എ.ഡി.ജി.പി മനോജ് എബ്രഹാം
നാട്ടില്‍ സമാധാനം തിരികെ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ഒറ്റക്കെട്ടായി ഇറങ്ങണമെന്ന് പൊലീസ്. നിര്‍ദേശം അംഗീകരിച്ച മുഖ്യമന്ത്രി, കൊലപാതകങ്ങള്‍ക്കും ലഹരിവ്യാപനത്തിനും പരിഹാരം കാണാനുള്ള സംയുക്ത പദ്ധതി തയാറാക്കാന്‍ വിവിധ വകുപ്പുകളോട് നിര്‍ദേശിച്ചു. ലഹരിയുടെ ഉറവിടം കണ്ടെത്താന്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനത്തെ ഡി.ജി.പിമാരുടെ സഹായം തേടി. കുട്ടികളുടെ ആത്മഹത്യയേക്കുറിച്ച് പഠനം നടത്തി സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി മനോജ് എബ്രഹാം മനോരമ ന്യൂസിനോട് പറഞ്ഞു.
വെഞ്ഞാറമൂട്ടിലേതടക്കം കഴിഞ്ഞ രണ്ട് മാസത്തിനിടെ കൊല്ലപ്പെട്ടത് 65 കേസിലായി 70 പേര്‍. 30 എണ്ണത്തില്‍ കൊലയാളി വീട്ടിലുള്ളവര്‍, 17 എണ്ണം സുഹൃത്തുക്കള്‍, 3 എണ്ണം അയല്‍ക്കാര്‍. അതായത് 65 കൊലക്കേസില്‍ 50ലും കാരണം കുടുംബത്തിനുള്ളിലെ പ്രശ്നങ്ങള്‍. അത്തരം പ്രശ്നത്തില്‍ ഇടപെടാന്‍ പൊലീസിന് പരിമിതിയുള്ളതുകൊണ്ട് സര്‍ക്കാരിന്‍റെ സംയുക്ത ഇടപെടലാണ് പൊലീസിന്‍റെ നിര്‍ദേശം.
താമരശേരിയിലേത് പോലെ കുട്ടികളിലെ അക്രമവാസന കൂടുന്നതില്‍ സിനിമയേയും ലഹരിയേയുമെല്ലാം പൊലീസും കുറ്റപ്പെടുത്തുന്നു. സിനിമയിലെ വയലന്‍സ് നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി സിനിമാ പ്രവര്‍ത്തകരുടെ യോഗം വിളിക്കും. വയലന്‍സ് ഹരമാകുന്ന സൈബര്‍ ഗെയിമുകള്‍ നിരോധിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കത്തയക്കും. അക്രമം പോലെ ഗൗരവമാണ് ആത്മഹത്യയില്‍ അഭയം തേടുന്ന കുഞ്ഞുങ്ങളുടെയെണ്ണം പെരുകുന്നത്. വിദ്യാഭ്യാസം, തദേശം, സാമൂഹ്യക്ഷേപം, എക്സൈസ്, സാംസ്കാരികം തുടങ്ങിയ വകുപ്പുകളുടെ യോഗം ഉടന്‍ ചേര്‍ന്ന് പദ്ധതിക്ക് രൂപം നല്‍കും.