satheesan-sivankutty

ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കാനിറങ്ങിയതിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച ജോയി ഭരണ സംവിധാനത്തിന്‍റെ അനാസ്ഥയുടെയും  കെടുകാര്യസ്ഥതയുടെയും ഇരയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. നിസഹായതകൊണ്ടാവാം ആ പാവം മനുഷ്യന്‍ സുരക്ഷാ സംവിധാനമില്ലാതെ മലിനജലത്തില്‍ ജോലിചെയ്യേേണ്ടി വന്നതെന്ന് വി.ഡി.സതീശന്‍ പറഞ്ഞു.  ജോയിയുടെ തിരോധാനത്തിന് പിന്നാലെ ടണ്‍കണക്കിന് മാലിന്യം ആമയിഴഞ്ചാന്‍തോടില്‍ നിന്ന് നീക്കി.  ഇത് നേരത്തെ ചെയ്യാന്‍എന്തായിരുന്നു തടസം എന്നും പ്രതിപക്ഷ നേതാവ് വാര്‍ത്താക്കുറിപ്പില്‍ ആരാഞ്ഞു. ജോയിയുടെ മാതാവിന്‍റെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എന്നാല്‍ ജോയിയുടെ മരണത്തിന് ഉത്തരവാദി ഇന്ത്യന്‍ റെയില്‍വേയാണെന്നായിരുന്നു മന്ത്രി വി. ശിവന്‍കുട്ടിയുടെ പ്രതികരണം.റെയില്‍വേ ലൈനുകള്‍ക്കിടയിലൂടെയാണ് ആമയിഴഞ്ചാന്‍ തോട് കടന്നു പോകുന്നത്. പരമാവധി നഷ്ടപരിഹാരം റെയില്‍വേ ജോയിയുടെ കുടുംബത്തിന് നല്‍കണമെന്നും ശിവന്‍കുട്ടി പറഞ്ഞു.ജോയിയുടെ കുടുംബത്തിനുള്ള നഷ്ടപരിഹാരം സംസ്ഥാന സര്‍ക്കാര്‍ ബുധനാഴ്ച തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, സ്വന്തം ഉത്തരവാദിത്തം മറയ്ക്കാനാണ് സംസ്ഥാന സര്‍ക്കാരും കോര്‍പറേഷനും കേന്ദ്രസര്‍ക്കാരിനെ പഴിചാരുന്നതെന്നായിരുന്നു മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍റെ പ്രതികരണം. കേന്ദ്രസര്‍ക്കാര്‍ നല്‍കിയ 800 കോടിയോളം രൂപ സംസ്ഥാനം എന്ത് ചെയ്തുവെന്നും അദ്ദേഹം ചോദിച്ചു.

ENGLISH SUMMARY:

Kerala govt should provide assistance for Joy's mother; demands opposition leader VD Satheesan.