ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പൊലീസിനൊപ്പം മോഹന്‍ലാലും. ലഹരി വിരുദ്ധ ക്യാംപെയിനായി പൊലീസ് തയാറാക്കിയ ഹ്രസ്വചിത്രത്തിലാണ് മോഹന്‍ലാല്‍ നായകനായെത്തുന്നത്. ലഹരിയെക്കുറിച്ച് വിവരം ലഭിച്ചാല്‍ പൊലീസിന് വിവരം കൈമാറണമെന്ന സന്ദേശമാണ് വിഡിയോയിലൂടെ പങ്കുവയ്ക്കുന്നത്.
ഇരുപതാം നൂറ്റാണ്ട് മുതല്‍ ലൂസിഫര്‍ വരെ, തരംഗമായി മാറിയ ആ പഞ്ച് ഡയലോഗ് മോഹന്‍ലാല്‍ ഒരിക്കല്‍ കൂടി പറയുന്നു. നാമെല്ലാം ഒത്തൊരുമിച്ച് കേള്‍ക്കാനായി. 'നാര്‍കോടിക്സ് ഈസ് എ ഡേര്‍ട്ടി ബിസിനസ്'.
ലഹരിക്കെതിരായ പോരാട്ടം പൊലീസിന്‍റെയോ സര്‍ക്കാരിന്‍റെയോ മാത്രം ഉത്തരവാദിത്തമല്ല. ജനങ്ങള്‍ ഒറ്റക്കെട്ടായി നടത്തേണ്ടതാണെന്ന സന്ദേശമാണ് വീഡിയോ നല്‍കുന്നത്. ലഹരിയേക്കുറിച്ചുള്ള വിവരം ലഭിച്ചാല്‍ എത്രയും വേഗം പൊലീസിനെ അറിയിക്കണമെന്ന ആവശ്യമാണ് മോഹന്‍ലാലിലൂടെ പൊലീസ് മുന്നോട്ട് വെക്കുന്നത്.
എ.ഡി.ജി.പി മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തില്‍ നേരത്തെ തയാറാക്കിയ വീഡിയോ ഇപ്പോഴത്തെ സാഹചര്യത്തില്‍ പൊലീസ് വീണ്ടും പ്രചരിപ്പിക്കുകയാണ്.