ജോസ് കെ. മാണിക്കെതിരെ പാലായില്‍  ഫ്ലക്സുകള്‍. ജോസ്  പാലായുടെ അപമാനമെന്നെഴുതിയ ബോര്‍ഡുകളാണ് ഉയര്‍ന്നിരിക്കുന്നത്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ ഭയക്കുന്ന ജോസ് നാടിന് അപമാനമെന്നും എഴുതിയിട്ടുണ്ട്. സിപിഎം കൗണ്‍സിലര്‍ ബിനു പുളിക്കക്കണ്ടത്തെ പുറത്താക്കിയ നടപടിയിലാണ് പ്രതിഷേധം. ഫ്ലക്സുകള്‍ക്ക് പിന്നില്‍ ബിനു പുളിക്കക്കണ്ടമാണെന്നാണ് കേരള കോണ്‍ഗ്രസ് എം ആരോപിക്കുന്നത്. തന്നെ സിപിഎം പുറത്താക്കിയത് ജോസ് കെ.മാണി പറഞ്ഞിട്ടെന്ന് ബിനു പുളിക്കക്കണ്ടം. തനിക്കെതിരായ നടപടിയില്‍ സിപിഎമ്മില്‍ തന്നെ അതൃപ്തിയുണ്ട്. ജോസ് കെ.മാണിക്കെതിരായ നിലപാടില്‍ ഉറച്ചുനില്‍ക്കുമെന്നും മറ്റു പാര്‍ട്ടികളിലേക്കില്ലെന്നും ബിനു പുളിക്കക്കണ്ടം പറഞ്ഞു.

വിശദീകരണം പോലും ചോദിക്കാതെ തിടുക്കപ്പെട്ട് തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതിൽ പാലായിലെ സിപിഎം പ്രവർത്തകർക്ക് കടുത്ത അമർഷം ഉണ്ടെന്നാണ് ബിനു വ്യക്തമാക്കുന്നത്. ജോസ് കെ മാണിയുടെ രാഷ്ട്രീയ പാപ്പരത്വം ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തത്. രാജ്യസഭയിലെ സിപിഎം വിട്ടുവീഴ്ചയെ വിമർശിച്ച നിലപാടിൽ മാറ്റമില്ല, ബിനു പറയുന്നു. അതേസമയം പാലാ നഗരസഭയ്ക്ക് മുന്നിൽ ഉൾപ്പെടെ സ്ഥാപിച്ചിരുന്ന ജോസ് കെ മാണിക്ക് എതിരായ ഫ്ലക്സ് ബോർഡുകൾ കേരള കോൺഗ്രസ് എം പ്രവർത്തകർ ചേർന്ന് നീക്കം ചെയ്തു.

ENGLISH SUMMARY:

Flex boards in Pala against Jose K Mani