mv-govindan-cpm

ലോക്സഭാതിരഞ്ഞെടുപ്പില്‍ സിപിഎമ്മിനുണ്ടായ തോല്‍വിക്ക് മുഖ്യകാരണം ഈഴവ വോട്ടുകളിലെ ചോര്‍ച്ചയെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി എം.വി.ഗോവിന്ദന്‍. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ഭാര്യയും മകനും സംഘപരിവാറിന് അനുകൂലമായ നിലപാടുകള്‍ സ്വീകരിച്ചു. ബി‍‍ഡിജെഎസിലൂടെ ഈ വിഭാഗത്തിലേക്ക് ബിജെപി ആസൂത്രണം ചെയ്ത കടന്നുകയറ്റത്തിന് അവര്‍ വഴിയൊരുക്കിയെന്നും എം.വി.ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

pinarayi-vellappally

എസ്എന്‍ഡിപി യോഗം പല രാഷ്ട്രീയ പാര്‍ട്ടികളിലെയും അംഗങ്ങളും അനുഭാവികളും എല്ലാം ഉള്‍പ്പെട്ടതാണ്. അതില്‍ വര്‍ഗീയ വല്‍കരണത്തിലേക്ക് നീങ്ങുന്ന ഒരു വിഭാഗം ബിജെപിക്കുവേണ്ടി സജീവമായി ഇടപെട്ടിട്ടുണ്ട്. ബിജെപിക്കും ആര്‍എസ്എസിനും അനുകൂലമായി വോട്ട് മാറ്റിയതില്‍ ഇവര്‍ക്ക് നിര്‍ണായക പങ്കുണ്ട്. സമുദായത്തെ ആര്‍എസ്എസ് വല്‍കരിക്കാന്‍ തുഷാര്‍ വെള്ളാപ്പള്ളിയും വെള്ളാപ്പള്ളി നടേശന്റെ പ്രീതി നടേശനും നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

vasavan-vellappally

‘ശ്രീനാരായണ ഗുരുവിന്റെ ദാര്‍ശനിക നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ച് പിന്നാക്ക വിഭാഗങ്ങളെ ഉദ്ധരിക്കുന്നതിനുവേണ്ടി നടന്ന പ്രവര്‍ത്തനങ്ങള്‍ വഴിയും ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനങ്ങള്‍ നടത്തിയ പോരാട്ടങ്ങളിലൂടെയുമാണ് ഈ വിഭാഗങ്ങള്‍ പ്രബലമായ ശക്തിയായത്. എന്നാല്‍ ഇപ്പോഴത്തെ എസ്എന്‍ഡിപി നേതൃത്വത്തിലെ പലരും ആ ആദര്‍ശങ്ങള്‍ക്ക് വിരുദ്ധമായ സമീപനം കൈക്കൊണ്ടതിനെക്കുറിച്ച് അവര്‍ തന്നെ വിമര്‍ശനപരമായി പരിശോധിക്കണം. രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചപ്പോള്‍ ഇടതുപക്ഷം ന്യൂനപക്ഷത്തിന് കീഴ്പ്പെട്ടുവെന്നാണ് വെള്ളാപ്പള്ളി ആരോപിച്ചത്’. എന്നാല്‍ കേന്ദ്ര മന്ത്രിസഭയില്‍ ഒരു മുസ്‍ലിമിനെപ്പോലും ഉള്‍പ്പെടുത്താത്തതിനെക്കുറിച്ച് എസ്എന്‍ഡിപി നേതൃത്വം മിണ്ടിയില്ലെന്നും ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.

mv-govindan

ഈഴവരും തീയരും തന്നെയാണ് ഇടതുപക്ഷ പ്രസ്ഥാനത്തിന്റെയും പുരോഗമന പ്രസ്ഥാനത്തിന്റെയും നട്ടെല്ലായി  പ്രവര്‍ത്തിച്ചിരുന്നത്. ഇപ്പോഴും അങ്ങനെ തന്നെയാണ്. അതില്‍ വര്‍ഗീയ ധ്രുവീകരണത്തിനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. അത്തരം നീക്കങ്ങളെ പാര്‍ട്ടിക്ക് ഫലപ്രദമായി പ്രതിരോധിക്കാന്‍ കഴിയും എന്നുതന്നെയാണ് കരുതുന്നത്. മതനിരപേക്ഷ കേരളത്തിന് അനുയോജ്യമായ നിലപാടല്ല ഇതെന്ന് എല്ലാ വിഭാഗം ജനങ്ങളും മനസിലാക്കും വര്‍ഗീയ ധ്രുവീകരണശ്രമത്തെ ജനങ്ങള്‍ ശക്തിയായി എതിര്‍ക്കുകയും ചെയ്യും. സിപിഎം എപ്പോഴും തിരുത്തലിന് വിധേയമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് സംസ്ഥാന സെക്രട്ടറി പറഞ്ഞു. വളരെ വേഗം ഭാവിപ്രവര്‍ത്തനം സംബന്ധിച്ച ഫലപ്രദമായി ഇടപെടല്‍ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ENGLISH SUMMARY:

CPM state secretary M.V. Govindan attributed the party's Lok Sabha election defeat to a loss of Ezhava votes, alleging that Vellappally Natesan, his wife, and son supported the BJP's agenda through BDJS. He criticized the SNDP leadership for deviating from Sree Narayana Guru's principles and aligning with communal forces. Govindan emphasized the historic role of the Ezhava community in progressive movements and predicted that the party would effectively counter communal polarization. He also highlighted that CPM operates with a willingness to reform and plans to address future actions promptly.