ആശാ വര്‍ക്കര്‍മാരുടെ വേതനം വര്‍ധിപ്പിക്കുമെന്ന് ഉറപ്പ് സെക്രട്ടേറിയറ്റിന് മുന്നിലെ സമരപന്തലിലെത്തി പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേന്ദ്രം പണം നല്‍കിയെന്ന വാദം തെറ്റാണെന്ന് ആവര്‍ത്തിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വീണയ്ക്ക് ഭാഷ അറിയാത്തതിന്‍റെ പ്രശ്നമാകുമെന്ന പരിഹാസമായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.
ആശാ വര്‍ക്കര്‍മാരുടെ പ്രശ്നം കേന്ദ്ര സര്‍ക്കാരിന്‍റെ മുന്നിലെത്തിക്കുമെന്ന് സമരപന്തലിലെത്തി ഉറപ്പ് നല്‍കിയായിരുന്നു സുരേഷ് ഗോപി ഡല്‍ഹിക്ക് പോയത്. അതുകൊണ്ട് തന്നെ വേതന വര്‍ധനയെന്ന കേന്ദ്ര ആരോഗ്യമന്ത്രിയുടെ പാര്‍ലമെന്റിലെ പ്രഖ്യാപനം തന്‍റെ ഉറപ്പിന്‍റെ ഫലമെന്ന് അവകാശപ്പെടുകയാണ് സുരേഷ് ഗോപി. ഡല്‍ഹിയില്‍ നിന്ന് വിമാനമിറങ്ങി നേരെ സമരപന്തലിലെത്തിയ സുരേഷ് ഗോപിക്ക് ആശാ പ്രവര്‍ത്തകരുടെ സ്നേഹവും നന്ദിയും.
കേന്ദ്രം ചെയ്യേണ്ടതെല്ലാം ചെയ്ത് കഴിഞ്ഞെന്ന നിലപാടും കേന്ദ്രമന്ത്രി പ്രഖ്യാപിച്ചു. കേരളം അത് തരുന്നില്ലങ്കില്‍ വകമാറ്റിയോയെന്ന് അന്വേഷിക്കണമെന്ന ആരോപണവും. എന്നാല്‍ കേന്ദ്രവാദം വീണ്ടും സംസ്ഥാനം നിഷേധിച്ചു. 2023–24 സാമ്പത്തിക വര്‍ഷത്തിലെ പണം കേന്ദ്രം തടഞ്ഞുവെച്ചെന്ന് ആവര്‍ത്തിച്ച വീണാ ജോര്‍ജ് തെളിവായി യൂട്ടിലിറ്റി സര്‍ട്ടിഫിക്കറ്റും നിയമസഭയില്‍ വെച്ചു. പരിഹാസമായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.