കേന്ദ്ര മന്ത്രിമാരുടെയും മുതിർന്ന നേതാക്കളുടെയും സാന്നിധ്യത്തിൽ രാജീവ് ചന്ദ്രശേഖർ ബി.ജെ.പിയുടെ പുതിയ സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റു. കേരളത്തിലെ ബി.ജെ.പിക്ക് പുതിയ ദിശാബോധം നൽകാൻ രാജീവിന് കഴിയുമെന്ന് കേന്ദ്ര നിരീക്ഷൻ പ്രഹ്ലാദ് ജോഷി പറഞ്ഞു. ഇന്നലെ ചേർന്ന കോർ കമ്മിറ്റി യോഗത്തിലാണ് രാജീവിനെ സംസ്ഥാന അധ്യക്ഷനാക്കാൻ തീരുമാനിച്ചത്.
സംസ്ഥാനത്ത് ബി.ജെ.പിയുടെ ആദ്യ അധ്യക്ഷനായ ഓ. രാജഗോപാൽ മുതൽ കെ. സുരേന്ദ്രൻ വരെയുള്ള നേതാക്കൾ അണിനിരന്ന സമ്മേളനത്തിലാണ് ബിജെപിയുടെ പുതിയസംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖർ ചുമതലയേറ്റത്.കേന്ദ്ര നിരീക്ഷകൻ പ്രഹ്ളാദ് ജോഷി തീരുമാനം പ്രഖ്യാപിച്ചു. പാർട്ടി പതാകയും രേഖകളും സ്ഥാനമൊഴിയുന്ന അധ്യക്ഷൻ കെ. സുരേന്ദ്രൻ രാജീവിന് കൈമാറി. പിന്നാലെ സുരേന്ദ്രന്റെ വിടവാങ്ങൽ പ്രസംഗം.
തുടർന്ന് രാജീവ് ചന്ദ്രശേഖർ നയം വ്യക്തമാക്കി. നേരത്തെ, സമ്മേളന വേദിയിലെത്തിയ രാജീവ് ചന്ദ്രശേഖരന് വൻ സ്വീകരണമാണ് പ്രവർത്തകർ നൽകിയത്. കേരളത്തിൽ നിന്നുള്ള 30 ദേശീയ കൗൺസിൽ അംഗങ്ങളെയും യോഗത്തിൽ പ്രഖ്യാപിച്ചു.