മന്ത്രി മുഹമ്മദ് റിയാസിനെ കടകംപള്ളി സുരേന്ദ്രൻ ഉന്നമിടുന്നത് ഇതാദ്യമല്ല. ഇക്കഴിഞ്ഞ ജനുവരിയിൽ തലസ്ഥാനത്തെ സ്മാർട്ട് സിറ്റി പദ്ധതി ഇഴഞ്ഞുനീങ്ങുന്നതിൽ കടകംപള്ളിക്കും റിയാസിനുമിടയിലുണ്ടായ വാക്പോര് ഏറെ ചർച്ചയായിരുന്നു. ആക്കുളം പദ്ധതിയുടെ പേരിൽ ടൂറിസം വകുപ്പിനെ വിമർശിച്ച് റിയാസിനെ കടകംപള്ളി ഉന്നമിടുമ്പോൾ പാർട്ടിക്കുള്ളിലെ പോരാണ് പുറത്താകുന്നത്.
ഇന്നും തലസ്ഥാനത്തിന്റെ ദുരിതക്കഥയായി മാറിയിരിക്കുന്ന സ്മാർട്ട് സിറ്റി പദ്ധതിക്കെതിരെ ജനുവരി 28ന് കടകംപള്ളി നടത്തിയ ഈ വിമർശനം മന്ത്രി മുഹമ്മദ് റിയാസിനെ പൊള്ളിച്ചിരുന്നു. കരാറുകാരും കടകംപള്ളിയും തമ്മിൽ ബന്ധം ആരോപിക്കുന്ന തരത്തിലായിരുന്നു റിയാസിന്റെ പൊള്ളിക്കൽ മറുപടി.
ഇതോടെ പാർട്ടിക്കുള്ളിൽ വിഷയം ചർച്ചയായി. പിൻവാങ്ങാൻ നിർദേശം വന്നതോടെ വെടിനിർത്തൽ പ്രഖ്യാപിച്ച കടകംപള്ളി റിയാസിനൊപ്പമുള്ള ചിത്രം പങ്കുവച്ച് എല്ലാം കോപ്ളിമെന്റ്സാക്കി. എന്നാൽ, തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പാർട്ടി കമ്മിറ്റികൾ മുഖ്യമന്ത്രി ഉൾപ്പെടെ രൂക്ഷ വിമർശനം നേരിടുമ്പോൾ ആക്കുളം കായൽ പുനരുജ്ജീവന പദ്ധതിയിലൂടെ റിയാസിനെ ഒരിക്കൽ കൂടി കടകംപള്ളി ഉന്നമിടുകയാണ്.
ചട്ടക്കൂടിനുള്ളിൽ നിന്നായിരുന്നു റിയാസിന്റെ മറുപടി ചട്ടപ്രകാരമുള്ള മറുപടി പറഞ്ഞ് തൽക്കാലം റിയാസ് വിവാദം ഒഴിവാക്കിയെങ്കിലും പാർട്ടിക്കുള്ളിൽ വിഷയം ചൂടുപിടിച്ചുകഴിഞ്ഞു.