കോഴിക്കോട് ബാലുശ്ശേരി പനായിപുത്തൂർവട്ടത്ത് അച്ഛനെ വെട്ടിക്കൊന്ന മകന്‍ പൊലീസ് കസ്റ്റഡിയില്‍. പനായിപുത്തൂർവട്ടം സ്വദേശി അശോകനാണ് കൊല്ലപ്പെട്ടത്. മാനസിക വെല്ലുവിളി നേരിടുന്ന മകന്‍ സുധീഷാണ് ഇന്നലെ രാത്രി എട്ടുമണിയോടെ അച്ഛനെ കൊലപ്പെടുത്തിയത്. അതേസമയം ഇതേവീട്ടില്‍ മുന്‍പും ഒരു കൊലപാതകം നടന്നിട്ടുണ്ടെന്ന് പൊലീസ് സ്ഥിരീകരിക്കുന്നു. അശോകന്റെ ഭാര്യയെ സുധീഷിന്റെ അനുജന്‍ മുന്‍പ് വെട്ടിക്കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയിരുന്നു.
അശോകനെ മകൻ സുധീഷ് മുൻപും ആക്രമിച്ചിട്ടുള്ളതായി അയല്‍വാസികളും പറയുന്നു. നേരത്തേ കൈയ്ക്ക് കുത്തി പരുക്കേൽപ്പിച്ചിട്ടുള്ളതായി പ്രദേശവാസി മുഹ്സിൻ മനോരമ ന്യൂസിനോട് പറഞ്ഞു. ലഹരിക്ക് അടിമയായിരുന്ന സമയത്ത് ലഹരി വിമോചന കേന്ദ്രത്തിലെത്തിച്ച് സുധീഷിനെ ചികിത്സിച്ചിട്ടുണ്ടെന്നും മുഹ്സിന്‍ പറയുന്നു. കൊലപാതകശേഷം നാട്ടുകാരും പൊലീസും ചേര്‍ന്നാണ് സുധീഷിനെ പിടികൂടിയത്. നാട്ടുകാര്‍ക്കൊന്നും സുധീഷ് കാരണം പ്രശ്നങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. അച്ഛനോട് സുധീഷിന് നേരത്തേ പകയുണ്ടായിരുന്നു. അമ്മയെ കൊലപ്പെടുത്തിയ മകന്‍ സുമേഷും ലഹരിക്കടിമയായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. സുധീഷും നേരത്തേ ലഹരി ഉപയോഗിച്ചിരുന്നുവെന്നും നാട്ടുകാര്‍ സ്ഥിരീകരിക്കുന്നു.
2014ൽ ആണ് അമ്മ ശോഭനയെ കൊന്ന് അനുജന്‍ സുമേഷ് ജീവനൊടുക്കിയത്. ഈ സംഭവത്തിനു പിന്നാലെയാണ് സുധീഷിന്‍റെ മാനസിക നില തെറ്റിയതെന്നും നാട്ടുകാർ പറഞ്ഞു. ഇന്നലെ വൈകിട്ടോടെയാണ് പനായിലെ വീട്ടിൽ അശോകനെ സുധീഷ് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. കൊലപാതക ശേഷം സുധീഷിനെ പൊലീസ് പിടികൂടുന്ന ദൃശ്യങ്ങൾ മനോരമ ന്യൂസിന് ലഭിച്ചു.