കൊച്ചി കളമശ്ശേരിയിലെ സ്വകാര്യ സ്കൂളിലെ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് വൈറല്‍ മെനഞ്ചൈറ്റിസ് ആണെന്ന് നിഗമനം. കൂടുതല്‍ വിശദാംശങ്ങള്‍ക്ക് ഇവരുടെ അന്തിമ പരിശോധനാ ഫലം ലഭിക്കേണ്ടതുണ്ട്. രോഗ ലക്ഷണങ്ങളുള്ള മൂന്ന് വിദ്യാര്‍ഥികള്‍ നിരീക്ഷണത്തിലാണ്. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി സ്കൂള്‍ അടച്ചിട്ടു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നഗരസഭ ആരോഗ്യവിഭാഗം വ്യക്തമാക്കി.
കളമശ്ശേരി സെന്‍റ് പോള്‍സ് ഇന്‍റര്‍ നാഷനല്‍ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിക്ക് തിങ്കളാഴ്ച്ചയാണ് കടുത്ത പനിയും തലവേദനയും അടക്കം രോഗ ലക്ഷണങ്ങള്‍ കാണിച്ചത്. വിദ്യാര്‍ഥിയുടെ രക്ഷിതാവ് സ്കൂള്‍ അധികൃതരെ ഇ മെയില്‍ മുഖേനയാണ് ഇക്കാര്യം അറിയിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലുള്ള വിദ്യാര്‍ഥിയെ ഐസിയുവില്‍ നിന്ന് മാറ്റി. ആരോഗ്യനില തൃപ്തികരമാണ്. ഈ വിദ്യാര്‍ഥിയുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന ഒന്നാം ക്ലാസിലെ അടക്കം വിദ്യാര്‍ഥികള്‍ക്കാണ് രോഗലക്ഷണങ്ങളുള്ളത്.
മുതിര്‍ന്നവരില്‍ നിന്നാകാം കുട്ടികളിലേയ്ക്ക് രോഗം പകര്‍ന്നതെന്നാണ് നിഗമനം. കളമശ്ശേരി നഗരസഭയിലെ ആരോഗ്യവിഭാഗവും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാരും സ്കൂളില്‍ പരിശോധന നടത്തി. ജില്ലാ മെഡിക്കല്‍ ഒാഫിസറുടെ നിര്‍ദേശപ്രകാരം സ്കൂളിലെ ഈയാഴ്ച്ച ശേഷിക്കുന്ന പരീക്ഷകള്‍ മാറ്റിവച്ചു. സ്കൂള്‍ അടച്ചിട്ടു.