അച്ഛനെക്കുറിച്ചുള്ള കണ്ണീരോര്‍മകള്‍ പങ്കുവച്ച് നടന്‍ പ്രമോദ് വെളിയനാട്. അച്ഛന് കാന്‍സറായിരുന്നു. ഒരുദിവസം പെട്ടെന്ന് തലചുറ്റലുണ്ടായി. ഡോക്ടറെ കാണിച്ചപ്പോള്‍ സിടി സ്കാന്‍ ചെയ്യാന്‍ പറഞ്ഞു. തിരുവനന്തപുരം വരെ പോയി ഒന്ന് പരിശോധിക്കണമെന്ന് പറഞ്ഞു. എംആര്‍ഐ സ്കാന്‍ എടുക്കാന്‍ അച്ഛന് ഭയങ്കര പേടിയായിരുന്നു. ഈശ്വര്‍ എന്ന ഡോക്ടറാണ് പരിശോധിച്ചത്. മുറുക്കെ പിടിച്ചോ, അച്ഛനെ കിട്ടില്ലെന്നാണ് ഡോക്ടര്‍ അന്ന് പറഞ്ഞത്. അച്ഛന്‍റെ തലച്ചോറില്‍ 9 മുഴകളുണ്ടായിരുന്നു. മനോരമ ന്യൂസ് സാമൂഹിക പ്രതിബദ്ധതാ ദൗത്യം കേരള കാൻ ഒൻപതാം പതിപ്പിന്‍റെ ഭാഗമായി ആലപ്പുഴയില്‍ നടന്ന സൗജന്യ കാൻസർ നിർണയ ക്യാംപില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മരിച്ച് സ്വര്‍ഗത്തില്‍ ചെന്ന അച്ഛനോട് എങ്ങിനെ മരിച്ചതെന്ന് ചോദിച്ചാല്‍ വായും പൊളിച്ച് നില്‍ക്കേണ്ടിവരും. അച്ഛന് അറിയില്ലായിരുന്നു എന്താണ് അസുഖമെന്ന്. ഞാന്‍ അറിയിച്ചില്ല. നമുക്ക് രണ്ടുപേരില്‍ ആര്‍ക്കെങ്കിലും കാന്‍സര്‍ വരികയാണെങ്കില്‍ നീ എനിക്ക് വിഷം തരണം. നിനക്ക് വന്നാല്‍ ഞാനും വിഷം തരാം എന്നാണ് അച്ഛന്‍ അമ്മയോട് പറഞ്ഞത്. അത് കേട്ട് എന്‍റെ കണ്ണുനിറഞ്ഞ് പോയി. നമ്മള്‍ അവന് വേണ്ടി ഒന്നും ഉണ്ടാക്കിവച്ചിട്ടില്ല. നമ്മള്‍ ഒരു വലിയ കുഴി കുത്തിയിട്ട് പോകരുതെന്നാണ് അച്ഛന്‍ അന്ന് അമ്മയോട് പറഞ്ഞതെന്നും പ്രമോദ് പറഞ്ഞു.
വലിയൊരു നുണയാണ് ഞാന്‍ അച്ഛനോട് പറഞ്ഞത്. അച്ഛന്‍റെ തല ഒരു ഓട്ടോറിക്ഷയില്‍ തട്ടിയിരുന്നു. ആ തട്ടലിന്‍റെ ഭാഗമായി തലയില്‍ ബ്ലെഡ് ക്ലോട്ടായിട്ടുണ്ടെന്ന് ഞാന്‍ അച്ഛനോട് നുണ പറഞ്ഞു. ഹോമിയോ മരുന്ന് കഴിച്ചാല്‍ അത് ഉരുകി മാറുമെന്ന് പറഞ്ഞ് ആശുപത്രിയില്‍ കൊണ്ടുപോയി. സ്ഥലം വിറ്റിട്ടാണെങ്കിലും അച്ഛനെ ചികിത്സിക്കാനായിരുന്നു ഞാന്‍ തീരുമാനിച്ചത്.
മൂന്ന് മാസം പോലും ജീവിക്കില്ലെന്ന് ഡോക്ടര്‍ പറഞ്ഞ അച്ഛനെ ഞാന്‍ ആറുമാസം ജീവിപ്പിച്ചു. കലകൊണ്ടാണ് ഞാന്‍ അച്ഛനെ ജീവിപ്പിച്ചത്. അച്ഛന്‍ നന്നായി ഭജനപ്പാട്ടൊക്കെ പാടുന്ന ആളായിരുന്നു. വീട്ടില്‍ വരുന്നവരോട് അച്ഛനെ സന്തോഷിപ്പിക്കാന്‍ മാത്രമേ പറഞ്ഞിരുന്നുള്ളു. ഓര്‍മ നഷ്ടപ്പെട്ട അച്ഛന്‍ പാട്ടുകള്‍ക്ക് താളം പിടിക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ ടേപ്പ് റിക്കോര്‍ഡറില്‍ പാട്ടുകള്‍ കൊണ്ടുവന്ന് അച്ഛനെ കേള്‍പ്പിച്ചു. ആറുമാസം അച്ഛന്‍ സന്തോഷത്തോടെയിരുന്നുവെന്നും പ്രമോദ് വെളിയനാട് പറഞ്ഞു.