Assembly-Tp

ഇനിയും തീര്‍ന്നില്ലേ ടി.പി.ചന്ദ്രശേഖരനോടുള്ള പക? ഈ ചോദ്യം ആരും ആവര്‍ത്തിച്ച് ചോദിച്ചുപോകും കഴിഞ്ഞ ഒരാഴ്ചയിലെ നിയമസഭയിലെ സംഭവവികാസങ്ങള്‍ ശ്രദ്ധിച്ചാല്‍. ടിപിയെ വെട്ടിക്കൊന്ന കൊലയാളികള്‍ക്ക് ശിക്ഷാ ഇളവിന് നീക്കം എന്ന വാര്‍ത്തയോടെയാണ് ആഴ്ച പിറന്നത്. ജൂണ്‍ 25 -ന് പ്രതിപക്ഷം ഈ ഗുരുതര വിഷയം സഭയുടെ ശ്രദ്ധയില്‍കൊണ്ടുവരാന്‍ അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കി. വടകര എം.എല്‍.എ കെ.കെ .രമയാണ് നോട്ടിസ് നല്‍കിയത്. ഇതോടെയാണ് ഔദ്യോഗിക മുഖംമൂടികളൊക്കെ അഴിച്ചു വെച്ച്, പക സഭാ തലത്തിലേക്ക് പ്രവേശിച്ചത്. പകയ്ക്ക് ഏത് രൂപവും ഭാവവുമാവാം. സ്ഥാപനങ്ങളുടെ, വ്യക്തികളുടെ, പദവികളുടെ, നിയമങ്ങളുടെ, ചട്ട ഭാഷ്യങ്ങളുടെ ഒക്കെ രൂപം അതിന് സ്വീകരിക്കാനാവും. ഏത് രൂപത്തിലും അതിനു പ്രത്യക്ഷപ്പെടാനാവും. സഭയിലേക്ക് പക കടന്നുവരുമ്പോള്‍, നീതിനിഷേധം ഒപ്പം വരുന്നുണ്ട്. ഏത് വേദിയില്‍ അരങ്ങേറിയാലും, ഏത് രീതിയില്‍ നടപ്പാക്കപ്പെട്ടാലും നീതിനിഷേധം കസരേയിട്ട് ഇരിക്കുമ്പോള്‍ അവിടെ വെട്ടേറ്റ് വീഴുന്നത് ജനാധിപത്യവും വോട്ടവകാശമുള്ള ജനങ്ങളുമാണ്.

assembly-sabha

ടി.പി കേസുമായി ബന്ധപ്പെട്ട ഒരു വിഷയവും കെ.കെ.രമ സഭയില്‍ അവതരിപ്പിക്കില്ല, അതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയില്ല, സ്്പീക്കര്‍ എന്‍.എന്‍. ഷംസീര്‍ സഭാ നടപടികള്‍ക്ക് അധ്യക്ഷത വഹിക്കില്ല-ഇതാണോ ഭരണപക്ഷത്തിന്റെ നിലപാട് എന്നാര്‍ക്കും തോന്നും. ആ വിധമുള്ള കാര്യങ്ങളാണ് കേരള നിയമസഭ കണ്ടതും കേട്ടതും. അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ച് സ്്പീക്കര്‍പറഞ്ഞ വാക്കുകള്‍ വലിയ വിവാദമായി. കൊലയാളികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ ഒരു നീക്കവും നടത്തിയിട്ടില്ലെന്ന് സ്്പീക്കര്‍ക്ക് പറയാനാവുമോ എന്നായി പ്രതിപക്ഷചോദ്യം. സഭ ബഹളത്തില്‍ മുങ്ങി. ആ ദിവസത്തെ സമ്മേളനം വേഗം തീര്‍ന്നു. മീഡിയാ റൂമില്‍ മാധ്യമങ്ങളെ കാണാന്‍പ്രതിപക്ഷ നേതാക്കള്‍ക്കൊപ്പം കെ.കെ.രമയും എത്തി. 'ടിപി.കേസിലെ കുറ്റവാളികളെ സര്‍ക്കാരിനും സിപിഎമ്മിനും ഭയമാണ്, അവര്‍ സര്‍ക്കാരിനെ ബ്്‌ളാക്ക് മെയില്‍ ചെയ്യുകയാണ്, അവര്‍ തുറന്നു പറഞ്ഞാല്‍ ചിലരൊക്കെ കുടുങ്ങും' എന്നാണ് പ്രതിപക്ഷം പറഞ്ഞത്. ശിക്ഷാ ഇളവിന് ഇനിയും ശ്രമിച്ചാല്‍ പ്രക്ഷോഭം ഏതറ്റം വരെയും കൊണ്ടുപോകുമെന്ന് പറഞ്ഞ് അവസാനിപ്പിച്ചു, കെ.കെ. രമ. പതിവ് പോലെതന്നെ അവര്‍ക്ക് വികാരവിക്ഷോഭങ്ങളേ ഇല്ല, ഉള്ളിലെ തീപൊള്ളല്‍ പുറത്തുകാണിച്ചില്ല. നിര്‍വികാരമായ മുഖം. നിശ്ശൂന്യമായ കണ്ണുകള്‍. ഒരിക്കലും തീരാത്ത സങ്കടങ്ങള്‍ കൊത്തിയ ഇത്തരം ഉടലുകളാണ്, ചരിത്രത്തില്‍ നീതി നിഷേധത്തിന്റെ മുഖമായി മാറുന്നത്. അങ്ങനെയാണ് വ്യക്തികളുടെ സങ്കടം സമൂഹങ്ങളുടേതാവുന്നത്. സമൂഹത്തിന്റെ ഭാവിയെ അവ വഴിതിരിച്ചുവിടുന്നത്. അതാണ് മനുഷ്യന്‍റെ ചോരവീണാലുള്ള ചരിത്രം.

ടിപിയെ കൊന്നവരുടെ ശിക്ഷാ ഇളവ് സബ്മിഷനായി സഭയില്‍ പ്രതിപക്ഷ നേതാവ് കൊണ്ടുവന്നപ്പോള്‍ മുഖ്യമന്ത്രി സഭയില്‍ ഇല്ല. ഉച്ചക്കുള്ള ഡല്‍ഹിയാത്രയുടെ ഒരുക്കങ്ങള്‍ ഉള്ളതിനാല്‍ അദ്ദേഹം സഭയില്‍ രാവിലെ തന്നെ എത്തിയിരുന്നില്ല. സ്്പീക്കറുമില്ല, അദ്ദേഹം ചുമതല ഡെപ്യൂട്ടി സ്്പീക്കര്‍ക്ക് കൈമാറി പോയി. അങ്ങനെ സബ്മിഷന്‍. അതിനു പത്തു മിനിറ്റ് മുന്‍പ് മൂന്ന് ജയില്‍ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് ഇറങ്ങി. മുഖ്യമന്ത്രിക്കുവേണ്ടി സഭയില്‍ മറുപടി പറഞ്ഞ മന്ത്രി എം.ബി.രാജേഷിന്റെ വാക്കുകളും ആശയങ്ങളും ഈ അതിശയങ്ങള്‍ മൊത്തമായി ആവാഹിക്കുന്നതായിരുന്നു.

കെ.കെ. രമ, പിണറായി വിജയൻ.

കെ.കെ. രമ, പിണറായി വിജയൻ.

കണ്ണൂര്‍ സെന്‍ട്രല്‍ജയിലിന്റെ ചുമതല വഹിക്കുന്ന ഒരു ഡെപ്യൂട്ടി ജയില്‍സൂപ്രണ്ടും അദ്ദേഹത്തിന് കീഴിലെ രണ്ട് ഉദ്യോഗസ്ഥരുമാണത്രെ ടിപി കേസിലെ കൊലയാളികള്‍ക്ക് ശിക്ഷാ ഇളവ് വാങ്ങിക്കൊടുക്കാന്‍ ശ്രമിച്ചത്. ആഭ്യന്തര ജയില്‍വകുപ്പുകളുടെ ചുമതലയുള്ള മുഖ്യമന്ത്രി, മന്ത്രിസഭ, ഹൈക്കോടതി, നാട്ടിലെ നിയമങ്ങള്‍, ആഭ്യന്തരസെക്രട്ടറി, ഡിജിപി , ജയില്‍ ഡിജിപി, സിറ്റിപൊലീസ് കമ്മിഷണര്‍ എല്ലാവരെയും മറികടന്ന് ഈ മൂന്നുപേര്‍ ടിപി കേസ് പ്രതികളുടെ ശിക്ഷാ ഇളവിനായി നീക്കം നടത്തിയത്രെ. എന്തൊരു കഥ! കടല്‍ക്കൊള്ളക്കൊരോ മാഫിയാ തലവന്‍മാരോ മറ്റോ വേഷം മാറി ജയില്‍ ഉദ്യോഗസ്ഥരുടെ രൂപത്തിലെത്തി എന്ന വിധത്തിലൊക്കെ വികസിപ്പിക്കാവുന്ന ഉഗ്രന്‍ തിരക്കഥ. വിശദീകരണവും ന്യായീകരണവും പോരാ എന്ന് തോന്നിയതുകൊണ്ടാവാം മന്ത്രി പതിവ് ചേരുവകളോടെ മാധ്യമങ്ങളുടെ തലയില്‍ കയറി, അതാണല്ലോ ഇക്കാലത്ത് ഏറ്റവും എളുപ്പമുള്ള പ്രത്യയശാസ്ത്ര വ്യവഹാരം! ഗൂഢാലോചന, പുകമറ സൃഷ്ടിക്കല്‍, അസഹിഷ്ണുത, പ്രതിപക്ഷ പ്രീണനം, ഇടത്പക്ഷത്തോടുള്ള കലിപ്പ്, പക്ഷപാതിത്വം ഇങ്ങനെ സര്‍വ്വ കുറ്റങ്ങളും മാധ്യമങ്ങളുടെ തലയില്‍! പാവപ്പെട്ട സര്‍ക്കാര്‍ ഇങ്ങനെയൊന്നും ആലോചിച്ചിട്ടുോലുമില്ല! എത്ര ക്രൂരമാണീ ലോകം!

ഇതുകൊണ്ടും നിന്നില്ല, ഇതേ വിഷയത്തില്‍ പ്രതിപക്ഷ നേതാവിന്റെ കത്ത് സ്പീക്കര്‍ക്ക്, അതിനു സ്്പീക്കറുടെ മറുപടി. എല്ലാത്തിലും നിറഞ്ഞുനിന്നു, ജനാധിപത്യത്തിലുളള വിശ്വാസം, നിയമവാഴ്ച, നിയമസഭാ ചട്ടങ്ങള്‍ എന്നിവയോടുള്ള ആദരം. അടിയന്തരപ്രമേയത്തിന് അവതരണ അനുമതി നിഷേധിച്ചത് തന്റെ മുന്നില്‍ വന്ന രേഖകള്‍ പരിശോധിച്ച ശേഷമുള്ള ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണെന്ന് സ്്പീക്കര്‍ വിശദീകരിച്ചു. മറ്റൊന്നും തീരുമാനത്തെ സ്വാധിനിച്ചിട്ടില്ല. പ്രതിപക്ഷ പ്രതിഷേധവും ആരോപണങ്ങളും ഖേദകരമാണെന്നും നല്ല മാതൃക തീര്‍ക്കാന്‍ ശ്രമിക്കണമെന്നും കൂടി പറഞ്ഞാണ് സ്പീക്കര്‍ കത്ത് അവസാനിക്കുന്നത്. എന്ത് നല്ല മാതൃക! പക്ഷേ, സര്‍, നല്ല നിയമസഭാ പ്രവര്‍ത്തനത്തിന്റെ മാതൃക മാത്രമല്ല, ശരിയുടെ പക്ഷം മാത്രം ചേര്‍ന്നുള്ള മാതൃകകളും വേണ്ടതുണ്ട്. അതിന് ശക്തവും വ്യക്തവുമായ റൂളിങാണ് വേണ്ടത്.

അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ച് സ്‌പീക്കര്‍ പറഞ്ഞ വാക്കുകള്‍ വലിയ വിവാദമായി

ടിപി കേസിലെ പ്രതികളെ ശിക്ഷാ ഇളവ് നല്‍കി പുറത്തെത്തിക്കാന്‍ ഏതാനും ചില ജയില്‍ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണോ താല്‍പര്യം? ഇത് നിയമസഭയില്‍ ചര്‍ച്ചചെയ്യുന്നതിനോട് എന്തിനാണിത്ര വിമുഖത? രമ എന്ന നിയമസഭാ സാമാജികയുടെ അവകാശങ്ങള്‍ നിേേഷധിക്കുന്നത് ടിപിയുടെ ഭാര്യ ആയതുകൊണ്ടാണോ? ആര് ആരെയാണ് ഭയക്കുന്നത്? രമയുടെ വായടപ്പിക്കുമ്പോള്‍, സഭയിലിരുന്ന ഭരണപക്ഷ വനിതാ സാമാജികര്‍ ഏത് നീതിയുടെ പക്ഷത്താണ് നിന്നത്? ചോദ്യങ്ങള്‍ നിര്‍ഭയമായി ചോദിക്കാനല്ലെങ്കില്‍ പിന്നെന്തിനാണ് ജനായത്ത സഭകളും സംവിധാനങ്ങളും? ഒരുമനുഷ്യനെ വെട്ടിക്കൊന്നു, അതും പോരാഞ്ഞ് കൊന്നവര്‍ക്ക് കവചം തീര്‍ക്കുന്നതെന്തിനാണ്? കേരള ഹൈക്കോടതി ഇരട്ട ജീവപരന്ത്യം വിധിച്ചപ്പോള്‍ പറഞ്ഞതൊന്നും ആരും കേട്ടിട്ടില്ലേ? ഇനി സാങ്കേതികതയാണ് വിഷയമെങ്കില്‍, ഈ പ്രതികളെ- ടികെ.രജീഷ്, ട്രൗസര്‍മനോജ്, ഷാഫി, അണ്ണന്‍ സിജിത്ത് ഉള്‍പ്പെടെയുള്ളവരെ-രണ്ടാമതും റിമാന്‍ഡ് ചെയ്തത് 20 വര്‍ഷം ശിക്ഷാ ഇളവ് പാടില്ലെന്ന് പറഞ്ഞ ഇതേ കോടതി വിധിയുടെ അടിസ്ഥാനത്തിലാണെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും എങ്കിലും അറിയേണ്ടതല്ലെ? രമ മാത്രമല്ല ജനങ്ങളും മാധ്യമങ്ങളും നിയമവിദഗ്ധരും ചോദിക്കുന്ന ചോദ്യങ്ങളാണിവ. ഇതിനുത്തരമൊന്നും നിയമസഭയില്‍ കിട്ടില്ലായിരിക്കും, പക്ഷെ എന്നെങ്കിലും എവിടെയായാലും അത് കിട്ടിയല്ലേ മതിയാകൂ?

ഇതെല്ലാം കണ്ടും കേട്ടും ടി.പി ആ സന്ദര്‍ശക ഗാലറിയിലുണ്ടായിരുന്നിരിക്കാം, ഈ ആഴ്ച മുഴുവന്‍. അനേകം ചോരച്ചാലുകളും വെട്ടുകളുമായി നിന്ന അദ്ദേഹത്തിന്റെ മുഖം, അനീതിയാൽ മുറിഞ്ഞുകൊണ്ടേയിരിക്കുന്ന എല്ലാ ജനങ്ങളുടെയും മുഖം പോലെ തന്നെയായിരുന്നു.

ENGLISH SUMMARY:

Assembly Notes : Introducing our new column on Assembly discussions, authored by Sreedevi Pillai! Dive into the heart of legislative debates and discussions, where important matters are examined with a non-partisan and in-depth approach. Sreedevi brings a unique touch, blending thorough analysis with a touch of humor to keep you informed and entertained. Stay tuned for insightful and engaging coverage of the Assembly's most pressing issues.