.

TOPICS COVERED

  • പാർട്ടി ശക്തി കേന്ദ്രങ്ങളിൽ പോലും ബിജെപിയിലേയ്ക്ക് വോട്ട് ചോരുന്നുവെന്ന് സിപിഎം സംഘടനാ റിപ്പോർട്ട്
  • വോട്ട് ചോർച്ച ഗൗരവത്തോടെ കാണണമെന്നും പരാമർശം
  • പരാമര്‍ശങ്ങള്‍ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഇന്ന് അവതരിപ്പിക്കുന്ന റിപ്പോർട്ടില്‍

പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളിൽ പോലും ബിജെപിയിലേക്ക് വോട്ട് ചോരുന്നുവെന്ന് സിപിഎം സംഘടന റിപ്പോർട്ട്.  ഈ  ചോർച്ച ഗൗരവപരമായി കാണണമെന്നും സംഘടന റിപ്പോർട്ടിൽ പരാമർശം. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഇന്ന് അവതരിപ്പിക്കുന്ന റിപ്പോർട്ടിലാണ് ആണ് ഇക്കാര്യം ഉള്ളത്. തിരഞ്ഞെടുപ്പ് സാഹചര്യത്തെപ്പറ്റിയുള്ള ജില്ലാ കമ്മിറ്റി റിപ്പോർട്ടുകൾ തെറ്റിയെന്നും വിമർശനം. 

അതേസമയം, കൊല്ലത്ത് സി.പി.എം പ്രതിനിധി സമ്മേളനം നടക്കുന്ന ടൗൺ ഹാളിൽ രാവിലെ ഒൻപതിന് പതാക ഉയർത്തും. തുടർന്ന് രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്കുശേഷം പ്രതിനിധി സമ്മേളനം പാർട്ടി ദേശീയ കോഓർഡിനേറ്ററും പൊളിറ്റ് ബ്യൂറോ അംഗവുമായ പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും. 

ജില്ലകളിൽ നിന്നുളള 486 പ്രതിനിധികളും സംസ്ഥാനത്തിന് പുറത്തു നിന്നുള്ള 44 നിരീക്ഷകരും അതിഥികളും ഉൾപ്പടെ 530 പേരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ഇതിന് മുന്‍പ് രണ്ടു പ്രാവശ്യമാണ് കൊല്ലം സംസ്ഥാന സമ്മേളനത്തിന് വേദിയായത്. മുപ്പതു വർഷത്തിനുശേഷം കൊല്ലം ആതിഥ്യമരുളുന്ന സംസ്ഥാന സമ്മേളനം ഏറെ നിർണായകമാണ്. 

തുടർഭരണത്തിന് തുടർച്ച ലക്ഷ്യമിടുന്ന നയങ്ങളും ചിന്തകളും ഉണ്ടാകുന്ന സമ്മേളനം കൂടിയാണ്. പ്രവർത്തന റിപ്പോർട്ടിന് പുറമേ നവ കേരളത്തിനുള്ള പുതുവഴികൾ എന്ന വികസനരേഖ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിക്കും.

75 വയസ് പ്രായ പരിധി കർശനമാക്കുന്നതിലൂടെ  കൊല്ലം സമ്മേളനം വേദിയാകുന്നത് സി പി എമ്മിലെ തലമുറ മാറ്റത്തിനാണ്. 75 വയസു പൂർത്തീകരിച്ച ആരും തന്നെ സംസ്ഥാന സെക്രട്ടേറിയറ്റിലും കമ്മിറ്റിയിലും  കാണില്ലെന്ന് ഉറപ്പായി. മുഖ്യമന്ത്രി പിണറായി വിജയനു മാത്രമാവും ഇതിൽ ഇളവുണ്ടായേക്കുക. 75 വയസു പൂർത്തിയാകാൻ മാസങ്ങൾ മാത്രമുള്ള ഇ.പി.ജയരാജനും ടി.പി.രാമകൃഷ്ണനും കമ്മിറ്റികളിൽ തുടരും. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എ.കെ.ബാലൻ, ആനാവൂർ നാഗപ്പൻ , പി.കെ.ശ്രീമതി എന്നിവർ പുതിയ  കമ്മിറ്റികളിൽ  ഉണ്ടാവില്ല. ഇവർക്ക് പകരം എം.വി.ജയരാജൻ, എം.ബി.രാജേഷ്, ടി.എൻ.സീമ എന്നിവർ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് വരാനാണ് സാധ്യത

ENGLISH SUMMARY:

Even in its strongholds, votes are shifting to the BJP, according to the CPM's organizational report. The report also states that this shift should be taken seriously. This finding is part of the report presented today by State Secretary M.V. Govindan. There is also criticism that the district committee reports on the election scenario were inaccurate.