lahari-alert

TOPICS COVERED

  • ഈമാസം മാത്രം പൊലീസിന് രഹസ്യവിവരം നല്‍കിയത് 5000പേര്‍
  • വിവരം നല്‍കുന്നവരുടെ സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് എ.ഡി.ജി.പി മനോജ് എബ്രഹാം
  • 'യോദ്ധാവ്' വാട്സാപിലും ആന്‍റി നര്‍കോടിക്സ് കണ്‍ട്രോള്‍ റൂം നമ്പറിലും പൊലീസിനെ അറിയിക്കാം

ലഹരി വ്യാപനം വര്‍ധിച്ചതോടെ ലഹരി മാഫിയക്കെതിരെ ഉണര്‍ന്നെണീറ്റ് നാട്. ലഹരി ഇടപാടുകളേക്കുറിച്ച് പൊലീസിന് വിവരം നല്‍കുന്നവരുടെയെണ്ണം കുതിച്ചുയര്‍ന്നു. ഈ മാസം മാത്രം പൊലീസിന് രഹസ്യം വിവരം നല്‍കിയത് അയ്യായിരത്തോളം പേര്‍. പൊലീസിനെ അറിയിക്കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്ന് എ.ഡി.ജി.പി മനോജ് എബ്രഹാം പറഞ്ഞു. 

നാടിന് ഒരാപത്ത് വന്നാല്‍  ഒറ്റക്കെട്ടായി അതിനെതിരെ പോരാടുന്നതാണ് മലയാളികളുടെ ശീലം. പ്രളയത്തിലും കോവിഡിലുമെല്ലാം നാം അത് തെളിയിച്ചിട്ടുണ്ട്.  ഇപ്പോള്‍ ലഹരിക്കെതിരെയും ആ പോരാട്ടവീര്യം മലയാളികള്‍ ആവര്‍ത്തിക്കുന്നൂവെന്ന് തെളിയിക്കുകയാണ് പൊലീസിന് ദിവസവുമെത്തുന്ന ഫോണ്‍ വിളികളുടെയെണ്ണം. 

പ്രധാനമായും രണ്ട് മാര്‍ഗത്തിലൂടെയാണ് ലഹരിക്കെതിരെ പൊലീസിന് വിവരം കൈമാറാവുന്നത്. ഒന്ന് യോദ്ധാവ് എന്ന വാട്സപ് നമ്പര്‍, രണ്ട് ആന്‍റി നര്‍കോടിക്സ് കണ്‍ട്രോള്‍ റൂം നമ്പര്‍. ലഹരിമാഫിയ നാട് കീഴടക്കുന്നുവെന്ന ഭീതി പരന്നതോടെ ഈ രണ്ട് നമ്പരിലേക്കും വിളികള്‍ ഒഴുകിയെത്തുകയാണ്. യോദ്ധാവിലേക്ക് ഈ മാസം വിവരം നല്‍കിയത് 1157 പേരാണ്. ജനുവരിയില്‍ 73ഉം ഫെബ്രുവരിയില്‍ 227 ആയിരുന്നതുമാണ് മാര്‍ച്ചില്‍ അഞ്ചിരട്ടിയായി കൂടിയത്. 

കണ്‍ട്രോള്‍ റൂം നമ്പരിലേക്ക് ജനുവരിയില്‍ വെറും 35ഉം ഫെബ്രുവരിയില്‍ 29ഉം വിളികളാണ് വന്നത്. എന്നാല്‍ മാര്‍ച്ചില്‍ അത് 3865 ആയി കുതിച്ചുയര്‍ന്നു. ഇതില്‍ 636 എണ്ണം കൃത്യമായ വിവരങ്ങളോടെയായിരുന്നു. ജനങ്ങളുടെ ഈ സഹകരണംകൊണ്ടുകൂടിയാണ് ഓപ്പറേഷന്‍ ഡി ഹണ്ട് വഴി ഒറ്റമാസം കൊണ്ട് 7539 പേരെയും നാല് കിലോ എം.ഡി.എം.എയും 468 കിലോ കഞ്ചാവും പിടികൂടാന്‍ പൊലീസിന് സാധിച്ചത്. ഇനിയും വിവരം നല്‍കു, അത് നൂറ് ശതമാനം സുരക്ഷിതമായിരിക്കൂമെന്ന ഉറപ്പാണ് നാട്ടുകാരോട് പൊലീസിനുള്ള മറുപടി.

ENGLISH SUMMARY:

With the rise in drug trafficking, the nation has rallied against the drug mafia. The number of people providing information to the police about drug dealings has surged. This month alone, around 5,000 individuals have shared confidential details with the authorities. ADGP Manoj Abraham assured that the identities of informants will be kept strictly confidential.