sathhesan-sfi-ksu-sabha

Image: Sabha Tv

കാര്യവട്ടം കാംപസിലെ മര്‍ദനത്തില്‍ പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടിസ് നല്‍കി. 121–ാം നമ്പര്‍ മുറി കാര്യവട്ടം കാംപസിലെ ഇടിമുറിയാണെന്നും എസ്.എഫ്.ഐയുടെ അതിക്രമങ്ങളെ മുഖ്യമന്ത്രി ന്യായീകരിക്കുകയാണെന്നും പ്രതിപക്ഷം സഭയില്‍ ആരോപിച്ചു. എന്നാല്‍ കാര്യവട്ടം കാംപസ് ഹോസ്റ്റലില്‍ പുറത്ത് നിന്നൊരാള്‍ പ്രവേശിച്ചതാണ് തര്‍ക്കത്തിന് കാരണമായതെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. കെ.എസ്.യു–യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞു. ഹോസ്റ്റലിലെ  സംഘർഷത്തിന്റെ പേരിൽ ഏഴ് എസ്എഫ്ഐ പ്രവർത്തകർ ഉൾപ്പെടെ ഒമ്പത് പേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും നടപടികളില്‍ രാഷ്ട്രീയ വിവേചനം കാണിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ശക്തമായ അന്വേഷണം നടത്തി നടപടികള്‍ ഉണ്ടാകുമെന്നും സംഘര്‍ഷം ഒഴിവാക്കാനുള്ള മുന്‍കരുതലിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

 

ഇടിമുറികളിലൂടെ വളര്‍ന്ന സംഘടനയല്ല എസ്.എഫ്.ഐയെന്നും 35 പേര്‍ക്കാണ് ജീവന്‍ നഷ്ടമായതെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. മാധ്യമവേട്ട നേരിട്ടാണ് താന്‍ ഇവിടെ നില്‍ക്കുന്നതെന്നും അതിലൊന്നും തകര്‍ന്ന് പോവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാഹനത്തിന് മുന്നില്‍ ചാടിയവരെയാണ് പ്രവര്‍ത്തകര്‍ പിടിച്ചുമാറ്റിയത്. താന്‍കണ്ടത് ഇനിയും പറയുമെന്നും പ്രതിപക്ഷം പറയുമ്പോള്‍ കൈയടിക്കുന്നതല്ല രീതിയെന്നും അദ്ദേഹം പറഞ്ഞു. 

സഭയില്‍ പ്രതിപക്ഷ–ഭരണപക്ഷ ബഹളത്തെ തുടര്‍ന്ന് സ്പീക്കര്‍ ഇരുഭാഗത്തോടും ശാന്തരാകാന്‍ അഭ്യര്‍ഥിച്ചു. സര്‍ക്കാരിന്‍റെ അടിച്ചമര്‍ത്തലിന് വഴങ്ങില്ലെന്നും ലോ കോളജ് അധ്യാപകരെ ഇരുട്ടുമുറിയില്‍ പൂട്ടിയിട്ടുവെന്നും അദ്ദേഹം പറഞ്ഞു.  25 വര്‍ഷം സി.പി.എമ്മിന്‍റെ അധ്യാപക സംഘടനയില്‍ പ്രവര്‍ത്തിച്ച ആള്‍ എസ്.എഫ്.ഐ അക്രമം മൂലം ബിജെപിയില്‍ എത്തിയെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി.

ENGLISH SUMMARY:

Opposition raised Karyavattom attack by SFI in Assembly. Row over CM's statements that supports SFI.