കേരളത്തിലെ സ്റ്റാര്‍ട്ടപ് മികവിനെക്കുറിച്ച് റിപ്പോര്‍ട്ട് തയാറാക്കി സ്റ്റാര്‍ട്ടപ് ജിനോം എന്ന കമ്പനിക്ക് സര്‍ക്കാര്‍ നാല്‍പ്പത്തിയെണ്ണായിരം യു.എസ് ഡോളര്‍ നല്‍കിയതിന്‍റെ രേഖകള്‍ പുറത്ത്. ആഗോള സ്റ്റാര്‍ട്ടപ് വളര്‍ച്ചയെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കുന്ന കമ്പനി കേരളം ഈ മേഖലയില്‍ 254 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയെന്ന് റിപ്പോര്‍ട്ടുചെയ്തിരുന്നു. ശശിതരൂരിന്റെ പ്രശംസയ്ക്ക് ആധാരമായതും ഈ റിപ്പോര്‍ട്ടാണ്.
കേരള സ്റ്റാര്‍ട്ടപ് മിഷന്‍ 2020 മുതല്‍ സ്റ്റാര്‍ട്ടപ് ജിനോമില്‍ അംഗത്വം എടുത്തിട്ടുണ്ടെന്നും 21 മുതല്‍ അംഗത്വഫീസ് നല്‍കിവരുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ നല്‍കിയ മറുപടിയാണിത്. 2021 ല്‍ 13,500 യു.എസ് ഡോളറും 22 ല്‍ 4,400 23 ലും 24 ലും 15,000 യു.എസ് ഡോളര്‍ വീതവും സ്റ്റാര്‍ട്ട് അപ് ജിനോമിന് നല്‍കിയെന്നും മാര്‍ച്ച് മൂന്നിന് രാഹുല്‍ മാങ്കൂട്ടത്തിലിന് രേഖാമൂലം നല്‍കിയ മറുപടിയിലുണ്ട്. ഗ്ലോബല്‍ സ്റ്റാര്‍ട്ടപ് ഇക്കോസിസ്റ്റം റിപ്പോര്‍ട്ട് നല്‍കാന്‍ നിശ്ചിതകാലയളവിലേക്കുള്ള അംഗത്വമാണിതെന്നും സ്റ്റാര്‍ട്ടപ് ഇക്കോസിസ്റ്റത്തിന് ആഗോള മാധ്യമ ശ്രദ്ധ നേടിക്കൊടുക്കാനാണിതെന്നും എല്‍ദോസ് കുന്നപ്പിള്ളിലിന് മുഖ്യമന്ത്രി മറുപടി നല്‍കിയിട്ടുണ്ട്. പണംനല്‍കിയുള്ള റിപ്പോര്‍ട്ടിന് വിശ്വാസ്യതയില്ലെന്നാണ് പ്രതിപക്ഷനേതാവിന്റെ ആക്ഷേപം
2024 ലെ ഗ്ലോബല്‍ സ്റ്റാര്‍ട്ടപ് ഇക്കോസിസ്റ്റം റിപ്പോര്‍ട്ട് അനുസരിച്ച് കേരളം ആഗോള ശരാശരിയുടെ അഞ്ചുമടങ്ങള്‍ വളര്‍ച്ച കൈവരിച്ചു.2021 ജൂലൈ ഒന്നുമുതല്‍ 2023 ഡിസംബര്‍ 31 വരെ കേരളത്തിന്റെ വളര്‍ച്ച 254 ശതമാനമാണ്. ആഗോള ശരാശരി 46 ശതമാനവും. കേരളത്തിന്റെ സ്റ്റാര്‍ട്അപ് വളര്‍ച്ചയെ ശശിതരൂര്‍ പ്രശംസിച്ചതും ഈ റിപ്പോര്‍ട്ടിന്റെ വെളിച്ചത്തിലാണ്