കാട്ടാനക്കലിയിൽ യുവാവ് കൊല്ലപ്പെട്ടതിൽ പാലക്കാട് മുണ്ടൂരിൽ സി.പി.എം ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളുടെ പ്രതിഷേധം. വന്യജീവികൾ ജനവാസ മേഖലയിലേക്ക് ഇറങ്ങാതിരിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ യാതൊന്നും ചെയ്യുന്നില്ലെന്ന് ആരോപിച്ചായിരുന്നു സി.പി.എമ്മിൻ്റെ മുണ്ടൂരിലെ പ്രതിഷേധം. പാലക്കാട് ഡി.എഫ്.ഒ ഓഫിസിലേക്ക് പ്രതിഷേധമായെത്തിയ ബി.ജെ.പി പ്രവർത്തകർ റെയിൽവേ കോളനിയിലേക്കുള്ള റോഡ് ഉപരോധിച്ചു. മുണ്ടൂർസെക്ഷൻ ഫോറസ്റ്റ് ഓഫിസിലേക്കായിരുന്നു കോൺഗ്രസ് പ്രതിഷേധം.
വനം വകുപ്പ് ഉദ്യോഗസ്ഥരുടെ വീഴ്ചയും മെല്ലെപ്പോക്കുമാണ് മറ്റൊരു ജീവൻ കൂടി പൊലിയാൻ ഇടയാക്കിയതെന്ന് ഭരണകക്ഷിയുടെ കുറ്റപ്പെടുത്തൽ. മുണ്ടൂർ പഞ്ചായത്ത് പരിധിയിൽ രാവിലെ തുടങ്ങി ഉച്ചവരെ സി.പി.എമ്മിൻ്റെ നേതൃത്വത്തിൽ ഹർത്താലും ആചരിച്ചു. പാലക്കാട് ഡി.എഫ്.ഒ ഓഫിസിലേക്കുള്ള ബി.ജെ.പി മാർച്ചിൽ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. തുടർന്ന് പ്രവർത്തകർ ധോണി റോഡ് ഉപരോധിച്ചു.
ബി.ജെ.പി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. മുണ്ടൂരിൽ നിന്നും ഒൻപതാം മൈലിലെ വനം വകുപ്പ് സെക്ഷൻ ഓഫിസിലേക്കായിരുന്നു കോൺഗ്രസ് പ്രതിഷേധം.