മുണ്ടകൈ-ചൂരൽമല ടൗൺഷിപ്പ്, തറക്കല്ലിടലിനു കാത്തിരിക്കുമ്പോഴും ദുരന്ത ബാധിതർക്കിടയിൽ കടുത്ത നിരാശയുണ്ട്. തങ്ങൾക്കൊപ്പം ദുരന്തത്തിൽ പെട്ട നിരവധിയാളുകൾ ടൗൺഷിപ്പിൽ ഉൾപ്പെടാനുണ്ട് എന്നതാണ് നിരാശ. അവരും ചേരുമ്പോഴേ പുനരധിവാസം പൂർത്തിയാകൂവെന്നാണ് ദുരന്ത ബാധിതർ അറിയിക്കുന്നത്. ടൗൺഷിപ്പിനു 27 നു തറക്കല്ലിടുമ്പോഴും ദുരന്ത ബാധിതരായ കുറേ മനുഷ്യർ ടൗൺഷിപ്പ് പട്ടികയിൽ പെടാതെ ആശങ്കയിലാണ്. മുണ്ടകൈയിലും അട്ടമലയിലേയും പാടികളിലെ മനുഷ്യർ ടൗൺഷിപ്പിലില്ല, ദുരന്തത്തിൽ മൂന്നുഭാഗവും ഒറ്റപ്പെട്ട പടവെട്ടികുന്നിലെ കുടുംബങ്ങളും പുഞ്ചിരിമട്ടത്തെ ആറോളം കുടുംബങ്ങളും ടൗൺഷിപ്പിനു അർഹരായി പരിഗണിച്ചിട്ടില്ല, അവരെ കൂടി ഉൾപെടുത്തണമെന്നാണ് ആവശ്യം
ഭൗമശാസ്ത്രജ്ഞൻ ജോൺ മത്തായിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുത്തത്. മൂന്നു ഘട്ടങ്ങളിലായി 402 കുടുംബങ്ങൾ. ഒന്നാം ഘട്ട ലിസ്റ്റിൽ പെട്ട 242 പേരിൽ 235 പേർ സമ്മതപത്രം നൽകി. അതിൽ 170 പേര്‍ ടൗൺഷിപ്പിൽ വീടു മതിയെന്നും 65 പേര്‍ സാമ്പത്തിക സഹായമായ 15 ലക്ഷം മതിയെന്നുമാണ് അറിയിച്ചത്. ബാക്കി 170 പേർ വരും ദിവസങ്ങളിലും സമ്മതപത്രം നൽകും. വീടു വേണ്ട എന്നറിയിച്ചവരുടെ ഒഴിവിലേക്ക് മറ്റുള്ളവരെ പരിഗണിക്കണമെന്ന് ദുരന്ത ബാധിതർ ആവശ്യപ്പെടുന്നുണ്ട്. ടൗൺഷിപ്പിൽ അർഹരല്ലെന്ന് ഭരണകൂടം അറിയിച്ചവരുടെ വീടുകൾ പലതും തകർന്നിട്ടുണ്ട്. പാടികളിൽ വിള്ളൽ വന്നിട്ടുണ്ട്. വീണ്ടും ദുരന്ത മുന്നറിയിപ്പുള്ള മുണ്ടകൈയിലേക്കും ചൂരൽമലയിലേക്കും മനുഷ്യരെ തിരികെ വിടുന്നത് അംഗീകരിക്കാനാവില്ലെന്നാണ് വേദനയോടെ അറിയിക്കുന്നത്.