vizhinjam-port-3
  • കേന്ദ്രത്തിന് വഴങ്ങി കേരളം
  • തുറമുഖ വരുമാനം കേന്ദ്രവുമായി പങ്കിടും
  • പ്രധാനമന്ത്രിയുടെ തീയതി കിട്ടിയാലുടന്‍ കമ്മിഷനിങ്

വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതിയുടെ വയബിലിറ്റി ഗ്യാപ് ഫണ്ട് അനുവദിക്കുന്നതിന് കേന്ദ്രസര്‍ക്കാരിന് വഴങ്ങി സംസ്ഥാനം.  കേന്ദ്രസര്‍ക്കാരും അദാനി പോര്‍ട്ടും ബാങ്ക് കണ്‍സോര്‍ഷ്യവും തമ്മിലുള്ള ത്രികക്ഷി കരാറിലാണ് ഒപ്പുവച്ചത്. ഇതനുസരിച്ച് തുറമുഖ വരുമാനത്തിന്‍റെ 20 % കേന്ദ്രസര്‍ക്കാരുമായി പങ്കിടേണ്ടി വരും. കേന്ദ്രം നൽകുന്ന വിജിഎഫ് ആയ 817.8 കോടി രൂപ, തുറമുഖത്തിന്റെ വരുമാന വിഹിതം സഹിതം തിരിച്ചടയ്ക്കാനുള്ള നിർദേശം മന്ത്രിസഭായോഗം അംഗീകരിച്ചതോടെയാണ് കരാര്‍ ഒപ്പിട്ടത്. പ്രധാനമന്ത്രിയുടെ തീയതി കിട്ടിയാലുടന്‍ കമ്മിഷനിങ് നടത്തുമെന്ന് മന്ത്രി വി.എന്‍.വാസവന്‍ അറിയിച്ചു. 

അടിസ്ഥാനസൗകര്യ വികസനത്തിൽ സ്വകാര്യനിക്ഷേപം പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സാമ്പത്തികമായി ലാഭകരമാകാത്ത പദ്ധതികൾക്കു പ്രഖ്യാപിച്ച ധനസഹായമായ വിജിഎഫ്, കേരളത്തിനു മാത്രം വായ്പയായി മാറ്റിയാണ് കേന്ദ്ര സർക്കാർ നൽകുന്നത്. എന്നാല്‍ തൂത്തുക്കുടി ഉൾപ്പെടെയുള്ള തുറമുഖങ്ങൾക്ക് അനുവദിച്ച രീതിയിൽ വിജിഎഫ് ഗ്രാന്റായി നൽകണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം കേന്ദ്രം തുടർച്ചയായി നിരസിച്ചിരുന്നു.  

കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന 817.8 കോടി രൂപ തിരിച്ചടച്ചു തീരുന്നതുവരെ, തുറമുഖ പദ്ധതിയിൽനിന്നു സംസ്ഥാനത്തിനു ലഭിക്കുന്ന വരുമാന വിഹിതത്തിന്റെ 20% കേന്ദ്രത്തിനു നൽകണമെന്നാണ് വ്യവസ്ഥ. വരുമാന വിഹിതം ലഭിച്ചു തുടങ്ങുന്ന 2034 ലെ മൂല്യം കണക്കാക്കി ഏതാണ്ട് 12,000 കോടി രൂപ ഇത്തരത്തിൽ നൽകേണ്ടിവരും.  കേന്ദ്ര വിജിഎഫ് വേണ്ടെന്നു വച്ചാൽ ആ വിഹിതം കൂടി അദാനി കമ്പനിക്കു സംസ്ഥാന സർക്കാർ നൽകേണ്ടിവരും. വിജിഎഫ് വായ്പയായി മതിയെന്നും തിരിച്ചടവു തീരുംവരെ വരുമാനത്തിന്റെ 20 % നൽകാമെന്നും 2014 ൽ സംസ്ഥാന സർക്കാർ രേഖാമൂലം സമ്മതിച്ചതും ഗ്രാന്റായി വേണമെന്ന ഇപ്പോഴത്തെ വാദത്തിനു തിരിച്ചടി നല്‍കിയിരുന്നു. 

ENGLISH SUMMARY:

Kerala signs tripartite deal with Centre and Adani Ports, agreeing to share 20% of Vizhinjam port revenue in exchange for ₹817.8 crore Viability Gap Funding.