എട്ടുമാസം നീണ്ട പ്രയത്നങ്ങള്‍ക്കും പോരാട്ടങ്ങള്‍ക്കും ഒടുവിലാണ് എല്‍സ്റ്റല്‍ എസ്റ്റേറ്റില്‍ ഇന്ന് പ്രതീക്ഷയുടെ തറക്കല്ല് പാകുന്നത്. ഉരുളെടുത്ത ഭൂമി അതേപടി വീണ്ടെടുക്കാനാകില്ലെങ്കിലും ഒന്നിച്ച് ഉണ്ടും ഉറങ്ങിയും സ്നേഹിച്ചും സഹായിച്ചും കഴിഞ്ഞചൂരല്‍മലയും മുണ്ടക്കൈയും പുനസൃഷ്ടിക്കാണ് പരിശ്രമം.
കഴിഞ്ഞ ലോക് സഭ തിരഞ്ഞെടുപ്പ് കാലം..മാസങ്ങള്‍ക്കുശേഷം ചൂരല്‍മലയിലെ പോളിങ് സ്റ്റേഷനില്‍ വച്ച് കണ്ടുമുട്ടിയ അവര്‍ പരസ്പരം കെട്ടിപ്പിടിച്ച് കരഞ്ഞു. ഒരു കുടുംബമായി കഴിഞ്ഞവരായിരുന്നു അവര്‍. ഉരുള്‍പൊട്ടലില്‍ ചിതറിപ്പോയ പലരും പല നാടുകളിലായി.എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ ഇന്നിടുന്ന കല്ല് ഇവര്‍ക്കൊരു പ്രതീക്ഷയാണ്. ഉറ്റവര്‍ പലരും ജീവനോടെയില്ല. പക്ഷെ കൂടെപ്പിറപ്പുകളെപ്പോലെ ചേര്‍ത്തുപിടിച്ചവരെ തിരിച്ചുകിട്ടുന്നതിന്റ സന്തോഷം.
മേപ്പാടി സ്കൂളിലെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റിയ കുടുംബങ്ങളെ ഓഗസ്റ്റ് 20 നാണ് വാടക വീടുകളിലേക്ക് മാറിയത്. ക്യാംപില്‍ പരസ്പരം ആശ്വസിപ്പിച്ചവര്‍ പലവഴിക്കായി ചിതറി. അടിസ്ഥാന സൗകര്യങ്ങളുടെ കുറവ്. നിത്യച്ചെലവിന് വഴിയില്ലാത്ത അവസ്ഥ. പരാതി പറയുമ്പോഴും വേദനകള്‍ സഹിച്ച് അവര്‍ കഴിഞ്ഞു കൂടി.
കല്‍പ്പറ്റക്കടുത്തെ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലും മേപ്പാടിക്കടുത്തെ ഹാരിസണ്‍ എസ്റ്റേറ്റിലുമായി ദുരന്തബാധിതര്‍ക്കായി പുനരധിവാസ ടൗണ്‍ഷിപ്പ് ഒരുക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചത് ഒക്‌ടോബര്‍ നാലിന്. നടപടികള്‍ തുടങ്ങിയതോടെ എസ്റ്റേറ്റ് ഉടമകള്‍ കോടതിയെ സമീപിച്ചു.
വാദം പൂര്‍ത്തിയാകുന്നത് വരെ ഭൂമി ഏറ്റെടുക്കരുതെന്ന് കോടതി നിര്‍ദേശം വന്നതോടെ പുനരധിവാസ നടപടികള്‍ അനശ്ചിതത്വത്തിലായി. സര്‍ക്കാരിനെതിരെ ദുരന്ത ബാധിതരും പ്രതിപക്ഷ പാര്‍ട്ടികളും തെരുവിലിറങ്ങി.
കേന്ദ്രസര്‍ക്കാരിന്റ നിഷേധാത്മക നിലപാടുകളും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയായി. കേരളത്തില്‍ നിന്നുള്ളവര്‍ ഡല്‍ഹിയിലെത്തി പ്രതിഷേധിച്ചിട്ടും പ്രത്യേക സഹായമെന്ന കേരളത്തിന്‍റെ ആവശ്യം അംഗീകരിച്ചില്ല.എസ്‍.ടി.ആര്‍.എഫിലേക്ക് 120 കോടിയും 529 കോടി പലിശരഹിത വായ്‌പയും നല്‍കി അനുവദിച്ച കേന്ദ്രം ചെലവഴിക്കാനുള്ള സമയപരിധിയും വച്ചു.
ഒടുവില്‍ മതിയായ നഷ്‌ടപരിഹാരം നല്‍കി ഭൂമി ഏറ്റെടുക്കാമെന്ന് ഡിസംബര്‍ 27 ന് കോടതി ഉത്തരവ് വന്നു. ടൗണ്ഷിപ്പിനായി എല്‍സ്റ്റണ്‍ എസ്റ്റേറ്റ് മാത്രം ഏറ്റെടുക്കാനും നിര്‍മാണചുമതല ഊരാളുങ്കലിനെ ഏല്‍പ്പിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.
വീടിന് അര്‍ഹരായവരുടെ പട്ടിക തയാറാക്കിയതിലും ആക്ഷേപം ഉയര്‍ന്നു. അര്‍ഹരായവര്‍ പലരും ഉള്‍പ്പെടുത്തിയില്ലെന്ന് ആരോപിച്ച് പ്രതിഷേധങ്ങള്‍.
26 കോടി രൂപ നഷ്ടപരിഹാരമായി കെട്ടിവച്ച് എല്‍സ്റ്റണ്‍ എസ്റ്റേറ്റ് എടുക്കാമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തിങ്കളാഴ്ട ഉത്തരവിട്ടതോടെ ടൗണ്‍ഷിപ്പ് കല്ലിടലിന് വഴിയൊരുങ്ങി. വീടുകളുടെ നിര്‍മാണം ഡിസംബറോടു കൂടി പൂര്‍ത്തിയാക്കാമെന്ന ഊരാളുങ്കലിന്റ ഉറപ്പിലാണ് പ്രതീക്ഷ.
നാള്‍വഴികളിലൂടെ...