കേന്ദ്ര ആരോഗ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ സംസ്ഥാന ആരോഗ്യമന്ത്രിക്ക് ലഭിച്ചത് ആശ പ്രവർത്തകരുടെ ഇൻസെന്റീവ് വർദ്ധനയടക്കമുള്ള ആവശ്യങ്ങൾ പരിഗണിക്കാമെന്ന മറുപടി മാത്രം. ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിൽ കേരളത്തിന് കൃത്യമായ ഉറപ്പുകളൊന്നും നൽകിയില്ല. സംസ്ഥാനം ഓണറേറിയം വർധിപ്പിക്കുന്നതിൽ വീണ ജോർജ് വ്യക്തമായ മറുപടി നൽകിയില്ല.
ആശ പ്രവർത്തകരുടെ ഇൻസെന്റീവ് വർധന പരിഗണയിലുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നഡ്ഡ നേരത്തെ രാജ്യസഭയിൽ പറഞ്ഞിരുന്നു. ഇക്കാര്യം കൂടിക്കാഴ്ചയിലും ആവർത്തിച്ചു. കേരളത്തിന് കുടിശിക ലഭിക്കാനുള്ളത് പരിശോധിക്കാം എന്ന് കേന്ദ്രമന്ത്രി പറഞ്ഞതായും വീണ ജോർജ്. ഇൻസെന്റീവ് വർധിപ്പിച്ചാൽ കേരളം ഓണറേറിയം വര്‍ധിപ്പിക്കുമോയെന്ന ചോദ്യത്തിന് മറുപടി നല്‍കിയത് അവ്യക്തമായി.
ചുരുക്കത്തിൽ ആശ പ്രവർത്തകരുടെ പ്രധാന ആവശ്യങ്ങളെ അംഗീകരിക്കുന്ന ഒന്നും കൂടിക്കാഴ്ചയിൽ ഉണ്ടായില്ല. ആശ പ്രവർത്തകരെ തൊഴിലാളികളായി പ്രഖ്യാപിക്കണം എന്ന് ആവശ്യപ്പെട്ടെന്നു പറഞ്ഞ മന്ത്രി കേന്ദ്രവുമായി നടത്തിയ ചർച്ചയുടെ വിശദാംശങ്ങൾ ആശവർക്കർമാരെ അറിയിക്കുന്നത് പരിശോധിക്കുമെന്നും അറിയിച്ചു.
ഐ.എന്‍.ടി.യു.സി ആവശ്യമനുസരിച്ച് മൂന്ന് ദിവസത്തിനുള്ളിൽ എല്ലാ സംഘനകളുമായും ചർച്ച നടത്തുമെന്നും വീണ ജോർജ് പറഞ്ഞു. എയിംസ്, വയനാട് മെഡിക്കൽ കോളജ് വികസനം എന്നിവയും കൂടികാഴ്ച്ചയിൽ ചർച്ചയായി. രണ്ടാഴ്ച മുൻപ് തലേദിവസം സമയം ചോദിച്ചാതിനെത്തുടർന്ന് കേന്ദ്രമന്ത്രിയുമായുള്ള കൂടികാഴ്ചയ്ക്ക് വീണാ ജോർജിന് സമയം ലഭിച്ചിരുന്നില്ല.