കിഫ്ബി ഫണ്ട് വഴി ചെല്ലാനത്തെ രണ്ടാംഘട്ട വികസനം ഉടൻ തുടങ്ങുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റീൻ മനോരമന്യൂസിനോട്. കടലാക്രമണം രൂക്ഷമായ കേരളത്തിലെ പത്ത് ഹോട്ട്സ്പോട്ടുകളും കിഫ്ബി വഴി പരിഹാരപദ്ധതി നടപ്പാക്കും. കാസർകോട് അണക്കെട്ട് നിർമിക്കുന്നതിനുള്ള പരിശോധന നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
കടലാക്രമണം രൂക്ഷമായിരുന്ന ചെല്ലാനം ഇന്ന് ശാന്തമാണ്. കിഫ്ബി വഴി രണ്ടാംഘട്ട വികസനം കൂടി നടപ്പാക്കുന്നതോടെ ചെല്ലാനം പുതിയ മോഡൽ ആയി മാറുമെന്ന് റോഷി അഗസ്റ്റീൻ. ചെല്ലാനം മാത്രമല്ല, കടലാക്രമണം രൂക്ഷമായ പത്ത് ഹോട്ട്സ്പോട്ടുകളിൽ പദ്ധതിക്കായി 1500 കോടി രൂപയാണ് കിഫ്ബി വഴി ചെലവഴിക്കുന്നത്.
കുടിവെള്ള പ്രതിസന്ധി നിലവിൽ ഇല്ലെങ്കിലും ഭാവിയിലെ പ്രതിസന്ധി മുന്നിൽകണ്ടുള്ള പ്രവർത്തനമാണ് നടക്കുന്നത്. കാസർകോട് അണക്കെട്ട് നിർമിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുന്നത് അങ്ങനെയാണ്. ജൽജീവന് പുറമേ നഗരമേഖലയിലെ കുടിവെള്ള പ്രതിസന്ധി മറികടക്കാൻ 5000 കോടി രൂപയുടെ പദ്ധതികളാണ് കിഫ്ബി വഴി നടപ്പാക്കിയതെന്നും മന്ത്രി. കിഫ്ബി വഴി ജലസേചനവകുപ്പിലെ 101 പദ്ധതികൾക്കായി 6,912 കോടി രൂപയാണ് കഴിഞ്ഞവർഷം ചെലവഴിച്ചത്.