എമ്പുരാന്‍ സിനിമ തിയറ്ററുകളില്‍ എത്താതിരിക്കാന്‍ ചിലര്‍ ശ്രമിച്ചുവെന്ന് പൃഥ്വിരാജിന്‍റെ അമ്മയും നടിയുമായ മല്ലിക സുകുമാരന്‍. പെട്ടെന്ന് ഒരു സമരം കൊണ്ടുവരാനും റിലീസ് മുടക്കാനുമായിരുന്നു ശ്രമമെന്നും സംവിധായകനെന്ന നിലയില്‍ പൃഥ്വിക്ക് പേരുവരുമെന്ന തോന്നലാണ് അതിന് പിന്നിലെന്നും അവര്‍ മനോരമന്യൂസിനോട് പറഞ്ഞു. സിനിമ കണ്ടിട്ട് 'അസാമാന്യമായി എടുത്തിരിക്കുന്നുവെന്നാണ് പുറത്തുള്ള പലരും പറഞ്ഞത്. പിന്തുണച്ച് സംസാരിക്കാതിരുന്നത് കേരളത്തില്‍ നിന്നാണ്. അതിന് പിന്നില്‍ പല സ്വാധീനങ്ങളുമുണ്ടെന്നും അത് നടക്കട്ടെയെന്നും അവര്‍ തുറന്നടിച്ചു. കൂടുതല്‍ സിനിമകളെടുത്ത് മലയാള സിനിമയ്ക്ക് അഭിമാനമായി പൃഥ്വിരാജ് തീരണമെന്ന് പറയേണ്ടവര്‍ തന്നെയാണ് എതിര്‍ത്തതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പൃഥ്വിരാജ് എന്ന സംവിധായകന്‍ ഉയരാന്‍ പാടില്ലെന്ന് ആര്‍ക്കൊക്കെയോ ചില നിബന്ധനയുണ്ട്. 'തിയേറ്ററുകാരൊക്കെ ആഘോഷത്തോടെ പൃഥ്വിയെ സ്വീകരിക്കുന്നതും, അവരുടെ കാശൊക്കെ തിരിച്ച് കിട്ടുമെന്നുള്ളതും ആയപ്പോള്‍ അതില്‍ വേകുന്ന കുറേപ്പേരുണ്ടെന്നും അവര്‍ ആരോപിച്ചു.
സിനിമയെ ചൊല്ലി വലിയ വിവാദങ്ങള്‍ ഉണ്ടായതിന് പിന്നാലെ സിനിമ മേഖലയില്‍ നിന്ന് നിരവധിപ്പേര്‍ പിന്തുണ അറിയിച്ച് മെസേജുകള്‍ അയച്ചു. മമ്മൂട്ടിയുടെ മെസേജ് കണ്ട് തന്‍റെ കണ്ണുനിറഞ്ഞുപോയെന്നും മല്ലിക വെളിപ്പെടുത്തി. സജി നന്ത്യാട്ടുള്‍പ്പടെയുള്ളവര്‍ വിളിച്ചുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
നിലവിലെ വിവാദങ്ങളില്‍ പൃഥ്വിരാജിന് സങ്കടമൊന്നുമില്ലെന്നും താന്‍ ആരെയും കാണിക്കാതെ എന്തൊക്കെയോ എഴുതിച്ചേര്‍ത്ത് സിനിമയില്‍ എടുത്തുവെന്ന തരത്തില്‍ മേജര്‍ രവി ഉള്‍പ്പടെയുള്ളവര്‍ സംസാരിച്ചിട്ടുണ്ടെന്നും അത് പൃഥ്വിക്ക് സങ്കടമായെന്നും അവര്‍ വെളിപ്പെടുത്തി.
മേജര്‍രവിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് തനിക്ക് ഇഷ്ടമായില്ലെന്നും പൃഥ്വിയെ അപകീര്‍ത്തിപ്പെടുത്തുന്ന വാക്കുകള്‍ ആണ് ഉണ്ടായതെന്നും അവര്‍ പറഞ്ഞു. 'മോഹന്‍ലാല്‍ കരഞ്ഞുകൊണ്ടിരിക്കുന്നു, മാപ്പെഴുതി വച്ചിട്ടുണ്ട്' എന്ന തരത്തിലായിരുന്നു എഴുത്ത്. എമ്പുരാന്‍ സിനിമയുടെ സ്ക്രിപ്റ്റിലെ ഒന്നാമത്തെ പേജിലെ ഒന്നാമത്തെ വാചകം മുതല്‍ പല ആവര്‍ത്തി വായിച്ചവരാണ് അവരെല്ലാവരുമെന്നും പൃഥ്വിക്ക് ആരെയും ചതിക്കേണ്ട കാര്യമില്ലെന്നും അവര്‍ പറഞ്ഞു.