എട്ടാം ക്ലാസില്‍ മിനിമം മാര്‍ക്ക് ലഭിച്ചിട്ടില്ലാത്ത കുട്ടികള്‍ക്ക് നടത്തുന്ന സേ പരീക്ഷയ്ക്കായുള്ള പരിശീലന ക്ലാസുകള്‍ എങ്ങനെ നടത്തണമെന്നതില്‍ അധ്യാപകര്‍ക്ക് ആശയകുഴപ്പം. പത്ത്മാസം പഠിപ്പിച്ച പാഠഭാഗങ്ങള്‍ പത്ത് ദിവസം കൊണ്ട് പഠിപ്പിക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ നിര്‍ദേശം.നാളെ മുതലാണ് ക്ലാസുകള്‍ ആരംഭിക്കേണ്ടത്.
എട്ടാംക്ലാസില്‍ ഒാരോ വിഷയത്തിനും 30 ശതമാനം മാര്‍ക്ക് ലഭിച്ചിട്ടില്ലാത്ത കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താന്‍ വേണ്ടിയാണ് പ്രത്യേക ക്ലാസും പുനപരീക്ഷയും നടത്തുന്നത്. വിദ്യാഭ്യാസ വകുപ്പിന്റ കണക്ക് അനുസരിച്ച് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരാജയപ്പെട്ടിരിക്കുന്നത് ഹിന്ദിക്കാണ്. സമയം എടുത്ത് പഠിപ്പേക്കേണ്ട ഹിന്ദി , ഇംഗ്ലീഷ് പോലുള്ള ഭാഷാ വിഷയങ്ങള്‍ 10 ദിവസം കൊണ്ട് എങ്ങനെ പഠിപ്പിക്കുമെന്നാണ് അധ്യാപകരുടെ ചോദ്യം.
പ്രത്യേക പാഠഭാഗം ഒന്നും പറഞ്ഞിട്ടില്ല, മുഴുവനായി പഠിപ്പിക്കണം എന്നാണ് പറഞ്ഞിരിക്കുന്നത്. രാവിലെ ഒമ്പതര മുതല്‍ പന്ത്രണ്ടര വരെയാണ് സമയം. 40 മിനിറ്റ് ദൈര്‍ഘ്യമുള്ള പീരീഡുകള്‍ വച്ച് സ്കൂളുകള്‍ ടൈംടേബിള്‍ ക്രമീകരിച്ചിട്ടുണ്ട്. വിജയിക്കാനാവാത്ത വിഷയങ്ങളില്‍ മാത്രം കുട്ടികള്‍ പങ്കെടുത്താന്‍ മതി.25 ആം തീയതി മുതല്‍ 28 വരെ പുനപരീക്ഷയും 30 ന് ഫല പ്രഖ്യാപനവും നടത്തും. പുനപരീക്ഷയിലും 30 ശതമാനം മാര്‍ക്ക് കിട്ടാത്ത കുട്ടികളെ ജയിപ്പിക്കുമെങ്കിലും ഒന്‍പതാം ക്ലാസിലും അവര്‍ക്ക് പരിശീലന ക്സാസുകള്‍ ഉണ്ടാകും.