില്‍ സഹപാഠികളുടെ മര്‍ദനത്തില്‍ കൊല്ലപ്പെട്ട ഷഹബാസിന്റെ പിതാവ് ഇഖ്ബാല്‍. പ്രതികളില്‍ ഉന്നതരുടെ മക്കളും ഉള്‍പ്പെട്ടിട്ടുണ്ട്.  രാഷ്ട്രീയ സ്വാധീനത്തിന് പൊലീസ് വഴിപ്പെടരുത്. ഇനിയൊരു ഷഹബാസ് ഉണ്ടാകരുത്. സംഘർഷത്തിന് പ്രതികളുടെ രക്ഷിതാക്കൾ സാക്ഷികളാണ്. അവരുടെ പങ്ക് അന്വേഷിക്കണം. മർദനത്തിന് പിന്നിൽ ലഹരി സ്വാധീനം പരിശോധിക്കണം. ഷഹബാസിന്റെ സുഹൃത്തുക്കളും സംയമനം പാലിക്കണം. പ്രതികാരചിന്ത ഉണ്ടാകരുതെന്നും ഇഖ്ബാല്‍ പ്രതികരിച്ചു. 

Read Also: ഷഹബാസിന്റെ മരണം; കൂടുതൽ വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുക്കും

ഇതിനിടെ സംഘർഷത്തിൽ കൂടുതൽ കുട്ടികൾക്കെതിരെ  കേസെടുക്കാൻ പൊലീസ് തീരുമാനിച്ചു. വിഷയത്തിൽ നേരിട്ട് ഇടപെട്ടവരെക്കുറിച്ച് ഡിജിറ്റല്‍ തെളിവുകള്‍ പൊലീസ് ശേഖരിച്ചു. പിടിയിലായ അഞ്ച് വിദ്യാര്‍ഥികള്‍ സ്ഥിരം പ്രശ്നക്കാരെന്നാണ് പൊലീസ് കണ്ടെത്തല്‍. കഴിഞ്ഞവര്‍ഷം ഇവരുണ്ടാക്കിയ സംഘര്‍ഷത്തില്‍ പത്താംക്ലാസിലെ രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റിരുന്നു . 

തലയോട്ടി തകര്‍ന്നു, ആന്തരികരക്തസ്രാവമുണ്ടായി

കോഴിക്കോട് താമരശേരിയിൽ വിദ്യാർഥി സംഘർഷത്തിനിടെ പരുക്കേറ്റ  പത്താം ക്ലാസുകാരൻ മരിച്ചത് തലയോട്ടി തകര്‍ന്നെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കട്ടിയുള്ള ആയുധം ഉപയോഗിച്ചുള്ള അടിയാണ്  ഷഹബാസിന്റ  തലയ്ക്ക് കിട്ടിയതെന്നും പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. 

നഞ്ചക്ക് പോലുള്ള ആയുധങ്ങള്‍ ഉപയോഗിച്ചാണ് ഷഹബാസിനെ മര്‍ദിച്ചതെന്ന കുടുംബത്തിന്റ ആരോപണം ശരിവയ്ക്കുന്നതാണ് പോസ്റ്റുമോര്‍ട്ടത്തിലെ കണ്ടെത്തലും. കട്ടിയുള്ള ആയുധം ഉപയോഗിച്ചാണ് തലയില്‍ അടിച്ചത്. അടിയുടെ ആഘാതത്തില്‍ വലതുചെവിയുടെ മുകള്‍ഭാഗത്ത് തലയോട്ടി പൊട്ടി. പുറമെ പരുക്കുകളൊന്നും  ഉണ്ടായിരുന്നില്ലെങ്കിലും ആന്തരികരക്തസ്രാവമുണ്ടായി. സംഘര്‍ഷത്തിനുശേഷം വ്യാഴാഴ്ച രാത്രി ഏഴുമണിയോടെ വീട്ടിലെത്തിയ ഷഹബാസ് രാത്രി പത്തുമണിയോടെ ഛര്‍ദിച്ചു. തുടര്‍ന്ന്  അബോധാവസ്ഥയിലായി.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച ഷഹബാസ് മരുന്നുകളോടും പ്രതികരിക്കുന്നുണ്ടായിരുന്നില്ല. ഒടുവില്‍ പുലര്‍ച്ചെ ഒരുമണിയോടെ മരണത്തിന് കീഴടങ്ങി. അറസ്റ്റിലായ താമരശേരി ഹയര്‍ സെക്കന്ററി സ്കൂളിലെ  അഞ്ചുവിദ്യാര്‍ഥികള്‍ക്കെതിരെയും കൊലപാതകുറ്റം ചുമത്തി. തുടര്‍ന്ന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡില്‍ ഹാജരാക്കിയ ഇവരെ വെള്ളിമാട് കുന്നിലെ ഒബ് സര്‍വേഷന്‍ ഹോമിലേക്ക് മാറ്റി.  

തിങ്കളാഴ്ച പൊലീസിന്റ സാന്നിധ്യത്തില്‍  പത്താം ക്ലാസ് പരീക്ഷയെഴുതാനും ഇവരെ അനുവദിച്ചിട്ടുണ്ട്. സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍പേരെയും കണ്ടെത്താന്‍ പൊലീസ് ശ്രമം തുടങ്ങി.ഇതിനായി കൂടുതല്‍ സി സി ടി വി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിക്കുന്നുണ്ട്. ആക്രമണത്തിന് ഉപയോഗിച്ച നഞ്ചക്ക് ഒരു കുട്ടിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.  ഷഹബാസ് ഉള്‍പ്പെട്ട സംഘത്തില്‍  എം ജെ ഹയര്‍ സെക്കന്ററി സ്കൂളിലെ കുട്ടികള്‍ക്ക് പുറമെ  ചക്കാലയ്ക്കല്‍ ഹയര്‍ സെക്കന്ററി സ്കൂളിലേയും പൂനൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂളിലെ കുട്ടികളും  ഉണ്ടായിരുന്നെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സംഘം 57 എന്ന ഗ്രൂപ്പിലൂടെയാണ് സംഘര്‍ഷത്തിന് ഇവര്‍ കോപ്പ് കൂട്ടിയത്

ENGLISH SUMMARY:

Iqbal, the father of Shahbaz, who was beaten to death by his classmates in Thamarassery, wants his son to get justice and the culprits to be given the maximum punishment