കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറിയെന്ന് ബജറ്റില്‍ ആത്മവിശ്വസം പ്രകടിപ്പിച്ചെങ്കിലും ചെലവ് ചുരുക്കലിന് പുതിയ നിയന്ത്രണങ്ങളുമായി ധനവകുപ്പ്. ആവശ്യമില്ലാത്ത പദ്ധതികള്‍ കണ്ടെത്തി അവസാനിപ്പിക്കുന്നതും ആവശ്യമില്ലാത്ത തസ്തികകളില്‍ പുതിയ നിയമനങ്ങള്‍ ഒഴിവാക്കുന്നതുമുള്‍പ്പെടേയുള്ള 8 നിര്‍ദേശങ്ങളാണ് ധനവകുപ്പ് വകുപ്പുകള്‍ നല്‍കിയിരിക്കുന്നത്. നിര്‍ദേശങ്ങള്‍ ഇങ്ങനെ.
1. സര്‍ക്കാര്‍ വാഹനങ്ങളുടെ ഉപയോഗം പരമാവധി നിയന്ത്രിക്കണം. അനുവദിച്ചിട്ടുള്ള ആവശ്യങ്ങള്‍ക്കുവേണ്ടി മാത്രമേ വാഹനങ്ങള്‍ ഉപയോഗിക്കാന്‍ പാടുള്ളൂ. ഇക്കാര്യം വാഹന നിയന്ത്രണ ഉദ്യോഗസ്ഥന്‍ ഉറപ്പുവരുത്തണം. ഇല്ലെങ്കില്‍ ഉദ്യോഗസ്ഥനെതിരെ നടപടി.
2. ഒരു കാരണവശാലും വകുപ്പുകളുടെ ചിലവുകള്‍ ബജറ്റ് വിഹിതത്തില്‍ അധികരിക്കാന്‍ പാടില്ല.
3. തനത് ഫണ്ടുള്ള ഗ്രാന്‍റ് ഇന്‍ എയ്ഡ് സ്ഥാപനങ്ങള്‍ക്ക് (ഉദാ: സര്‍വ്വകലാശാലകള്‍) ഗ്രാന്‍റ് അനുവദിക്കുന്നത് സ്ഥാപനങ്ങളുടെ തനത് ഫണ്ട് വിലയിരുത്തിയ ശേഷം കുറവ് വരുന്ന ഫണ്ട് നികത്തുന്നതിനുവേണ്ടി മാത്രമായിരിക്കണം. കുറവ് വരുന്ന ഫണ്ട് നികത്താന്‍ സര്‍ക്കാര്‍ ഗ്രാന്‍റിനെ മാത്രം ആശ്രയിക്കാതെ സ്വന്തം നിലയ്ക്ക് വായ്പ അടക്കമുള്ള മാര്‍ഗങ്ങള്‍ സ്ഥാപനങ്ങള്‍ അവലംബിക്കണം.
4. ജോലിയില്ലാതെയിരിക്കുന്ന ഡ്രൈവര്‍മാരെ അതാത് വകുപ്പുകളിലെ ഓഫീസുകളില്‍ കരാര്‍ വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന ഡ്രൈവര്‍മാര്‍ക്ക് പകരമായി പുനര്‍ വിന്യസിക്കണം.
5.വിവിധ വകുപ്പുകളില്‍ വര്‍ഷങ്ങളായി തുടര്‍ന്ന് കൊണ്ടിരിക്കുന്നതും നിലവില്‍ ആവശ്യമില്ലാത്തതുമായി പദ്ധതികള്‍ കണ്ടെത്തി ഒരു മാസസത്തിനകം അവസാനിപ്പിക്കണം.
6.സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സെമിനാറുകള്‍, മേളകള്‍,ശില്‍പശാലകള്‍, പരിശീലന പരിപാടികള്‍ എന്നിവയുടെ ചെലവുകള്‍ ബജറ്റ് വിഹിതത്തിന്‍റെ 50 ശതമാനത്തില്‍ കൂടാന്‍ പാടില്ല.
7.ടൈപിസ്റ്റ്, ഓഫീസ് അറ്റന്‍ഡന്‍റ് എന്നീ തസ്തികകളിലെ ജീവനക്കാരുടെ ആവശ്യം നന്നേ കുറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ അനിവാര്യമായ സാഹചര്യത്തില്‍ മാത്രമേ ഈ തസ്തികകളില്‍ വരുന്ന ഒഴിവുകള്‍ നികത്താന്‍ പാടുള്ളു. ഒഴിവുകള്‍ നികത്തുന്നത് തന്നെ കരാര്‍ അടിസ്ഥാനത്തില്‍ മാത്രമായിരിക്കണം.
8.ഒണ്‍ലൈന്‍ പെയ്മെന്‍റുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ കൗണ്ടര്‍ സംവിധാനങ്ങള്‍ അവസാനിപ്പിക്കാനും ഇവിടങ്ങളിലെ ജീവനക്കാരെ മാതൃവകുപ്പുകളിലേയ്ക്ക് തിരികെ തിരികെ പ്രവേശിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം.