താനൂരില്‍ നിന്ന് കാണാതായ പെണ്‍കുട്ടികള്‍ മുംബൈയിലെത്തിയത് ഉല്ലാസത്തിന് വേണ്ടി മാത്രമെന്ന് താനൂര്‍ എസ്.ഐ. വീട് വിട്ടത് മറ്റൊരു കാരണത്തില്‍ ആണെന്ന് പറയാന്‍ ആകില്ല. കൂടെ ഉണ്ടായിരുന്ന യുവാവിനെ കൂടുതല്‍ ചോദ്യം ചെയ്യുമെന്നും എസ്.ഐ.സുജിത്ത്. അതേസമയം മുംബൈയിൽ നിന്ന് കണ്ടെത്തിയ കുട്ടികളുമായി സംഘം വൈകിട്ട് കേരളത്തിലേക്ക് യാത്ര തിരിക്കും.
പ്ലസ് ടു പരീക്ഷയ്ക്കായി സ്കൂളിൽ പോയ പെൺകുട്ടികൾ ബുധനാഴ്ച ഉച്ചയോടെയാണ് മുംബൈക്ക് ട്രെയിന്‍ കയറിയത്. കൂടെ ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട എടവണ്ണ സ്വദേശിയായ യുവാവുമുണ്ടായിരുന്നു. മുംബൈയിലെത്തിയ ഇവർ സിഎസ്എംടിയിലെ ഒരു മലയാളിയുടെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാർലറിൽ കയറി മുടിവെട്ടി. ഇവിടെ നിന്നുള്ള ദൃശ്യങ്ങൾ പുറത്തുവന്നത് അന്വേഷണത്തിൽ വഴിത്തിരിവായി.
പിന്നാലെ ഇന്നലെ രാത്രി ഇവർ ഫോൺ ഓണാക്കിയതോടെ പൊലീസിന് ലൊക്കേഷൻ കിട്ടി തുടങ്ങി. റെയിൽവേ സ്റ്റേഷനുകൾ വഴി മുംബൈ മലയാളികൾ ഇറങ്ങി വ്യാപക തിരച്ചിൽ. പിന്നീട് ലോണാവാലയിൽ നിന്ന് അർധരാത്രിയോടെ ലൊക്കേഷൻ ലഭിച്ചതോടെ മുംബൈയിൽ നിന്നുള്ള ചെന്നൈ എഗ്മോർ ട്രെയിനിലാണ് യാത്രയെന്ന് ഉറപ്പിച്ചു. ഇതിനിടെ കുട്ടികളുമായി പിരിഞ്ഞ എടവണ്ണ സ്വദേശിയെ അനുനയിപ്പിച്ച് പോലീസ് കുട്ടികളുടെ വിവരങ്ങൾ ശേഖരിക്കുകയായിരുന്നു.
ട്രെയിൻ യാത്രക്കിടെ ഇന്നലെ അർധരാത്രിയോടെ ആണ് ലോണാവാലയിൽ വച്ച് വിദ്യാർഥിനികളെ കണ്ടെത്തിയത്. ആർപിഎഫ് കുട്ടികളെ പുലർച്ചെ മൂന്ന് മണിയോടെ സുരക്ഷിതമായി പുണെ റെയിൽവേ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. വീട്ടിലെ പ്രശ്നങ്ങൾ കാരണമാണ് വീട് വിട്ടിറങ്ങിയതെന്ന് ഇവർ പൊലീസിനോട് പറഞ്ഞെങ്കിലും എന്തിന് ഒട്ടും പരിചയമില്ലാത്ത മുംബൈ തിരഞ്ഞെടുത്തു എന്ന് ഇപ്പോഴും വ്യക്തമല്ല. നിലവില്‍ പുണെയിലെ കെയർ ഹോമിലാണ് കുട്ടികള്‍.