വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനു വേണ്ടി കഴിഞ്ഞദിവസം കോടതിയില്‍ ഹാജരായത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ്. സംഭവം പാര്‍ട്ടിക്കുള്ളില്‍ തന്നെ ചൂടുള്ള ചര്‍ച്ചയായിരിക്കുകയാണ്. ആര്യാനാട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റായ ഉവൈസ് ഖാനാണ് പ്രതിക്കു വേണ്ടി  നെടുമങ്ങാട് കോടതിയില്‍ ഹാജരായത്. സംഭവം പാര്‍ട്ടിക്ക് തീരാകളങ്കമായെന്നും അച്ചടക്കനടപടി സ്വീകരിക്കണമെന്നുമാണ് യൂത്ത് കോണ്‍ഗ്രസിന്‍റെ ആവശ്യം. 

ജില്ലാ വൈസ് പ്രസിഡന്‍റ് സെയ്തലവി കായ്പാടി ഇക്കാര്യം ചൂണ്ടിക്കാണിച്ച് കെപിസിസി പ്രസിഡന്‍റിനു കത്ത് നല്‍കി. പൊതുപ്രവര്‍ത്തകനുള്ള ജാഗ്രതാ കാണിക്കാത്തതില്‍ അച്ചടക്ക നടപടിയുണ്ടാകുമെന്നാണ് സൂചന. നെടുമങ്ങാട് കോടതിയിലെ അഭിഭാഷക കൂട്ടായ്മയായ ബാര്‍ അസോസിയേഷന്‍റെ പ്രസിഡന്‍റ് കൂടിയാണ് ഉവൈസ് ഖാന്‍.  

അഫാനു അഭിഭാഷകനില്ലാത്തതിനാല്‍  ജില്ലാ ജഡ്ജി ചെയര്‍മാനായ ലീഗല്‍ സര്‍വീസ് അതോറിറ്റി നിര്‍ദേശിച്ചതനുസരിച്ചാണ് ഹാജരായതെന്നാണു കഴിഞ്ഞ ദിവസം ഉവൈസ് ഖാന്‍  വിശദീകരണം നല്‍കിയത്. അഭിഭാഷകരില്ലാത്തവര്‍ക്ക് ലീഗല്‍ സര്‍വീസ് അതോറിറ്റി തന്നെ അഭിഭാഷകരെ നല്‍കാറുണ്ട്. നാടിനെയാകെ നടുക്കിയ കൊലപാതകത്തില്‍ എങ്ങനെ ബ്ലോക്ക് പ്രസിഡന്‍റായ പൊതുപ്രവര്‍ത്തകനു ഹാജരാവാന്‍ കഴിഞ്ഞുവെന്നതാണ് ഉയരുന്ന ചോദ്യം. 

ENGLISH SUMMARY:

In a controversial turn, a Congress block president appeared in court for Afan, the accused in the Venjaramoodu mass murder case. The incident has sparked intense discussions within the party. Uwais Khan, the Aryanad Block Congress President, represented the accused at the Nedumangad court. Youth Congress leaders have strongly condemned the move, calling it a disgrace to the party and demanding disciplinary action.