TOPICS COVERED

സംസ്ഥാനത്ത് യു.ഡി.എഫ് തരംഗം ആഞ്ഞുവീശിയപ്പോൾ 110 മണ്ഡലങ്ങളിൽ തകർന്നടിഞ്ഞ് ഇടതുമുന്നണി. സംസ്ഥാന നിയമസഭയിൽ 99 സീറ്റുകൾ ഉള്ളപ്പോഴാണ് 19 മണ്ഡലങ്ങളിലേക്ക് ഇടതുമുന്നണിയുടെ ലീഡ് ചുരുങ്ങിയത്. നാലോ അ‍ഞ്ചോ സീറ്റ് ലഭിക്കുമെന്ന നേതൃത്വത്തിൻറെ കണക്കുകൂട്ടലാണ് ഭരണവിരുദ്ധവികാരത്തിൽ തകർന്ന് തരിപ്പണമായത്. അതേസമയം തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പുകളിൽ തോൽവി ഏറ്റുവാങ്ങിയ യു.ഡി.എഫിൻറെ തിരിച്ചുവരവാണ് 110 മണ്ഡലങ്ങളിൽ കണ്ടത്. 

സംസ്ഥാന സർക്കാർ വിരുദ്ധതയും ബി.ജെ.പിയോടുള്ള എതിർപ്പും ഗ്രൂപ്പിന് അതീതമായി കോൺഗ്രസുകാരെ യോജിപ്പിച്ചപ്പോൾ പല മണ്ഡലങ്ങളിലും സ്ഥാനാർഥികളുടെ ഭൂരിപക്ഷം ലക്ഷങ്ങൾ കടന്നു. യു.ഡി.എഫിൻറെ മുന്നേറ്റത്തിൽ മന്ത്രിമാരുടെ മണ്ഡലത്തിലും ഇടതുമുന്നണിക്ക് തിരിച്ചടിയേറ്റു. അരലക്ഷം വോട്ടിന് മുഖ്യമന്ത്രി നിയമസഭയിലേക്ക് ജയിച്ച ധർമടത്ത് 2616 വോട്ട് മാത്രമാണ് എൽഡിഎഫിന് കിട്ടിയ ലീഡ്. കെ.എൻ.ബാഗോപാലിൻറെ കൊട്ടാരക്കരയിലും കെ.രാധാകൃഷ്ണൻറെ ചേലക്കരയിലും കൂടി മാത്രമാണ് ഇടതുമുന്നണിക്ക് ലീഡ് നേടാനായത്. 

വി.ശിവൻകുട്ടിയുടെ നേമത്തും ആർ.ബിന്ദുവിന്റെ ഇരിങ്ങാലക്കുടയിലും എൽഡിഎഫ് മൂന്നാംസ്ഥാനത്തേക്ക് പിൻതള്ളപ്പെട്ടു. സി.പി.ഐ മന്ത്രിമാരുടെ എല്ലാ മണ്ഡലങ്ങളിലും എൽ.ഡി.എഫ് പിന്നിലായി. കേരള കോൺഗ്രസ്, ജനതാദൾ മന്ത്രിമാരുടെ മണ്ഡലങ്ങളായ ഇടുക്കിയിലും ചിറ്റൂരിലും സ്ഥിതി വ്യത്യസ്തമല്ല. ലോക്സഭ തിരഞ്ഞെടുപ്പ് ഫലം നൽകിയ ആത്മവിശ്വാസത്തിലാകും യു.ഡി.എഫ് തദ്ദേശ തിരഞ്ഞെടുപ്പ് നേരിടാൻ പോകുന്നത്.