vasavan-or-kelu

ഒന്നാമൂഴക്കാരാല്‍ സമ്പന്നമായിരുന്നു പിണറായി സര്‍ക്കാരിന്‍റെ രണ്ടാമൂഴം. സിപിഎം മന്ത്രിമാരില്‍ നാലുപേര്‍ കന്നി എംഎല്‍എമാരായിരുന്നു. പി.എ. മുഹമ്മദ് റിയാസ്, ഡോ.ആര്‍. ബിന്ദു, പി. രാജീവ്, കെ.എന്‍. ബാലഗോപാല്‍ എന്നിവര്‍ ആദ്യമായാണ് നിയമസഭയിലെത്തിയത്. എന്നാല്‍ പി. രാജീവിനും കെ.എന്‍. ബാലഗോപാലിനും രാജ്യസഭാ പരിചയത്തിന്‍റെ പിന്‍ബലമുണ്ടായിരുന്നു. ബാലഗോപാലാകട്ടെ വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പൊളിറ്റിക്കല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു. 

പിണറായി 2.0 യില്‍  21 മന്ത്രിമാരില്‍ 17 പേര്‍ ആദ്യമായി മന്ത്രിമാരാകുന്നവരായിരുന്നു. രണ്ടാം പിണറായി സര്‍ക്കാരിന് അധികാരമേല്‍ക്കുംമുമ്പ് ചെയ്യാന്‍ ഏറെയുണ്ടായിരുന്നു. താന്‍ ഒഴികെയുള്ള ഒന്നാം പിണറായി സര്‍ക്കാരിലെ അംഗങ്ങളെ ഒഴിവാക്കുക എന്നതായിരുന്നു അതില്‍ ആദ്യത്തേത്. കെ.കെ. ശൈലജയുടെ കാര്യത്തിലൊഴികെ വലിയ തലവേദനകളില്ലായിരുന്നു. ശൈലജയുടെ കാര്യത്തിലാകട്ടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലുള്‍പ്പെടെ കാംപയിന്‍ ശക്തം. കോവിഡ് നല്‍കിയ വലിയ ഇമേജിന്‍റെ പിന്‍ബലത്തെ ശൈലജയും അനുകൂലികളും സംശയിച്ചില്ലെങ്കിലും ആ ഇമേജ് കണ്ടെല്ലെന്ന് നടിക്കാനായിരുന്നു പിണറായി വിജയന്‍റെ തീരുമാനം. 

പുത്തന്‍ മന്ത്രിമാര്‍ എന്ന വിപ്ലവ തീരുമാനം സിപിഎം പ്രഖ്യാപിച്ചു, നടപ്പിലാക്കി. പിണറായി വിജയനല്ലാതെ മുഴുവന്‍ ടേം മന്ത്രിയായ പരിചയം ഉണ്ടായിരുന്നത് കെ. രാധാകൃഷ്ണന് മാത്രം. ശബരിമല നിലപാടിന്‍റെ കറ മാറ്റുക, ശൈലയ്ക്ക് മന്ത്രിസ്ഥാനം നല്‍കാത്തതിന്‍റെ വിവാദം ഒഴിവാക്കുക തുടങ്ങിയ വിവിധ പ്രശ്നങ്ങള്‍ക്കുള്ള ഒറ്റമൂലിയായി പിന്നാക്കക്കാരന് ദേവസ്വം മന്ത്രിസ്ഥാനം എന്ന വജ്രായുധം പിണറായി മുഖ്യന്‍ പ്രയോഗിച്ചു. കെ. രാധാകൃഷ്ണന്‍ ദേവസ്വം, പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക ക്ഷേമ മന്ത്രിയായി. പാര്‍ലമെന്‍ററികാര്യവും രാധാകൃഷണന് നല്‍കി. ശബരിമല വിപ്ലവത്തിന്‍റെ മുറിവ് മാറ്റാനുള്ള മറ്റൊരു നവോത്ഥാന വിപ്ലവമായി ഇടത് പ്രൊഫൈലുകള്‍ ഇതിനെ ആഘോഷിച്ചു. ശബരിമല യുവതീ പ്രവേശവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍  പഴികേട്ട നാളുകള്‍ റദ്ദ് ചെയ്യപ്പെടുന്നുവെന്ന് ഇടതുപക്ഷം വിശ്വസിക്കുകയും ചെയ്തു. ദേവസ്വം വകുപ്പിനെതിരെ രംഗത്തെത്തിയ സമുദായ സംഘടനകളെ നിശബ്ദമാക്കാന്‍പോന്ന നീക്കം. എല്ലാത്തിനുമുപരി കെ.കെ. ശൈലജയ്ക്ക് മന്ത്രിസ്ഥാനം നിഷേധിച്ചു എന്നുയര്‍ന്നു തുടങ്ങിയ എതിര്‍ സ്വരത്തെ നവോത്ഥാനത്തിന്‍റെ തരിമ്പുകാണിച്ച് കൈയ്യടിയാക്കി മാറ്റാന്‍ പോന്ന മാജിക്. 

അര്‍ഹതയ്ക്ക് അംഗീകാരം

തൃശൂർ കേരള വർമ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയായാണ് കെ. രാധാകൃഷ്ണന്‍റെ രാഷ്ട്രീയ‌ ജീവിതത്തിന്‍റെ തുടക്കം. ചേലക്കര ഏരിയ സെക്രട്ടറി, തൃശൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചു.  കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെയും ഗ്രന്ഥശാലാ സംഘത്തിന്റെയും സമ്പൂർണ സാക്ഷരതാ യജ്ഞത്തിന്റെയും മുൻനിരയിലുണ്ടായിരുന്നു. 1991ൽ വള്ളത്തോൾ നഗർ ഡിവിഷനിൽനിന്നു തൃശൂർ ജില്ലാ കൗൺസിലിലേക്കു ജയം.  1996 ൽ ചേലക്കരയിൽനിന്നു നിയമസഭയിലേക്ക് ആദ്യജയം. ആദ്യ അവസരത്തിൽത്തന്നെ മന്ത്രിപദവി. ഇ.കെ. നായനാർ മന്ത്രിസഭയിൽ പട്ടിക ജാതി - പട്ടിക വർഗ ക്ഷേമം, യുവജനകാര്യം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തു. 2001ൽ സീറ്റു നിലനിർത്തി. പ്രതിപക്ഷ വിപ്പായി. 2006 ൽ സ്പീക്കർ. 2011 ലും ചേലക്കര നിന്നു വിജയിച്ചു. 2016 ൽ മത്സരിച്ചില്ല.സിപിഎം കേന്ദ്ര കമ്മിറ്റി അംഗം. ജില്ലാ സെക്രട്ടറിയായും പട്ടികജാതി ക്ഷേമ സമിതി സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. വീണ്ടും നിയമസഭയിലേക്ക് മല്‍സരിപ്പിച്ചപ്പോള്‍ത്തന്നെ എല്‍ഡിഎഫ് ജയിച്ചാല്‍ രാധാകൃഷ്ണന്‍ മന്ത്രിയാകും എന്നില്‍ സംശയയം ഇല്ലായിരുന്നു. പിണറായി വിജയനെന്ന മുഖ്യമന്ത്രിയുടെ വിപ്ലവ തീരുമാനത്തെ ഇടതനുകൂലികള്‍ വാഴ്ത്തി. 

പുതുമുഖങ്ങള്‍ തിളങ്ങട്ടെ

ഈ തീരുമാനം രണ്ടാം പിണറായി സര്‍ക്കാര്‍ നടപ്പിലാക്കുമ്പാള്‍ അത് ഇരട്ട ചങ്കിന്‍റെ ധൈര്യം എന്നാണ് പാര്‍ട്ടി അനുകൂലികള്‍ പറഞ്ഞത്. പുതുമുഖമായ മുഹമ്മദ് റിയാസുള്‍പ്പെടെ മന്ത്രിമാരായി. പൊതുമരാമത്ത് ടൂറിസം വകുപ്പുകള്‍ റിയാസിന് കിട്ടി. ധനകാര്യം നിയമം വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളെല്ലാം പുതുമുഖങ്ങളെ ഏല്‍പ്പിച്ചു. അങ്ങനെ രണ്ടാം പിണറായി സര്‍ക്കാര്‍ മുന്നോട്ടു പോകുമ്പോഴാണ് ലോക്സഭാ തിരഞ്ഞെടുപ്പ് വരുന്നതും കെ. രാധാകൃഷ്ണന്‍ മല്‍സരരംഗത്തേക്ക് നിയോഗിക്കപ്പെടുന്നതും. ഒരുതരിക്കനലായി മാറിയ രാധാകൃഷ്ണന്‍ കേരളത്തില്‍നിന്ന് ഡല്‍ഹിയിലേക്ക് പറച്ച് നടപ്പെട്ടു. ദേവസ്വം ഉള്‍പ്പെടെയുള്ള മന്ത്രിസ്ഥാനം രാജിവച്ചു. പകരം മാനന്തവാടി എംഎല്‍എ ഒ.ആര്‍. കേളു മന്ത്രിയായി. കെ രാധാകൃഷ്ണന് പകരമെത്തിയ പട്ടികവര്‍ഗക്കാരനായ ഒ.ആര്‍. കേളുവിന് നല്‍കിയത്  പട്ടികജാതി–പട്ടികവര്‍ഗ വകുപ്പ്മാത്രം. കെ. രാധാകൃഷ്ണന്‍റെ സമുദായം ഉയര്‍ത്തിക്കാട്ടി മൂന്നുവര്‍ഷം മുന്‍പ് പറഞ്ഞ ദേവസ്വം മന്ത്രിസ്ഥാന നവോത്ഥാനം റദ്ദ് ചെയ്യപ്പെട്ടു. പരിചയക്കുറവാണ് തന്‍റെ പ്രശ്നമെന്ന് പറഞ്ഞ് കേളു പാര്‍ട്ടിയോട് മാന്യതയും വിധേയത്വവും കാണിച്ചു. പാര്‍ലമെന്‍ററികാര്യം ഭരിക്കാനാണ് ഈ പരിചയക്കുറവിന്‍റെ പ്രശ്നം കേളു പറഞ്ഞത്. പാര്‍ട്ടിയുടെ നിലപാടും അതുതന്നെ. എന്നാല്‍ ദേവസ്വം വകുപ്പ് എടുത്തുമാറ്റിയതിനെക്കുറിച്ച് ഇതുവരെയും പാര്‍ട്ടിയോ ഉത്തരവാദിത്തപ്പെട്ടവരോ പ്രതികരിച്ചിട്ടില്ല. വി.എന്‍. വാസവന് ദേവസ്വം വകുപ്പ് അധികമായി നല്‍കി. 

പിണറായി സര്‍ക്കാരില്‍ വയനാടിന്റെ ആദ്യമന്ത്രി. പട്ടികവര്‍ഗത്തില്‍ നിന്ന് സി.പി.എമ്മിന്റെ ആദ്യത്തെ മന്ത്രി എന്നീ അവകാശവാദങ്ങള്‍ക്ക് മാത്രമാണ് ഒ.ആര്‍. കേളു അര്‍ഹതപ്പെട്ടത് എന്നാണ് സിപിഎം  നിശബ്ദമായി പറയുന്നതും കാണിച്ചുതരുന്നതും. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും ആദിവാസിക്ഷേമസമിതി സംസ്ഥാനപ്രസിഡന്റുമാണ് അമ്പത്തിനാലുകാരനായ ഒ.ആര്‍.കേളു. 2016 മുതല്‍ മാനന്തവാടി എം.എല്‍.എയാണ്. തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ ഇടയൂര്‍ക്കുന്ന് വാര്‍ഡില്‍നിന്ന് 2000ല്‍ ഗ്രാമപഞ്ചായത്ത് അംഗമായാണ് തുടക്കം. 2005ലും 2010ലുമായി  10 വര്‍ഷം തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി. കുറിച്യ സമുദായക്കാരനായ കേളു പട്ടികജാതി-പട്ടികവർഗ പിന്നാക്ക ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതിയുടെ ചെയർമാൻ കൂടിയാണ്. പരിചയക്കുറവിന്‍റെ തരിമ്പ് എത്ര തിരഞ്ഞാലും കാണാന്‍ പറ്റില്ല. പുതുമുഖങ്ങളെ മന്ത്രിയാക്കിയതില്‍ അഭിരമിക്കുന്ന സര്‍ക്കാരിന് കേളുവിന്‍റെ കനല്‍ വഴികവ്‍ കണ്ടില്ലെന്ന് നടിക്കാന്‍ പക്ഷേ വലിയ പാടുണ്ടായില്ല 

നവോത്ഥാനം മാറ്റിവച്ചതിലെ രാഷ്ട്രീയം

അഞ്ച് ദിവസത്തെ സിപിഎം സംസ്ഥാന കമ്മിറ്റി കഴിഞ്ഞു. എന്തുകൊണ്ട് തോറ്റു എന്ന ചോദ്യത്തിനുള്ള പ്രധാന ഉത്തരങ്ങള്‍ പാര്‍ട്ടി വിട്ടുകളഞ്ഞു. പകരം ഉപചോദ്യങ്ങളുടെ ഉത്തരവുമായാണ് പാര്‍ട്ടി സെക്രട്ടറി മാധ്യമങ്ങളെ കണ്ടത്. ഈഴവ വോട്ടുകള്‍ ഇക്കുറി പാര്‍ട്ടിയെ ചതിച്ചു എന്നൊരു കണ്ടെത്തല്‍ സിപിഎം നടത്തിയിട്ടുണ്ട്. വി.എന്‍. വാസവനിലേക്ക് ദേവസ്വം വകുപ്പ് പോയപ്പോള്‍ അതിലൊരു പ്രീണന താമ്പൂലം ആരെങ്കിലും കണ്ടിട്ടുണ്ടെങ്കില്‍ അവരെ കുറ്റം പറയുക വയ്യ. ജി. സുധാകരന്‍ കൈകാര്യം ചെയ്തിരുന്ന പൊതുമരാമത്ത് വകുപ്പ്  മുഹമ്മദ് റിയാസിന് നല്‍കിയപ്പോളും ആദ്യമായി മന്ത്രിയായ എം.ബി. രാജേഷിന് ഗോവിന്ദന്‍ മാഷിന്‍റെ മന്ത്രിസ്ഥാനങ്ങള്‍ അപ്പാടെ നല്‍കിയപ്പോളും കൈവിറക്കാതിരുന്ന സിപിഎമ്മിന് ഒ.ആര്‍. കേളുവിന് പാര്‍ലമെന്‍ററികാര്യവും ദേവസ്വവും വകുപ്പുകള്‍ നല്‍കാനുള്ള ധൈര്യമില്ല. പട്ടികജാതി പട്ടികവര്‍ഗക്കാരന് പിന്നാക്ക ക്ഷേമം നല്‍കണം എന്നതിന്‍റെ ലോജിക്കില്‍നിന്ന് വ്യതിചലിക്കാനാകാതെ നിന്നുകൊണ്ട് നവോത്ഥാനത്തിന്‍റെ കോട്ടുവായിടുന്നവരോട് നിങ്ങളുടേത് പൊയ്മുഖമാണ് എന്ന് പറയാതെ വയ്യ. 

ജനുവരിയില്‍ കണ്ണൂര്‍ പയ്യന്നൂര്‍ നമ്പ്യാത്ര കൊവ്വല്‍ ക്ഷേത്രത്തിലെ ഉദ്ഘാടന ചടങ്ങില്‍ മന്ത്രി കെ. രാധാകൃഷ്ണന്‍റെ കൈയ്യില്‍ കൊടുക്കാതെ പൂജാരിമാര്‍ വിളക്ക് നിലത്തുവച്ചു. പാര്‍ട്ടിയോ സര്‍ക്കാരോ അതില്‍ അസ്വാഭാവികമായി ഒന്നും കണ്ടില്ല, പ്രതികരിച്ചില്ല. എന്നാല്‍ നവോത്ഥാനത്തിന്‍റെ അധിക ഭാരങ്ങള്‍ അവകാശപ്പെടാത്ത പൊതുജനത്തിന് ആ വിളക്കുതിരിയില്‍ നിന്ന് പൊള്ളലുണ്ടായി. അവര്‍ പ്രതികരിക്കുകയും ചെയ്തു. അന്ന് കെ. രാധാകൃഷ്ണന് ഉണ്ടായ അപമാനത്തിലും വലുതാണ് കേളുവിനോട് പാര്‍ട്ടി ഇപ്പോള്‍ ചെയ്തിരിക്കുന്നത്. നവോത്ഥാനത്തിന്‍റെ അടുത്ത സീസണിനായി കാത്തിരിക്കാം. അതുവരെ ഇടത് പ്രൊഫൈലുകള്‍ മറ്റ് ക്യാപ്സൂളുകള്‍ വിതരണം ചെയ്യേണ്ടതാണ്

ENGLISH SUMMARY:

After the resignation of Radhakrishnan, why was Kelu not given the Devaswom department?