കളമശേരിയില്‍ പോളിടെക്നിക്ക് ഹോസ്റ്റലില്‍ കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ എസ്.എഫ്.ഐക്കെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ അബിന്‍ വര്‍ക്കി. പിടിച്ചെടുത്ത ലഹരിയുടെ ഉടമസ്ഥർ എസ്.എഫ്.ഐ നേതാക്കന്മാരായിരുന്നെന്നും കേരളത്തിലെ പ്രധാന കച്ചവട കേന്ദ്രം എന്നത് തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലും എറണാകുളം മഹാരാജാസ് ഹോസ്റ്റലുമാണെന്നും ഇത് രണ്ടും റെയ്‌ഡ് ചെയ്യാൻ പോലീസ് തയ്യാറാകണമെന്നും അബിന്‍ വര്‍ക്കി ഫെയ്സ്ബുക്കില്‍ കുറിച്ചു.
കളമശ്ശേരി ഹോസ്റ്റലിൽ നിന്ന് പിടിച്ചെടുത്തത് വില്‍പനയ്ക്കായി എത്തിച്ച കഞ്ചാവെന്ന് ഡപ്യൂട്ടി കമ്മിഷണർ ജുവനപ്പടി മഹേഷ് വിശദീകരിച്ചത്. പിടിയിലായ മൂന്നുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടു. ഹോസ്റ്റലില്‍ നിന്ന് തൂക്കി വില്‍ക്കാന്‍ ഉപയോഗിക്കുന്ന വൈദ്യുതി ത്രാസും കണ്ടെടുത്തു. വിദ്യാർത്ഥികളുടെ രാഷ്ട്രീയ ബന്ധത്തെപ്പറ്റി പരിശോധിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. പോളിടെക്നിക് ഹോസ്റ്റലില്‍ കഞ്ചാവ് പിടിച്ചതില്‍ മുഖം നോക്കാതെ നടപടിയെന്ന് എക്സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ്. ഒരു ഇളവും ഉണ്ടാകില്ല, ഇത്തരം ശക്തികളെ അടിച്ചമര്‍ത്തുമെന്നും മന്ത്രി വ്യക്തമാക്കി.
പിടിയിലായ എസ്.എഫ്.ഐ കോളജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി ആര്‍.അഭിരാജ് നിരപരാധിയെന്നാണ് ഏരിയ പ്രസിഡന്‍റ് ദേവരാജ് പറഞ്ഞു. അഭിരാജിനെതിരെ പൊലീസ് കള്ളക്കേസെടുത്തു. അഭിരാജിനെ പെടുത്തിയതാണെന്നും പൊലീസ് അന്വേഷണം ശരിയായ രീതിയിലല്ലെന്നുമാണ് എസ്.എഫ്.ഐ വാദം.
ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
കളമശ്ശേരി. വ്യവസായ മന്ത്രിയുടെ മണ്ഡലം. കേരളത്തിലെ ക്യാമ്പസിൽ നടത്താൻ പറ്റിയ ഒരു 'സ്റ്റാർട്ട് അപ്പ് കമ്പനി' നടത്താൻ എസ്.എഫ്.ഐ തീരുമാനിക്കുന്നു. നടത്തിപ്പ് യൂണിയൻ ജനറൽ സെക്രട്ടറിയെ ഏല്പിക്കുന്നു..
പഠനത്തോടൊപ്പം ജോലി എന്നത് ആയത് കൊണ്ട് കോളേജ് ഹോസ്റ്റലിൽ ആയിരുന്നു കമ്പനിയുടെ പ്രവർത്തനം.ഹോൾസെയിൽ ആയി 'സാധനം' വലിയ അളവിൽ കുറഞ്ഞ ചിലവിൽ മേടിക്കുകയും അത് റീട്ടയ്ൽ ആയി, ചെറിയ പാക്കറ്റിൽ ആക്കി വലിയ വിലയ്ക്ക് വിൽക്കുകയും ചെയ്യുന്നതായിരുന്നു 'ബിസിനസ്' മോഡൽ..
കൃത്യം തൂക്കം കണക്കാക്കി വിതരണം ചെയ്യാൻ ഇലക്ട്രിക് മെഷീനും. ഉപയോഗിക്കുന്നവർക്ക് ബുദ്ധിമുട്ട് ഉണ്ടാകാതെ ഇരിക്കാൻ ചുരുട്ടാൻ വേണ്ടിയുള്ള പേപ്പറും..
ഉപയോഗിച്ച് കഴിഞ്ഞുള്ള ആനന്ദ ലഹരിയിൽ വേണ്ടി വന്നാൽ ഉപയോഗിക്കാനുള്ള കോണ്ടവും ഒക്കെ ഒരു വാല്യൂ ആഡഡ് ഐറ്റംസ് ആയി വില്പന
മികച്ച ഒരു 'സ്റ്റാർട്ട് അപ്പ്' സംരംഭം എന്ന നിലയിൽ സർക്കാരിന്റെയും പാർട്ടിയുടെയും പൂർണ്ണ പിന്തുണയും പ്രോത്സാഹനവും ഇവർക്ക് കിട്ടിയിരുന്നു...
അങ്ങനെ ബിസിനസ് തഴച്ചു വളരുന്നതിനിടയിലാണ് കൂട്ടത്തിലൊരാൾ , ഒരു പൊലീസ് ചാരൻ റീടെയ്ലർ ആയി വന്നത്... അപ്പോഴാണ് മനസ്സിലായത്.. മികച്ച വ്യവസായം എന്ന നിലയിൽ നടത്തിയിരുന്നത് മയക്കുമരുന്ന് കച്ചവടം ആയിരുന്നു.. ഉടമസ്ഥർ എസ്.എഫ്.ഐ നേതാക്കന്മാരായിരുന്നു..
കേരളത്തിലെ പ്രധാന കച്ചവട കേന്ദ്രം എന്നത് തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലും എറണാകുളം മഹാരാജാസ് ഹോസ്റ്റലുമാണ്.
ഇത് രണ്ടും റെയ്‌ഡ് ചെയ്യാൻ പോലീസ് തയ്യാറാകണം. ഇന്ന് ഈ വാർത്ത വന്നതിന് ശേഷം വലിയ ബാഗുകളുമായി ഈ രണ്ട് ഹോസ്റ്റലിൽ നിന്ന് ഇറങ്ങിയവരെ ചോദ്യം ചെയ്യണം. കേരളത്തിലെ ലഹരി മാഫിയയുടെ നെറ്റ്‌വർക്ക് പ്രവർത്തിക്കുന്നത് വളരെ ' സ്വാതന്ത്ര്യ ' പൂർവ്വം ' ജനാധിപത്യ ' സർക്കാരിന്റെ പിന്തുണയോടെ
' സോഷ്യലിസ്റ്റ് ' രാജ്യത്തെ തകർക്കുന്നതിന് വേണ്ടിയാണ്.. ലോകത്തിലെ ഏറ്റവും വലിയ ഡ്രഗ് ഗ്യാങ്ങിന്റെ പേര് ' ദി ഫെഡറേഷൻ ' എന്നാണെങ്കിൽ കേരളത്തിലെ ഏറ്റവും വലിയ ഡ്രഗ് കാർട്ടലിന്റെ പേര് ' സ്റ്റുഡന്റ് ഫെഡറേഷൻ ഓഫ് ഇന്ത്യ ' എന്നാണ്.