കേരളത്തിലെ സ്റ്റാര്‍ട് അപ് രംഗത്ത് മികച്ച വളര്‍ച്ചയെന്ന നിലപാട് തിരുത്തി ശശി തരൂര്‍ എം.പി. കേരളത്തിലെ വ്യവസായ വളര്‍ച്ചയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് കടലാസില്‍ മാത്രം ഒതുങ്ങരുത്. സര്‍ക്കാരിന്‍റെ ഉദ്ദേശശുദ്ധി നല്ലതാകാം. പക്ഷേ വസ്തുതകള്‍ പറഞ്ഞതുപോലെ അല്ലെന്നും തരൂര്‍ പറഞ്ഞു.
കേരളത്തിലെ വ്യവസായ സംരംഭങ്ങളുടെയും സ്റ്റാർട്ടപ്പുകളുടെയും വളർച്ചയിൽ സംസ്ഥാന സർക്കാരിനെ പ്രകീർത്തിച്ച് തരൂർ ഇംഗ്ലിഷ് പത്രത്തിൽ ലേഖനമെഴുതിയിരുന്നു.
പ്രവർത്തകസമിതിയംഗം എന്ന നിലയിൽ പാർട്ടിയിലെ ഉയർന്ന പദവി വഹിക്കുന്ന നേതാവിന്റെ നിലപാട് പാർട്ടിയുടേതല്ലെന്നു ദേശീയ നേതൃത്വത്തിനു തള്ളിപ്പറയേണ്ടിവന്നു. സംസ്ഥാന നേതൃത്വവും തരൂരിനെ വിമര്‍ശിക്കുന്നതില്‍ ഒറ്റക്കെട്ടായി നിന്നു. സംസ്ഥാന സർക്കാരിന്റെ സ്റ്റാർട്ടപ് വ്യവസായനയത്തെ പ്രകീർത്തിച്ചുള്ള ലേഖനത്തിൽ പറഞ്ഞ കാര്യങ്ങളിൽനിന്നു പിന്നോട്ടില്ലെന്ന നിലപാടിലായിരുന്നു ശശി തരൂർ. എന്നാല്‍ പോഡ്കാസ്റ്റിനായി താൻ നൽകിയ അഭിമുഖം ഇംഗ്ലീഷ് പത്രം വളച്ചൊടിച്ചെന്നും പറയാത്തകാര്യം തലക്കെട്ടാക്കി വാര്‍ത്ത നല്‍കി അപമാനിച്ചെന്നും തരൂർ എക്സിൽ പ്രതികരിച്ചു. പരിഭാഷയിലുണ്ടായ പിഴവെന്ന വിശദീകരണവുമായി ഇംഗ്ലീഷ് പത്രം ക്ഷമാപണം നടത്തിയതിന് പിന്നാലെയാണ് വിമര്‍ശനം.