മനുഷ്യ, വന്യജീവി സംഘര്‍ഷങ്ങള്‍ കുറയ്ക്കാന്‍ വയനാടിന് പിന്നാലെ പാലക്കാട്ടെ വനാതിര്‍ത്തിയിലും നിര്‍മിതബുദ്ധി ക്യാമറയുടെ നിരീക്ഷണം. പിടി സെവന്‍ വിഹരിച്ചിരുന്ന ധോണി മേഖലയിലെ രണ്ടിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ തെര്‍മല്‍ ക്യാമറയും ദീർഘ ദൂര ലേസർ ഇൻഫ്രാറെഡ് കാമറകളും സ്ഥാപിച്ചത്. ആനയും, കടുവയും, കാട്ടുപോത്തും ഉള്‍പ്പെടെ വനാതിര്‍ത്തി വിട്ടിറങ്ങിയാല്‍ വനംവകുപ്പിനും നാട്ടുകാര്‍ക്കും വിവരം കൈമാറുന്ന മട്ടിലാണ് സംവിധാനം.
കാട്ടില്‍ നിന്നും നാട്ടിലേക്കുള്ള രാത്രിയിലെ വരവാണ്. ആരുടെയും കണ്ണില്‍പ്പെടാതെ ജനവാസമേഖലയില്‍ ഇറങ്ങാനുള്ള ശ്രമം. പുതിയ സാങ്കേതിക വിദ്യ പരീക്ഷിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ ആനകള്‍ക്ക് നാട്ടിലേക്കിറങ്ങുക ഇനി എളുപ്പമാവില്ല. നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന തെർമൽ ക്യാമറകളും ദീർഘദൂര ലേസർ ഇൻഫ്രാറെഡ് കാമറകളും ഏർലി ലേര്‍ണിങ് സംവിധാനത്തിന്‍റെ ഭാഗമായി വന്യജീവികളുടെ വരവറിയിക്കും. കണ്‍ട്രോള്‍ റൂമിലും നാട്ടുകാരുടെ മൊബൈല്‍ ഫോണിലും ഉള്‍പ്പെടെ മുന്നറിയിപ്പ് സന്ദേശമെത്തും.
നാട്ടിലേക്കിറങ്ങുന്ന വന്യമൃഗങ്ങളെ ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് നിരീക്ഷിക്കാനും പ്രതിരോധിക്കാനുമാണ് സമഗ്രമായ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. വയനാട് പുല്‍പ്പള്ളിയിലെ പരീക്ഷണം വിജയമെന്ന പ്രാഥമിക വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് പാലക്കാട്ടെയും ജാഗ്രത. സോളര്‍ സംവിധാനത്തിലൂടെയുള്ള പ്രവര്‍ത്തനമായതിനാല്‍ വൈദ്യുതി മുടക്കം നിരീക്ഷണത്തെ ബാധിക്കില്ല. ദിനേശ് ഐ ടി സിസ്റ്റംസാണ് വനംവകുപ്പുമായി ചേര്‍ന്ന് പദ്ധതി യാഥാര്‍ഥ്യമാക്കിയത്. ഒലവക്കോട്ടെ കണ്‍ട്രോള്‍ റൂമിലേക്ക് കേരളത്തിലെ ഏത് വനാതിര്‍ത്തിയിലെയും ക്യാമറ നിരീക്ഷണം ബന്ധപ്പെടുത്താമെന്നതും പ്രത്യേകതയാണ്.