veena-vijayan

മുഖ്യമന്ത്രിയുടെ മകള്‍ വീണയെ എസ്എഫ്ഐഒ പ്രതി ചേര്‍ത്തുവെന്ന വാര്‍ത്ത  പുറത്തു വന്നതോടെ ട്രോളന്‍മാര്‍ ആക്റ്റീവാണ്. ഈ പറയുന്ന പ്രതിയെ ആറു മാസം മുന്‍പേ ക്ലിഫ് ഹൗസില്‍ നിന്നും പിഡബ്ള്യുഡി ഹൗസില്‍ നിന്നും പുറത്താക്കിയതാണ്. അതുകൊണ്ട് ഇനി മുഖ്യമന്ത്രിയും പിഡബ്ള്യുഡി മന്ത്രിയും മറുപടി പറയേണ്ടതില്ലെന്ന് ഒരു വിരുതന്റെ പോസ്റ്റ്. ആ പി.വി. ഞാനല്ല എന്ന് ഒന്നൂടെ പറ എന്ന് വേറാരാള്‍. അതെന്താ മുഖ്യമന്ത്രിയുടെ മകള്‍ എന്നു മാത്രം പറയുന്നത്, പൊതുമരാമത്ത് മന്ത്രിയെ അവഗണിക്കുന്നത് ശരിയല്ലെന്ന് ഓര്‍മിപ്പിക്കല്‍. വീണ പ്രതിയല്ല വാദിയുടെ എതിര്‍കക്ഷിയെന്നു പറയാമെന്നു കാപ്സ്യൂള്‍ എടുക്കുന്നവരുമുണ്ട്.

Read Also: മാസപ്പടിക്കേസ്: വീണ വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി



മന്ത്രി മുഹമ്മദ് റിയാസും മുഖ്യമന്ത്രിയും ഒന്നും മിണ്ടാതിരുന്നപ്പോഴും ന്യായീകരിച്ചു മരിച്ച പാര്‍ട്ടി നേതാക്കള്‍ ഇനി എന്തു ചെയ്യുമെന്ന് ആശങ്കപ്പെടുന്നവരുണ്ട്. ബി.ജെ.പിക്കൊരു പത്തു സീറ്റിന് ഡീലാകുമല്ലോ എന്ന് താടിക്കു കൈകൊടുക്കുന്നവര്‍ വേറെ. 37 തവണ ലാവലിന്‍ കേസ് മാറ്റിവയ്ക്കാനായവര്‍ക്ക് ഇതൊക്കെ എന്ത് എന്ന് ദീര്‍ഘവീക്ഷണം കൊള്ളുന്നവരുമുണ്ട്. ഇതൊക്കെ എമ്പുരാന്‍ കാണാന്‍ മുഖ്യമന്ത്രി പോയതിന്റെ പ്രതികാരമാണെന്ന് ഒരു വ്യാഖ്യാനം.  

വീണയെ അറിയാമോ, വിജയനെ അറിയാമോ എന്നു പാട്ടെഴുതിക്കളഞ്ഞു ചിലര്‍. ഒരു ചായസല്‍ക്കാരം വര്‍ക്കൗട്ടായില്ലെങ്കിലും അടുത്തു തന്നെ ഒരു സല്‍ക്കാരം കൂടി നടത്താമെന്നു ഉപദേശവുമുണ്ട്. കഴിഞ്ഞയാഴ്ച ഹൈക്കോടതിയില്‍ കിട്ടിയ ക്ലീന്‍ ചിറ്റ് ഇവിടെ എവിടെയോ ഉണ്ടായിരുന്നല്ലോ എന്നു തപ്പാന്‍ പോയവരുമുണ്ട്. തിരഞ്ഞെടുപ്പ്  അടുക്കുമ്പോള്‍ ഇതൊക്കെ എത്ര കാണുന്നതായെന്ന് നിഷ്പക്ഷ നിസംഗരാകുന്നവരും ഒട്ടേറെ.