മുണ്ടകൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് സർക്കാർ നിർമിച്ചു നൽകുക 402 വീടുകൾ. മൂന്നു ഘട്ടങ്ങളിലായാകും നിർമാണം. അതേസമയം പുനരധിവാസ ലിസ്റ്റിൽപ്പെടാത്തവർക്ക് ചൂരൽമലയിൽ അടിസ്ഥാന സൗകര്യം ഒരുക്കും വരെ വാടക നൽകുമെന്ന് ജില്ലാ കലക്ടർ ഡി.ആർ മേഘശ്രീ മനോരമ ന്യൂസിനോട് പറഞ്ഞു.
മൂന്നു ഘട്ടങ്ങളിലായാണ് ടൗൺഷിപ്പ് പട്ടിക. ആദ്യഘട്ടത്തിൽ 242 കുടുംബങ്ങൾ. രണ്ടാംഘട്ടം എയിൽ 87 കുടുംബങ്ങളും രണ്ടാം ഘട്ടം ബിയിൽ 73 കുടുംബങ്ങളുമാണുള്ളത്. മാസങ്ങൾ നീണ്ട ശ്രമത്തിനൊടുവിലാണ് പട്ടികനിർമിച്ചത്. അന്തിമ പട്ടിക സർക്കാരിലേക്ക് സമർപ്പിച്ചു. എങ്കിലും ചൂരൽമലക്കു സമീപം പടവെട്ടിക്കുന്നിലെയും റാട്ടപാടി, മുണ്ടക്കൈ പാടികളിലുള്ളവരെയും പട്ടികയിൽ ഉൾപെടുത്താത്തതിൽ ആക്ഷേപമുണ്ട്. ദുരന്തബാധിതരുടെ അപ്പീലുകൾ കൂടി പരിഗണിച്ചു പിന്നെയും കുടുംബങ്ങളെ ഉൾപ്പെടുത്തുമെന്ന് ജില്ലാ ഡി.ആർ മേഘശ്രീ മനോരമ ന്യൂസിനോട് പറഞ്ഞു
വാടക വിതരണവുമായി ബന്ധപ്പെട്ട ദുരന്തബാധിതരുടെ ആശങ്കയിലും ജില്ലാ കലക്ടർ തീരുമാനം വ്യക്തമാക്കി. വാടക വിതരണത്തിലെ ഗുണഭോക്താക്കളെ അടുത്ത മാസം മുതൽ പുനർ നിർണയിക്കും. ദുരന്തത്തിൽ കേടുപാടുകൾ സംഭവിക്കാതെയോ ഒറ്റപെടാതെ നിൽക്കുകയോ ചെയ്ത വീടുകളുള്ള കുടുംബങ്ങൾക്ക് വാടക ലഭിച്ചേക്കില്ല. അവർക്ക് തിരികെ വീടുകളിലേക്ക് മടങ്ങാനുള്ള സൗകര്യം ഒരുക്കും. ലിസ്റ്റിൽ പേരു വരാത്ത ഒറ്റപ്പെട്ട കുടുംബങ്ങൾക്ക് ചൂരൽമലയിൽ അടിസ്ഥാന സൗകര്യം ഒരുങ്ങും വരെ വാടക നൽകുമെന്നും കലക്ടർ. അതേസമയം എസ്റ്റേറ്റ് ഉടമകളുമായുള്ള ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ യോഗം നാളെ ചേർന്നേക്കും.