പൂരം കലക്കലിൽ പൊലീസ് അന്വേഷണ റിപ്പോർട്ട് ലഭിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം പറയാതെ മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ എൻ ഷംസുദ്ദീൻ എംഎൽഎയുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രിയുടെ ഒളിച്ചുകളി. ആചാരാനുഷ്ഠാനങ്ങൾക്ക് വിഘ്നങ്ങൾ ഇല്ലാതെ തൃശൂർ പൂരം നടത്താൻ തടസ്സം കേന്ദ്രസർക്കാരാണെന്ന് വെടിക്കെട്ടിനുള്ള നിയന്ത്രണങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പറഞ്ഞു.
ഈ വർഷത്തെ തൃശൂർ പൂരം നടത്തിപ്പിന്‍റെ ഒരുക്കങ്ങൾ സംബന്ധിച്ചുള്ള ഭരണകക്ഷി എംഎൽഎമാരുടെ ചോദ്യങ്ങൾക്കിടയിലാണ് മുസ്ലിംലീഗിന്‍റെ എൻ ഷംസുദ്ദീൻ എംഎൽഎയുടെ ഔട്ട് ഓഫ് സിലബസ് ചോദ്യം. കഴിഞ്ഞവർഷത്തെ പൂരം കലക്കലിൽ പോലീസ് അന്വേഷണ റിപ്പോർട്ട് ലഭിച്ചിട്ടുണ്ടോ? ഉണ്ടെന്നോ ഇല്ലെന്നോ പറയാതെ മുഖ്യമന്ത്രിയുടെ മറുപടി.
പൂരം വെടിക്കെട്ട് വെടിപ്പുരയിൽ നിന്ന് 200 മീറ്റർ അകലെ ആയിരിക്കണം, വെടിക്കെട്ട് സ്ഥലത്ത് നിന്ന് 100 മീറ്റർ അകലെ ബാരിക്കേഡ് കെട്ടി ജനങ്ങളെ മാറ്റി നിർത്തണം തുടങ്ങിയ കേന്ദ്ര സർക്കാർ നിയന്ത്രണങ്ങൾ ജനങ്ങൾക്ക് പ്രയാസം ഉണ്ടാക്കുന്നതാണ് എന്നും മുഖ്യമന്ത്രി.
ആന എഴുന്നള്ളിപ്പിൽ ആനകൾക്ക് പ്രയാസമുണ്ടാകരുത് എന്നതാണ് സർക്കാർ നിലപാട്. ഇതാണ് കോടതിയും പറഞ്ഞിട്ടുള്ളത്. ആനകൾ തമ്മിലുള്ള അകലം ഒരു മീറ്ററായി ജില്ല നിരീക്ഷക സമിതി നിശ്ചയിച്ചിട്ടുണ്ട് എന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.