പ്രതീക്ഷിച്ചത് പാര്‍ട്ടിക്കിട്ട് കുത്ത്. പക്ഷെ കൊടുത്തത് ശശി തരൂരിനിട്ട്. തരൂരിനെ വിശ്വപൗരനെന്ന് വിളിക്കുന്നതിനെ പരിഹസിച്ച് കെ.പി.സി.സി വേദിയില്‍ ജി സുധാകരന്‍.ഏതെങ്കിലും രാജ്യത്തെ അംബാസിഡറായാല്‍ അയാളെ വിശ്വപൗരനെന്ന് വിളിക്കുകയാണ്. ഇത് ശരിയല്ല. കുറച്ച് കാലം ഐക്യ രാഷ്ട്ര സഭയില്‍ ഉദ്യോഗസ്ഥനായാല്‍ വിശ്വപൗരനാകില്ല. നെഹ്റുവിശ്വ പൗരനാണ്. ടാഗോര്‍ വിശ്വ പൗരനാണ്. ഗാന്ധി വിശ്വ പൗരന്മാരില്‍ വിശ്വ പൗരനാണ്. വി.ഡി സതീശന്‍, രമേശ് ചെന്നിത്തല തുടങ്ങിയവരെ വേദിയിലിരുത്തി ജി സുധാകരന്‍ പറഞ്ഞു.
രാഷ്ട്രീയക്കാരനായാല്‍ ഇപ്പോള്‍ സത്യം പറയാന്‍ കഴിയില്ല.എല്ലാ പാര്‍ട്ടിയും ഇതില്‍ ഒരുപോലെയാണ്. ഞാന്‍ എന്‍റെ പാര്‍ട്ടിയെക്കുറിച്ച് പറഞ്ഞതല്ല. എന്‍റെ പാര്‍ട്ടിയെ ഞാന്‍ ഇതുവരെ ആക്ഷേപിച്ചിട്ടില്ല. ആക്ഷേപിക്കുന്ന പ്രശ്നമുദിക്കുന്നില്ലെന്നും ജി.സുധാകരന്‍ പറഞ്ഞു. മഹാത്മാ ഗാന്ധി–ശ്രീനാരായണ ഗുരു കൂടിക്കാഴ്ചയുടെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് കെ.പി.സി.സി സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു ജി സുധാകരന്‍. സി.പി.എമ്മുമായി അകന്ന് നില്‍ക്കുന്ന സുധാകരന്‍ കെ.പി.സി.സി വേദിയിലെത്തുന്നത് നേരത്തെ തന്നെ വാര്‍ത്തയായിരുന്നു.സി.പി.ഐ നേതാവ് സി ദിവാകരനും ഉണ്ടായിരുന്നു.
ജി.സുധാകരന്‍ നീതിമാനായ പൊതുമരാമത്ത് മന്ത്രി: പ്രതിപക്ഷ നേതാവ്
സി.പി.എം നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരനെ വാനോളം പുകഴ്ത്തി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഗാന്ധി–ഗുരു കൂടിക്കാഴ്ചയുടെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് കെ.പി.സി.സി സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്ത സുധാകരനെ വേദിയിലിരുത്തിയാണ് സതീശന്‍റെ പ്രശംസ. ജി സുധാകരന്‍ മന്ത്രിയായിരുന്ന കാലത്ത് നിയമസഭയില്‍ ഒരു തവണ പോലും അദ്ദേഹത്തിനെതിരെ സംസാരിക്കേണ്ടി വന്നിട്ടില്ല. ഒരുതവണ പോലും അതിനുള്ള സാഹചര്യം അദ്ദേഹം ഉണ്ടാക്കിയിട്ടില്ല. ഇപ്പോഴത്തെ പൊതുമരാമത്ത് വകുപ്പ് വിഹിതങ്ങള്‍ അനുവദിക്കുന്നതില്‍ പക്ഷപാതം കാണിക്കുകയാണ്. എന്നാല്‍ കേരളം കണ്ട ഏറ്റവും നീതിമാനായ പൊതുമരാമത്ത് മന്ത്രിയായിരുന്നു ജി സുധാകരനെന്നും സതീശന്‍ പറഞ്ഞു.
മദ്യനയത്തില്‍ സര്‍ക്കാരിനെ കുത്തി സി.ദിവാകരന്‍
മദ്യനയത്തിലും ബ്രൂവറിയിലും സര്‍ക്കാരിനെ വിമര്‍ശിച്ച് സി.പി.ഐ നേതാവ് സി ദിവാകരന്‍. ഗാന്ധി–ഗുരു കൂടിക്കാഴ്ചയുടെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് കെ.പി.സി.സി
സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കവെയാണ് വിമര്‍ശനം. ബ്രൂവിറി വേണമോ എന്നതിലാണ് ഇപ്പോള്‍ ചര്‍ച്ച. മദ്യത്തിനുള്ള ചാരായം ഉണ്ടാക്കുന്നതാണ് ഈ ബ്രൂവറി. എത്രപെട്ടെന്നാണ് മദ്യ നമ്മുടെ രാഷ്ട്രീയത്തിലെ മുഖ്യ അജണ്ടയായി മാറിയത്. ശ്രീനാരായഗുരുവിന്‍റെ പിന്‍ഗാമികള്‍ തന്നെ ഗുരുവിന്‍റെ തത്വങ്ങള്‍ തെറ്റിക്കുന്നു. മദ്യം പടി പടിയായി കുറക്കുമെന്നാണ് സര്‍ക്കാര്‍ നയം. എവിടെയാണ ്കുറക്കുന്നത്...? നടക്കാത്ത കാര്യമാണ് ഈ പറയുന്നതെന്നും സി ദിവാകരന്‍ പറഞ്ഞു.